പട്ടയ ഭൂമിയിൽനിന്ന് കോടികളുടെ മരംമുറി കുലുക്കമില്ലാതെ സി.പി.എം, സി.പി.െഎ
text_fieldsതിരുവനന്തപുരം: 1964 ലെ കേരള ഭൂമി പതിവ് ചട്ടത്തിെൻറ വ്യവസ്ഥകൾ ലംഘിച്ച് പട്ടയ ഭൂമിയിൽനിന്ന് സർക്കാറിൽ നിക്ഷിപ്തമായ കോടികളുടെ മരങ്ങൾ മുറിച്ച കേസിൽ റവന്യൂ, വനം വകുപ്പുകൾ പ്രതികൂട്ടിലാകുേമ്പാഴും ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനും സി.പി.െഎക്കും കുലുക്കമില്ല. കഴിഞ്ഞ ഭരണത്തിൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുേമ്പാൾ മരംകൊള്ളക്ക് അരങ്ങൊരുക്കിക്കൊടുത്തതിൽ റവന്യൂ വകുപ്പിന് വലിയ പങ്കാണുള്ളത്.
ഒന്നാം പിണറായി സർക്കാറിനെ രാഷ്ട്രീയ ധർമസങ്കടത്തിലാഴ്ത്തിയ വിവാദങ്ങളുടെ തുടർച്ച രണ്ടാം സർക്കാറിെൻറ തുടക്കത്തിൽ തന്നെ ഉണ്ടാകുന്നത് സി.പി.എമ്മിനും താൽപര്യമില്ല. റവന്യൂ വകുപ്പാണ് പ്രതിക്കൂട്ടിലെന്ന് സാേങ്കതികമായി പറയാം. പക്ഷേ, വിവാദത്തിൽ സി.പി.എമ്മിനും തുല്യപങ്കാളിത്തമാണ്. സി.പി.െഎ, സി.പി.എം ധാരണക്ക് ശേഷമാണ് സർവകക്ഷിയോഗം നടന്നത്. അതിനാൽ ഉത്തരവിനെ തള്ളാൻ ഇരുകക്ഷികൾക്കും സർക്കാറിനും സാധിക്കില്ല. നിയമം ദുരുപയോഗിച്ചെന്ന പഴുതിൽ അഭയം തേടി മുൻ റവന്യൂ, വനം മന്ത്രിമാരെ സംരക്ഷിക്കാനാണ് സി.പി.െഎ നേതൃത്വത്തിെൻറ തീരുമാനം. ആരോപണത്തിെൻറ കളങ്കം ഇതേവരെ ഏൽക്കാത്ത ഇ. ചന്ദ്രശേഖരൻ ഇതാദ്യമായാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടാകുന്നത്. അത് അനുവദിക്കരുതെന്ന നിലപാടാണ് സി.പി.െഎക്ക്.
പ്രതിപക്ഷ എം.എൽ.എമാരും കർഷക സംഘടനകളും ആവശ്യപ്പെട്ട പ്രകാരമാണ് ഉത്തരവ് എന്ന വാദമാണ് ഭരണപക്ഷത്തിന്. പ്രതിപക്ഷം കടന്നാക്രമിച്ചാൽ അത് ഉപയോഗിച്ചുതന്നെ പ്രതിരോധിക്കും. അതേസമയം മുട്ടിലിൽ മുറിച്ച മരം കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സഹായമഭ്യർഥിച്ച് റോജി അഗസ്റ്റിെൻറ സഹോദരൻ ആേൻറാ അഗസ്റ്റിൻ റവന്യൂ പ്രിൻസിപ്പൽ െസക്രട്ടറി എ. ജയതിലകിന് അയച്ച കത്ത് പുറത്തുവന്നത് റവന്യൂ വകുപ്പിന് തിരിച്ചടിയായി.
വിവാദ മരംമുറി ഉത്തരവിറക്കുകയും ഒടുവിൽ റദ്ദാക്കുകയും ചെയ്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലകിനെ കൈവിേടണ്ടതില്ലെന്ന രാഷ്ട്രീയ ധാരണക്കിടെയാണ് ഇത്. കലക്ടർമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർക്കുമേൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സമ്മർദം ചെലുത്തി എന്നിരിക്കെ, പ്രതികളുമായുള്ള ബന്ധം സർക്കാറിന് തിരിച്ചടിയാണ്. ഇത്ര ചെറിയ കാര്യത്തിന് സെക്രട്ടറിക്ക് കത്തയക്കാനുള്ള അടുപ്പത്തിൽ പ്രതിപക്ഷവും സംശയിക്കുന്നു.
