ലോട്ടറി വകുപ്പിലെ കോടികളുടെ ക്രമക്കേട്: ഉന്നതരുടെ തണലിൽ അന്വേഷണ ഫയലുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൽ കോടികളുടെ ക്രമക്കേട്. ടിക്കറ്റ് വിതരണത്തിലടക്കം ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരായ പരാതികളിലും വിജിലൻസ് റിപ്പോർട്ടുകളിലും വകുപ്പോ സർക്കാറോ നടപടിക്ക് മുതിരുന്നില്ല. മന്ത്രി ഓഫിസിലെ പ്രമുഖന്റെ പിന്തുണ ഇവർക്കുശണ്ടന്നാണ് ആക്ഷേപം.
വൻകിട ലോട്ടറി ഏജന്റുമാരുമായി ഒത്തുകളിച്ച് സമ്മാനാർഹ ടിക്കറ്റുകളുടെ തുക ചെറുകിട ഏജന്റുമാർക്ക് നിഷേധിക്കുകയും കമീഷനായി കോഴ ആവശ്യപ്പെടുകയുമാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. മലപ്പുറം ജില്ലയിൽ പതിനായിരത്തിൽപരം രൂപയുടെ കമീഷൻ പാസാക്കി നൽകാൻ ജില്ല ലോട്ടറി ഓഫിസർ 37,500 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ലോട്ടറി ഡയറക്ടർ നടപടി സ്വീകരിച്ചിട്ടില്ല. ഓഡിയോ ക്ലിപ് അടക്കം തെളിവുമായാണ് ഉണ്ണികൃഷ്ണൻ എന്ന ഏജന്റ് 2021 ജനുവരി 28ന് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസും പരാതി ഡയറക്ടർക്ക് കൈമാറി. രണ്ടര വർഷം മുമ്പ് ഫിനാൻസ് വിഭാഗത്തിന്റെ പരിശോധനയിൽ മലപ്പുറം തിരൂർ ഓഫിസിലെ ടിക്കറ്റ് സ്റ്റോക്കിൽ 10 ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് കുറവാണ് കണ്ടെത്തിയത്. വൻകിട ഏജന്റ് ടിക്കറ്റ് രാവിലെ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്ഥർ സമ്മതിച്ചത്. പിന്നീട്, ഉദ്യോഗസ്ഥർ തന്നെ ഏജന്റിൽനിന്ന് കാശ് വാങ്ങി അടച്ചു. ഏജന്റിന്റെ കടയിലെ ഹാർഡ് ഡിസ്ക് ഡയറക്ടർ പിടിച്ചെടുത്ത് സി-ഡാക്കിൽ പരിശോധിച്ചതിൽ കോടികളുടെ തിരിമറി കണ്ടെത്തിയെങ്കിലും ഡയറക്ടറേറ്റിൽ ഫയൽ പൂഴ്ത്തി.
2020 ജൂലൈയിൽ തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസർ ട്രിപ്ൾ ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് ഓഫിസ് തുറന്ന് ചില വൻകിട ഏജന്റുമാർക്ക് ടിക്കറ്റ് നൽകി. എന്നാൽ, ഓഫിസ് തുറന്നതിൽ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ അഭിനന്ദിക്കുകയാണുണ്ടായതെന്നാണ് ജില്ല ലോട്ടറി ഓഫിസറായിരുന്ന ബി. സുരേന്ദ്രന്റെ വാദം. തലസ്ഥാനത്ത് വാഹനത്തിൽ എത്തിച്ചേരാവുന്ന നൂറിൽ താഴെ ഏജന്റുമാർക്കാണ് ടിക്കറ്റ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചെറുകിട ഏജന്റുമാരെ ഒഴിവാക്കി വൻകിട ഏജന്റുമാർക്കും ബിനാമികൾക്കും നൽകുകയായിരുന്നെന്നാണ് ആരോപണം. ജൂലൈ 15ന് മൂന്ന് ഏജൻസികൾക്കാണ് 96000 ടിക്കറ്റുകൾ നൽകിയതെന്ന് ഏജന്റുമാർ പറയുന്നു. 15,16,17 തീയതികളിൽ നൽകിയ 67825 ടിക്കറ്റുകൾ ഒരു വൻകിട ഏജന്റിനും അവരുടെ ബിനാമികൾക്കുമായി വീതിച്ചുനൽകുകയായിരുന്നെന്നാണ് ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.