കോടികളുടെ വായ്പ തട്ടിപ്പ്; പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: കോടികളുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ എണ്ണ ദിനേശൻ എന്ന ദിനേശനെ (54) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ് ആവശ്യത്തിനായി ഒരു കോടി രൂപ വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 3.60 ലക്ഷം രൂപ പ്രൊസസിങ് ചാർജ് ഇനത്തിൽ കൈപ്പറ്റി. ഒരു വർഷം കഴിഞ്ഞിട്ടും വായ്പ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.
പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിയതോടെയാണ് ദിനേശന്റെ തട്ടിപ്പുകഥകൾ പരാതിക്കാരൻ അറിയുന്നത്. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പ്രൗഢിയോടെ ആഡംബര കാറുകളിലാണ് പ്രതി എത്തിയിരുന്നത്.
പണം അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടുമാത്രമാണ് കൈപ്പറ്റുക. തന്റെ അക്കൗണ്ടിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണെന്നും അതിനാൽ ആദായനികുതി, ഇ.ഡി മുതലായ ഏജൻസികളുടെ അന്വേഷണം വരുമെന്നുമാണ് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചിരുന്നത്. മറ്റൊരു കേസിൽ ഒളിവിലായിരുന്ന ദിനേശൻ കോടതിയിൽനിന്ന് ജാമ്യം നേടി വെള്ളിയാഴ്ച കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ്.
ഇരിങ്ങാലക്കുടയിൽ വഞ്ചന കേസ് രജിസ്റ്റർ ചെയ്തത് ഇയാൾ അറിഞ്ഞിരുന്നില്ല. പ്രതി ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വഞ്ചന കേസുകളടക്കം വിവിധ കേസുകളിൽ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.