ഭൂമി പതിവ് ചട്ട പ്രകാരമുള്ള പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകി 2020 മാർച്ച് 11നാണ് ആദ്യ ഉത്തരവിറങ്ങിയത്. അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിെൻറ ഉത്തരവിൽ പക്ഷേ, മരംമുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന ഭീഷണിയില്ലായിരുന്നു. ഇത് മരംമുറിക്ക് തടസ്സമായി. തുടർന്നാണ് എ. ജയതിലക് വകുപ്പ് സെക്രട്ടറിയായശേഷം വിവാദ ഉത്തരവിറക്കിയത്.
പെരിഞ്ചാംകുട്ടി വനം കൊള്ള: അന്വേഷണം നിലച്ചു
ചെറുതോണി (ഇടുക്കി): ൈകയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽനിന്ന് തടികൾ വെട്ടിക്കടത്തിയ സംഭവത്തിൽ അന്വേഷണം നിലച്ചു. 2012 ഫെബ്രുവരി 12നാണ് ൈകയേറ്റക്കാരെ കുടിയിറക്കി 65 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന 6340 മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി.
വനംകൊള്ള സംബന്ധിച്ച് കോതമംഗലം ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നാർ, തൊടുപുഴ, കോതമംഗലം സ്ക്വാഡുകളാണ് കണക്കെടുത്തത്. 2012 മാർച്ച് 24ന് പൂർത്തിയായ കണക്കെടുപ്പിൽ സർക്കാറിനു കോടികളുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. 180 ഹെക്ടർ സ്ഥലത്തുനിന്നാണ് തടികൾ വെട്ടിക്കടത്തിയത്. 25 സെൻറിമീറ്റർ മുതൽ വണ്ണമുള്ള തടിക്കുറ്റികളുടെ എണ്ണമാണ് വനം വകുപ്പ് ശേഖരിച്ചത്. 75 സെ.മീറ്ററിന് മുകളിൽ വണ്ണമുള്ള 3400 മരങ്ങൾ വരുമെന്ന് മഹസറിലുണ്ട്. തേക്ക്, ഈട്ടി, മരുത്, ചൗക്ക, തമ്പകം തുടങ്ങി തടികളാണ് ഭൂരിഭാഗവും.
2009ൽ ചിന്നക്കനാലിൽനിന്ന് വന്യമൃഗശല്യം ഭയന്ന് പെരിഞ്ചാംകുട്ടിയിലെത്തിയ കുടുംബങ്ങളാണ് പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽ ഉണ്ടായിരുന്നത്. തടികളുടെ നഷ്ടം ഇവരിൽനിന്ന് ഇൗടാക്കാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് മനസ്സിലായതോടെ പിൻവാങ്ങി. കോടതി ഉത്തരവ് പ്രകാരം 18 കുടുംബങ്ങൾ പെരിഞ്ചാംകുട്ടിയിൽ കുടിൽ കെട്ടി താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപാർപ്പിക്കുന്നതിൽ യു.ഡി.എഫ് -എൽ.ഡി.എഫ് സർക്കാറുകൾ വിരലനക്കിയില്ല.
ചിന്നക്കനാലിൽ അടിമുടി ചട്ടലംഘനം
അടിമാലി: ദേവികുളം ഫോറസ്റ്റ് റേഞ്ചിൽ ചിന്നക്കനാലില്‍ സ്വകാര്യകമ്പനിക്ക് മരം മുറിക്കാൻ അനുമതി നല്‍കിയത് നിയമം ലംഘിച്ചെന്ന് ആരോപണം. കോടതിയിൽ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ മൂന്നാര്‍ മുൻ ഡി.എഫ്.ഒയുടെ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സ്വകാര്യകമ്പനി നട്ടുവളര്‍ത്തിയ യൂക്കാലി മരങ്ങൾ വെട്ടി പെരുമ്പാവൂരില്‍ കൊണ്ടുപോയി വിറ്റത്. 1947ന് മുമ്പുള്ള ഭൂരേഖ പ്രകാരം ആദ്യം മൂന്നാര്‍ ഡി.എഫ്.ഒക്ക് കമ്പനി അപേക്ഷ നല്കി. റേഞ്ച് ഓഫിസറും സെക്ഷന്‍ ഫോറസ്റ്ററും നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ഭൂമി സംബന്ധിച്ച് കേസുള്ളതായും റവന്യൂ വകുപ്പിെൻറ ഭൂമിയിൽ ഉൾപ്പെടെയുള്ളവയാണ് വെട്ടിമാറ്റാന്‍ ഉദ്ദേശിക്കുന്ന മരങ്ങളെന്നും റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന്, അന്വേഷണത്തിന് മൂന്നാര്‍ എ.സി.എഫിനെ ചുമതലപ്പെടുത്തിയ മുൻ ഡി.എഫ്.ഒ അനുകൂല ഉത്തരവിറക്കി റേഞ്ച് ഓഫിസര്‍ക്ക് കൈമാറിയ ശേഷമാണ് മരം വെട്ടാന്‍ കമ്പനിക്ക് അനുമതി ലഭിച്ചത്. തേയില സംസ്കരണത്തിന് മാത്രം വെട്ടാൻ അനുമതിയുള്ള മരമാണ് മുറിച്ചത്. വിവാദമായതോടെ മരംമുറി നിര്‍ത്തി. വനംവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുൻ ഡി.എഫ്.ഒ അടക്കം ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി സി.സി.എഫിന് റിപ്പോര്‍ട്ട് നൽകി. എന്നാല്‍, തുടരന്വേഷണം മരവിച്ചു.
