സർക്കാർ വിമർശനം: മാധ്യമങ്ങൾക്കെതിരെ പ്രചാരണ പരിപാടികളുമായി സി.പി.എം
text_fieldsസര്‍ക്കാറിെൻറ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനുള്ള
ഗൂഢലക്ഷ്യം
തിരുവനന്തപുരം: സര്‍ക്കാറിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പ്രചാരണം നടത്താൻ സി.പി.എം തീരുമാനം.
കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയില്‍ നല്കിയ പ്രാഥമിക കുറ്റപത്രത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടെ വളച്ചൊടിച്ച് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സര്‍ക്കാറിെൻറ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് പിന്നില്‍. മാധ്യമങ്ങള്‍ സ്വയം മനസ്സിലാക്കി ഇതില്‍നിന്ന് പിന്തിരിയണമെന്ന് പാര്‍ട്ടി അഭ്യർഥിച്ചു. തുടര്‍ഭരണം ഇല്ലാതാക്കാൻ പുത്തന്‍ വിമോചനസമരമാണ് നടക്കുന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
പത്രമാരണനിയമം കൊണ്ടുവരാനോ അത്തരം സംവിധാനങ്ങൾ നടപ്പാക്കാനോ പാർട്ടിയും സർക്കാറും ആഗ്രഹിക്കുന്നില്ല. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധത മുൻനിർത്തി കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിച്ചാണ് ഭൂരിഭാഗം മാധ്യമങ്ങളും മുന്നോട്ടുപോകുന്നത്. അതിനുള്ള ഉദാഹരണമാണ് കേന്ദ്ര കാര്‍ഷിക-തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കാത്തതെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപിച്ച 100 ദിന പരിപാടികളില്‍ 40 ദിവസം കൊണ്ട് 40 എണ്ണം പൂര്‍ത്തിയാക്കിയ സര്‍ക്കാറാണിത്.
ഇതൊന്നും ജനങ്ങളിലെത്തിക്കാതെ രാഷ്ട്രീയ ലക്ഷ്യംെവച്ച് ഒരുവിഷയം തന്നെ നിരവധി തവണ ചർച്ചചെയ്യുന്നു. എന്‍ഫോഴ്സ്മെൻറ് കുറ്റപത്രത്തില്‍ ഒരിടത്തും മുഖ്യമന്ത്രി പറഞ്ഞാണ് സ്വപ്നക്ക് ജോലി നല്‍കിയതെന്ന് പറഞ്ഞിട്ടില്ല.
സ്വപ്ന അങ്ങനെ പറഞ്ഞുവെന്ന് മാത്രമാണുള്ളത്. മാധ്യമങ്ങളുടെ പിന്തുണയോടെ വളർന്ന പാർട്ടിയല്ല സി.പി.എം. വേണമെങ്കില്‍ മാധ്യമങ്ങളുമായി സംവാദത്തിന് തയാറാണ്.
അല്ലെങ്കില്‍ മാധ്യമങ്ങള്‍ നല്കുന്ന വാസ്തവവിരുദ്ധ വാര്‍ത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടേണ്ടിവരും. അതിന് പാര്‍ട്ടിയെ സജ്ജമാക്കി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.