എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ വിമർശനം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ വിമർശനം. കോവിഡ് കാലത്തും സേവനസന്നദ്ധരായ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് അംഗങ്ങളോടുള്ള നീതികേടാണ് സർക്കാർ തീരുമാനമെന്നാണ് വിമർശനം. സ്കൂൾ കലാകായിക മേളകൾ നടന്നില്ലെങ്കിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഇവർക്ക് അർഹമായ ഗ്രേസ് മാർക്ക് നൽകണമെന്നാണ് ആവശ്യം. വിദ്യാർഥികളും അധ്യാപകരും സർക്കാർ തീരുമാനത്തിൽ പ്രതിഷേധത്തിലാണ്. എൻ.എസ്.എസ് അംഗങ്ങളായ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ പഠനകാലത്ത് സപ്തദിന ക്യാമ്പിൽ പെങ്കടുക്കുകയും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തവരാണ്.
പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നവർക്കായി 15 ലക്ഷത്തോളം മാസ്ക്കുകളുടെ നിർമാണത്തിലും ഇവരുടെ പങ്കാളിത്തമുണ്ടായി. കോവിഡ് ഒന്നാം തരംഗകാലത്ത് വിവിധ സേവനപ്രവർത്തനങ്ങളിൽ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ പങ്കാളികളായി. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങളെത്തിക്കുക, പ്രതിരോധത്തിന് ധനസമാഹരണം നടത്തൽ, ഡിജിറ്റൽ പഠന സൗകര്യമില്ലാത്തവർക്കായി പഠനോപകരണങ്ങൾ വാങ്ങിനൽകൽ, രക്തദാനം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടന്നു.
എന്നാൽ, സ്കൂൾ തുറക്കാതിരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകുന്നത് നീതീകരിക്കാനാകില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകുന്നത് വിവാദമാകുമെന്ന ആശങ്കയും വകുപ്പിനുണ്ട്.
അതേസമയം ഗ്രേസ്മാർക്കുകൂടി പ്രതീക്ഷിച്ച് സാമൂഹിക സേവന പ്രവർത്തനങ്ങൾക്കിറങ്ങിയ വിദ്യാർഥികളെ സർക്കാർ ചതിക്കുകയായിരുന്നെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് ആർ. അരുൺകുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.