സവർണ സംവരണത്തെചൊല്ലി എ.െഎ.വൈ.എഫിൽ പൊട്ടിത്തെറി; കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രമേയം വോട്ടിനിടാൻ തയ്യാറായില്ല
text_fieldsതിരുവനന്തപുരം: സവർണ സംവരണത്തെചൊല്ലി സി.പി.െഎ യുവജന വിഭാഗമായ എ.െഎ.വൈ.എഫ് സമ്മേളനങ്ങളിൽ പൊട്ടിത്തെറി. പാർട്ടി ശക്തി കേന്ദ്രമായ കൊല്ലത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടെങ്കിലും വോട്ടിനിടാൻ പ്രസീഡിയം തയ്യാറായില്ല. പകരം, പ്രമേയം സംസ്ഥാന കമ്മിറ്റിക്കു വിട്ടു എന്ന് അറിയിക്കുകയാണ് ചെയ്തത്. തൃശൂർ ജില്ലയിയിലെ എല്ലാ മണ്ഡലം സമ്മേളനങ്ങളിലും സാമ്പത്തിക സംവരണം റദ്ദാക്കണം എന്ന പ്രമേയം വന്നു. ദേശീയ കമ്മിറ്റിക്കു വിടുന്നു എന്നായിരുന്നു നേതൃത്വത്തിെൻറ മറുപടി. ജില്ലയിയിലെ സി.പി.ഐ. ശക്തികേന്ദ്രമായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഔദ്യോഗിക പ്രമേയമായി തന്നെ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം എന്ന പ്രമേയം അവതരിപ്പിക്കപ്പെടുകയായിരുന്നു. പ്രമേയം ഐക്യകണ്ഠ്യേന പാസാക്കപ്പെട്ടു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സമ്മേളനത്തിലും എറണാംകുളം ജില്ലയിലെ വൈപ്പിൻ സമ്മേളനത്തിലും പ്രമേയം പാസാക്കപ്പെട്ടതായാണ് വിവരം. സി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ നടക്കുന്ന ഈ സമ്മേളനങ്ങൾക്ക് സി.പി.ഐ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. എ.ഐ.എസ്.എഫിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികളും സവർണ സംവരണത്തിന് എതിരാണ്. ജില്ല, സംസ്ഥാന നേതാക്കൾ വരെ മുൻപ് പൊഫൈൽ പിക്ച്ചർ മാറ്റി പരസ്യ പ്രതിഷേധം അറിയിച്ചത് ചർച്ചയായിരുന്നു.സി.പി.ഐ നേതൃത്വം സവർണ്ണതയ്ക്ക് കീഴടങ്ങുന്നു എന്ന വിമർശനം യുവാക്കളിൽ ശക്തമാണ്. എ.െഎ.വൈ.എഫ് സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രമേയങ്ങളുടെ പൂർണരൂപം താഴെ:
നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കുക.
സാമൂഹ്യനീതിയെക്കുറിച്ചുള്ള ഇന്ത്യൻ ഭരണഘടനയുടെ സങ്കൽപ്പങ്ങളെ അട്ടിമറിച്ചു കൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണം. സഖാവ് ഡി രാജ ഉൾപ്പെടെയുള്ളവർ രാജ്യസഭയിൽ ഉയർത്തിയ എതിർപ്പിനെ വകവക്കാതെയാണ് കേന്ദ്രം ഇതു പാസാക്കിയത്.ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള കേസുകൾ സുപ്രീം കോടതി പരിഗണിക്കുകയാണ്. ഈ സാഹചര്യത്തിലും വേണ്ടത്ര പഠനമില്ലാതെ തയ്യാറാക്കിയതെന്ന് സ്വയം സമ്മതിക്കുന്ന ശശിധരൻ നായർ കമ്മീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേരളത്തിൽ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കനുസരിച്ചുള്ള പദ്ധതികൾ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഭരണഘടനയുടെ അടിസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നും, ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെൻറും വിവിധ സംസ്ഥാന സർക്കാരുകളും പ്രഖ്യാപിച്ച ആനുകൂല്യങ്ങളും പദ്ധതികളും പിൻവലിക്കണമെന്നും പ്രമേയം വഴി സർക്കാരുകളോട് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.