ഇതിനിടെയാണ് റവന്യൂ ഭൂമിയിലെ 140 മരം വെട്ടിയതായി കണ്ടെത്തിയത്. നാലുമാസം മുമ്പ് നടന്ന ഈ സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ അടക്കം മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായി. അപ്പോഴും ഉന്നതര്‍ രക്ഷപ്പെട്ടു.
തൃശൂരിൽ നടന്നത് മരംകൊള്ള
തൃശൂർ: ജില്ലയിൽ കൂടുതൽ മേഖലകളിൽ വ്യാപക മരംമുറിയുണ്ടാെയന്ന് കണ്ടെത്തല്‍. മച്ചാട് മേഖലയിൽ മരം മുറിച്ചത് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ എളനാട്, പുലാക്കോട് ഭാഗങ്ങളില്‍ അഞ്ഞൂറിലധികം മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. പാലപ്പിള്ളി, പരിയാരം പ്രദേശങ്ങളിലും വ്യാപക മരംമുറി നടന്നിട്ടുണ്ട്. മച്ചാട് വനം റേഞ്ചില്‍നിന്ന് മാത്രം മരം കൊണ്ടുപോകാന്‍ നൽകിയ 33 പാസുകളുടെ മറവിൽ വൻതോതിൽ മരം കടത്തിയതായാണ് സംശയിക്കുന്നത്. വിവാദ റവന്യൂ ഉത്തരവ് റദ്ദാക്കിയ ശേഷവും പാസ് വിതരണം തുടർന്നു. പാസ് തിരുത്തിയോ, ഫയല്‍ നശിപ്പിച്ചോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കഴിഞ്ഞദിവസം അകമല പങ്ങാരപ്പിള്ളി മേഖലയിൽ മരക്കുറ്റികൾ തീയിട്ട നിലയിൽ കണ്ടെത്തിയതും അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് വനംവകുപ്പിലുള്ളവർ തന്നെ പറയുന്നു. പലയിടത്ത് നിന്നായി കടത്തിക്കൊണ്ടുപോയതെന്ന പേരിൽ തടികൾ തിരിച്ചെത്തുന്നുണ്ടെങ്കിലും വ്യത്യാസം പ്രകടമാണ്.
പൂമലയിൽനിന്ന് തടികൾ പിടികൂടിയതിൽ അറസ്റ്റിലായ സംഘത്തിലെ മറ്റ് ചിലരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് തൃശൂർ ജില്ലയിൽനിന്ന് മരം കടത്തിയത്. വെള്ളിയാഴ്ച മച്ചാട് റേഞ്ചിൽനിന്ന് കടത്തിയ മരം നിലമ്പൂരിൽ നിന്നാണ് പിടികൂടിയത്. വരന്തരപ്പിള്ളിയിലെ റിസർവ് വനമേഖലയിൽനിന്ന് തടികൾ കടത്തിയവരിൽ ചിലരെ പിടികൂടി. കഴിഞ്ഞാഴ്ച മായന്നൂർ സ്റ്റേഷൻ പരിധിയിലെ കൊണ്ടാഴി റിസർവ് വനത്തിൽനിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തിട്ടും നിയമ നടപടികൾ പൂർത്തിയാക്കാതെ മഹസർ തയാറാക്കിയത് വിവാദത്തിനിടയാക്കിയിരുന്നു. നിർത്തലാക്കിയ പൂങ്ങോട്, അകമല സ്റ്റേഷനുകളിൽനിന്ന് കൈമാറിയ ഫയലുകളിൽ പലതും കാണാനില്ലെന്നും ആക്ഷേപമുണ്ട്. മാന്ദാമംഗലത്തുനിന്ന് വിരമിക്കുന്നതിന് മുമ്പ് അവധിയിൽ പോയ ഉദ്യോഗസ്ഥൻ ഫയലുകൾ വീട്ടിലേക്ക് കൊണ്ടുപോയതും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.