കോവിഡ്: ചെരിപ്പ് വിപണിയിൽ കോടികളുടെ നഷ്ടം
text_fieldsകോഴിക്കോട്: പ്രതീക്ഷകൾക്കുമേൽ ആഞ്ഞുപതിച്ച കോവിഡ് മഹാമാരി ചെരിപ്പ് വിപണിക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം. കഴിഞ്ഞ കോവിഡ് കാലത്ത് അത് 250 കോടിയോളം രൂപയുടെ നഷ്ടമാണ് മേഖലക്കുണ്ടാക്കിയത്. മലബാറിലെ പ്രധാന സീസണായ റമദാൻ നഷ്ടമായതോടെ ഏകദേശം നൂറുകോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഹോൾസെയിൽ, റീട്ടെയിൽ, മാനുഫാക്ചർ യൂനിറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 14,000ത്തോളം യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഓരോ കമ്പനികൾക്കും കോടികളുടെ നഷ്ടമാണ് കോവിഡ്മൂലം ഉണ്ടായിരിക്കുന്നതെന്ന് മേഖലയിലുള്ളവർ പറയുന്നു. 1,300 റീട്ടെയിൽ ഷോപ്പുകൾ, 600 ഹോൾസെയിൽ ഷോപ്പുകൾ, 200 മാനുഫാക്ചറിങ് യൂനിറ്റുകൾ, 200 അപ്പർ മാനുഫാക്ചറിങ് യൂനിറ്റുകൾ എന്നിവയാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. നിർമാതാക്കൾക്ക് അസംസ്കൃത വസ്തുക്കൾ ഉൾപ്പെടെ കെട്ടിക്കിടന്നുകൊണ്ടുണ്ടാകുന്ന നഷ്ടമാണ് വരുന്നത്.
ഷോപ്പുകൾക്ക് ഉൽപന്നങ്ങളുടെ നഷ്ടവും വരുന്നു. ചെരിപ്പ് വിപണി എന്നത് ഫാഷൻ ഇൻഡസ്ട്രി കൂടിയാണ്. ഓരോ സീസണും അനുസരിച്ചാണ് ഉൽപന്നങ്ങളും ഇറങ്ങുന്നത്. പെരുന്നാൾ വിപണിയിൽ ഫാൻസി ചെരിപ്പുകളാണ് കൂടുതലായി ചെലവാകുക. എന്നാൽ, ഇത്തരം ഉൽപന്നങ്ങൾ കൂടുതൽ കാലം സൂക്ഷിക്കുമ്പോൾ നശിച്ചുപോകുന്നു.
കഴിഞ്ഞ കോവിഡ് കാലത്തിനുശേഷം അസംസ്കൃത വസ്തുക്കൾക്ക് ഉൾപ്പെടെ വൻ വിലക്കയറ്റമാണുണ്ടായത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വിപണി മുന്നിൽകണ്ട് വലിയ തുക കൊടുത്ത് അസംസ്കൃതവസ്തുക്കൾ വാങ്ങി സൂക്ഷിച്ചവരാണ് നിർമാതാക്കൾ. കഴിഞ്ഞ കോവിഡ് കാലത്ത് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ വായ്പയെടുത്ത നിരവധി പേരുണ്ട്. അവർക്ക് അതിെൻറ ബാധ്യതകൂടി താങ്ങേണ്ട അവസ്ഥയിലാണ്.
പ്രതീക്ഷകൾക്ക് തിരിച്ചടി -വി.കെ.സി. റസാക്ക്
കോവിഡ് ഒന്നാം തരംഗത്തിന് ശേഷം ചെറുതായി ഉണർന്നുവന്ന വിപണി, പെരുന്നാളും സ്കൂൾ സീസണും ഒരുമിച്ച് വന്നതോടെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷക്ക് കോവിഡിെൻറ രണ്ടാം തരംഗം വൻ തിരിച്ചടിയാണ് നൽകിയതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫൂട്വെയർ ഇൻഡസ്ട്രീസ് സതേൺ റീജ്യൻ ചെയർമാൻ വി.കെ.സി. റസാക്ക് പറഞ്ഞു. നിലവിൽ സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് ജീവനക്കാരുടെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് മുഖ്യപരിഗണന നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാങ്ങി സൂക്ഷിച്ചതെല്ലാം വെറുതെയായി -ബാബു മാളിയേക്കൽ
കോവിഡ് ഒന്നാം തരംഗത്തിന് പിറകെ സർക്കാർ സഹായത്തോടെ വായ്പയെടുത്തും മറ്റും കമ്പനികൾ പച്ചപിടിച്ചുവരുകയായിരുന്നു. വലിയ വിലകൊടുത്ത് അസംസ്കൃതവസ്തുക്കൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. രണ്ടാമതും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതെല്ലാം ഉപയോഗശൂന്യമാകുന്ന അവസ്ഥയിലേക്ക് പോവുകയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെറുകിട കടകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കണം.
ആളുകളുടെ ജീവൻ പ്രധാനമാണ്. അതേസമയം, ജീവൻ തിരിച്ചുകിട്ടുമ്പോൾ ജീവിതം ഇല്ലാത്ത അവസ്ഥയാണ് വരുന്നതെന്നും ഫൂട്വെയർ മാനുഫാക്ചർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബാബു മാളിയേക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.