സൗകര്യങ്ങൾക്ക് ചെലവിടുന്നത് കോടികൾ; തീർപ്പ് കാത്ത് ഭൂമി തരംമാറ്റൽ അപേക്ഷകൾ
text_fieldsതൊടുപുഴ: താൽക്കാലിക ജീവനക്കാരെ നിയോഗിച്ച് കോടികൾ ചെലവഴിച്ചിട്ടും റവന്യൂ ഡിവിഷൻ ഓഫിസുകളിൽ തീർപ്പ് കാത്ത് ഭൂമി തരംമാറ്റലിനുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം അപേക്ഷകൾ.നിശ്ചിത സമയപരിധിക്കകം അപേക്ഷകൾ തീർപ്പാക്കാൻ കഴിയാത്തതിനാൽ ഇതിനായി താൽക്കാലികമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. അപേക്ഷകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിസന്ധി തുടരുമെന്നാണ് സൂചന.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ സർക്കാർ പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുകയും 917 താൽക്കാലിക ജീവനക്കാരെ നിയോഗിക്കുകയും പ്രത്യേക വാഹനം അനുവദിക്കുകയും ചെയ്തിരുന്നു.
ഇതിനകം ലഭിച്ച 3,87,491 അപേക്ഷയിൽ 1,72,596 അപേക്ഷ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. തീർപ്പാക്കിയ അപേക്ഷകളുടെ ഫീസിനത്തിൽ നല്ലൊരു തുക സർക്കാറിന് ലഭിച്ചിട്ടുണ്ട്. =ശേഷിക്കുന്നവകൂടി തീർപ്പാക്കുന്നതോടെ 300 കോടിയോളം രൂപ അധികമായി ഖജനാവിലേക്ക് എത്തുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ദിവസവും നൂറുകണക്കിന് അപേക്ഷകൾ ആർ.ഡി.ഒ ഓഫിസുകളിൽ ഓൺലൈനായും അല്ലാതെയും ഇപ്പോഴും എത്തുന്നുണ്ട്.
താൽക്കാലിക ജീവനക്കാർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങൾക്കുമായി ഇതിനകം 12.98 കോടി ചെലവഴിച്ചെങ്കിലും അപേക്ഷകൾ തീർപ്പാക്കൽ മന്ദഗതിയിലാണ്. എണ്ണക്കൂടുതലാണ് തീർപ്പാക്കൽ നടപടികൾ വൈകാൻ കാരണമായി റവന്യൂ അധികൃതർ പറയുന്നത്.
ഫീൽഡ് പരിശോധനക്ക് രണ്ട് വില്ലേജിന് ഒരു വാഹനം എന്ന നിലയിൽ അനുവദിച്ചിട്ടുണ്ട്. 35,000 രൂപ നിരക്കിൽ 340 വാഹനമാണ് ഇങ്ങനെ വാടകക്ക് എടുത്തിട്ടുള്ളത്. ഇവയുടെ ദുരുപയോഗം സംബന്ധിച്ചും പല കോണുകളിൽനിന്നും ആക്ഷേപമുണ്ട്. അപേക്ഷകളുടെ അതിവേഗ തീർപ്പാക്കൽ ദൗത്യത്തിന് സാങ്കേതിക സംവിധാനങ്ങൾക്ക് ആറുകോടി ആദ്യമേ അനുവദിച്ചിരുന്നു.
അതേസമയം, അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ് തീർപ്പാക്കൽ നടപടികൾ വൈകാൻ കാരണമെന്നാണ് റവന്യൂ വകുപ്പിലെതന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. താൽക്കാലികമായി നിയമിക്കപ്പെട്ടവരിൽ പലരും സർവേ നടപടികളിലും ഭൂവിഷയങ്ങളിലും വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണ്. ഇപ്പോഴും അപേക്ഷകളിന്മേലുള്ള കാര്യമായ നടപടികൾ പൂർത്തിയാക്കുന്നത് സ്ഥിരം ജീവനക്കാരാണ്. വില്ലേജ്, താലൂക്ക് തലങ്ങളിൽ തീർപ്പാക്കാവുന്ന കേസുകൾപോലും ആർ.ഡി.ഒയുടെ പരിഗണനക്ക് വിടുന്നതും കാലതാമസത്തിന് ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.