വിളകൾക്ക് മതിയായ വിലയില്ല; കർഷകൻ പുറമ്പോക്കിൽതന്നെ
text_fieldsപന്തളം: ഓണം എത്തിയതോടെ പച്ചക്കറി വിപണികൾ സജീവമായെങ്കിലും കർഷകന് വില ലഭിക്കുന്നില്ല. ഇടനിലക്കാരുടെ പരക്കംപാച്ചിലാണ് എങ്ങും. പ്രതികൂല കാലാവസ്ഥയിൽ വിളകൾ വളരെപ്പെട്ടെന്ന് അഴുകാൻ സാധ്യതയുള്ളതിനാൽ കർഷകന് കാലതാമസമില്ലാതെ വിറ്റഴിക്കേണ്ടതുണ്ട്. ഈ ബുദ്ധിമുട്ടാണ് കർഷകനെ വലക്കുന്നത്. സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങൾ സർക്കാർതലത്തിൽ കുറവാണ്.
ഏത്തക്ക കിലോക്ക് പുറത്ത് 100 രൂപ വിലയുള്ളപ്പോൾ മാർക്കറ്റിലും വിപണികളിലും മതിയായ വില കർഷകർക്ക് ലഭിക്കുന്നില്ല. ഇതിനൊരു പരിഹാരമായി കഴിഞ്ഞദിവസം കുളനട കൃഷിഭവന്‍റെ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ വിപണിയിൽ ഇരട്ടിയിലധികം സാധനങ്ങളാണ് എത്തിയത്.
ഇടനിലക്കാരില്ലാതെ ആർക്കും ഈ വിപണിയിൽനിന്ന് സാധനങ്ങൾ ലേലം ചെയ്തെടുക്കാൻ കഴിയും. തുമ്പമൺ മേഖലയിലെ കൃഷിഭവനുകൾ തുടങ്ങുന്ന ഓണച്ചന്തകളിലേക്ക് ആവശ്യമായ പച്ചക്കറികളും കാർഷികോൽപന്നങ്ങളും പുറത്തുനിന്ന് വാങ്ങാതെ ഇവിടെനിന്ന് ലഭിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ലയുടെ മറ്റ് ഭാഗങ്ങളിലുള്ള ഓണച്ചന്തകൾക്കുവരെ നൽകാനുള്ള പച്ചക്കറികളും കാർഷികോൽപന്നങ്ങളും ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. കർഷകരിൽനിന്ന് ഓണച്ചന്തകൾ നേരിട്ട് സംഭരിക്കുന്ന പച്ചക്കറിക്ക് 10 ശതമാനം വില കൂടുതൽ നൽകും. എന്നാൽ, ഇങ്ങനെ ശേഖരിക്കുന്ന പച്ചക്കറികൾ മറ്റ് വിപണികളെക്കാൾ 30 ശതമാനം കുറച്ചാണ് വിൽപന നടത്തുന്നത്.
ഓരോ കൃഷിഭവനും നടത്തുന്ന ഓണച്ചന്തകൾക്ക് സബ്സിഡി നൽകുന്നതിനായി 65,000 രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കർഷകന് കൂടിയ വില നൽകുന്നതും വിലകുറച്ച് പച്ചക്കറി വിൽക്കുന്നതും.
പന്തളം തെക്കേക്കര ഉൾപ്പെടെ വലിയ ഓണച്ചന്തകളിൽ ഈ തുകകൊണ്ട് 30 ശതമാനം സബ്സിഡി നൽകാൻ ബുദ്ധിമുട്ടാണ്. ശേഷിക്കുന്ന തുക വീണ്ടും കണ്ടെത്തേണ്ടിവരും. എന്നാൽ, ചില എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററുകളിൽ പച്ചക്കറികൾക്കും മറ്റ് കാർഷികോൽപന്നങ്ങൾക്കും നഷ്ടമില്ലാത്ത രീതിയിൽ വില ലഭിക്കുന്നുണ്ട്.
പന്തളത്ത് ഓണച്ചന്തകൾ സജീവം
പന്തളം നഗരസഭയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. കുരമ്പാല മേഖലയിലെ വിവിധ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററുകളിലും വിവിധ സൊസൈറ്റികളിലും സ്ത്രീ കൂട്ടായ്മകളും കുടുംബശ്രീകളും ഓണച്ചന്തകൾ ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ പറന്തൽ, മുടിയൂർക്കോണം, കുളനട, തുമ്പമൺ എന്നിവിടങ്ങളിൽ എട്ട് ഓണച്ചന്തകളാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.