ഒപ്പംനിന്നവരെപ്പോലും മുഖംനോക്കാതെ വിമർശിച്ചു
text_fieldsകൊച്ചി: രാഷ്ട്രീയഭാവി അവസാനിച്ചു പോയേക്കാവുന്ന വിവാദങ്ങളെപ്പോലും പതറാതെ നേരിട്ട ചങ്കുറപ്പ്. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, തെറ്റെന്ന് തോന്നിയാൽ ഒപ്പംനിന്നവരെപ്പോലും മുഖംനോക്കാതെ വിമർശിക്കാൻ കാട്ടിയ ധൈര്യം. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ ആശയത്തോടുള്ള അവസാനിക്കാത്ത പ്രതിബദ്ധതയും അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനവും. ആരെയും ആകർഷിക്കുന്ന പ്രസംഗപാടവം.
ടി.എച്ച്. മുസ്തഫ എന്ന പെരുമ്പാവൂരുകാരൻ കരുത്തനായ കോൺഗ്രസ് നേതാവിലേക്ക് വളർന്നത് ഈ ഗുണഗണങ്ങൾ കൊണ്ടാണ്. കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. 1952ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആലുവയിലെ കീഴ്മാട് സന്ദർശിച്ചപ്പോൾ പൂവുമായി സ്വീകരിക്കാൻ അണിനിരന്ന കുട്ടികളിൽ മുസ്തഫയുമുണ്ടായിരുന്നു.
പതിനാറാം വയസ്സില്‍തന്നെ സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ. കരുണാകരന് പക്ഷത്തിനൊപ്പം ചേര്‍ന്നു. കരുണാകരന് പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പല്ലും നഖവും ഉപയോഗിച്ച് നേതാവിനെ സംരക്ഷിക്കാന്‍ കൂടെനിന്നു.
പടിപടിയായി ഉയർന്ന് പാർട്ടിയുടെ ഉന്നത പദവികളും നിയമ സഭാംഗത്വവും മന്ത്രിപദവുമൊക്കെ ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായിട്ടായിരുന്നു.വിവാദങ്ങൾ വിടാതെ പിന്തുടർന്ന നേതാവാണ് ടി.എച്ച്. മുസ്തഫ. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പല പ്രതികരണങ്ങളും പലപ്പോഴും മുസ്തഫയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
എന്നാൽ, കാര്യമുള്ളതുകൊണ്ടാണ് പറഞ്ഞതെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്ന അദ്ദേഹം പറഞ്ഞതിൽനിന്ന് പിന്നാക്കം പോയ ചരിത്രമില്ല. ഐ ഗ്രൂപ്പിന്റെ കരുത്തനായി നിൽക്കുമ്പോഴും വയലാർ രവിയും എ.കെ. ആന്റണിയുമടക്കം മുതിർന്ന നേതാക്കളോടെല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നു.
എന്നാൽ, നിലപാടുകളുടെയും തീരുമാനങ്ങളുടെയും പേരിൽ ഉമ്മന്‍ ചാണ്ടിയെയും ആന്റണിയെയും മുഖമടച്ച് വിമര്‍ശിക്കാനും മടികാട്ടിയില്ല. തികഞ്ഞ മതവിശ്വാസിയായിരുന്നെങ്കിലും മതത്തിന്റെയും ജാതിയുടെയും പേരിൽ ആരെയും കൂടുതൽ അടുപ്പിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തിട്ടില്ല. അവസാനനാൾ വരെ ഏത് വിഷയത്തിലും വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിത്തന്നെയായിരുന്നു മുസ്തഫ ജീവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.