കാക്കപ്പേടിയിൽ പൊറുതിമുട്ടി ശ്രീധരന്റെ കുടുംബം
text_fieldsവണ്ടൂർ: എലിയെ പേടിച്ച് ഇല്ലം ചുടരുത് എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ, അതിനെ അന്വർഥമാക്കുന്ന രീതിയിലാണ് പോരൂരിലെ ഒരു കുടുംബത്തിന്റെ അവസ്ഥ. പോരൂർ പൂത്രക്കോവ് പള്ളിക്കുന്നിലെ കിഴക്ക് വീട്ടിൽ ശ്രീധരന്റെ കുടുംബത്തിന്റെ ജീവിതമാണ് കാക്ക കാരണം ആകെ മാറിമറിഞ്ഞത്. കാക്കപ്പേടിയിൽ വീടാകെ അടച്ചുപൂട്ടി മൂടിക്കെട്ടി കഴിയേണ്ട ഗതികേടിലാണിവർ. ഒന്നും പുറത്തുവെക്കാൻ പറ്റില്ല. ഒരു പഴകിയ വസ്ത്രം പോലും പുറത്ത് വെക്കണമെങ്കിൽ കെട്ടി പൂട്ടിവെക്കണം. വീടിന്റെ വാതിലോ ജനലോ തുറന്നാൽ അകത്തുള്ളവയും കൊണ്ടുപോകും. ഇങ്ങനെ കൊണ്ടുപോയ വസ്ത്രങ്ങൾക്കും നശിപ്പിച്ചതിനും കൈയും കണക്കുമില്ല. കാക്കപ്പകക്ക് കാരണമായി ശ്രീധരൻ പറയുന്നത് ഇങ്ങനെ: ആറുമാസം മുമ്പ് രണ്ട് കണ്ണടകൾ നഷ്ടപ്പെട്ടിരുന്നു. ഇത് കാക്ക കൂട്ടിലുണ്ടാവുമെന്ന് കരുതി വീട്ടുപറമ്പിലെ മരത്തിലുള്ള കൂട് പൊളിച്ചു. അന്നൊന്നും ശല്യം ഉണ്ടായിരുന്നില്ല. പിന്നീട് കോഴിക്കൂട്ടിൽ കുടുങ്ങിയ ഒരു കാക്ക കുഞ്ഞിനെ പിടിച്ച് രക്ഷപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് പരാക്രമം തുടങ്ങിയത്. ജനലും വാതിലും തുറന്നിടാതായതോടെ എയർ ഹോളിനകത്ത് കൂടെയും ഔട്ട് ഫാനിന്റെ വിടവിനിടയിലൂടെയും അകത്തുകയറി സാധനങ്ങൾ കൊത്തി നശിപ്പിക്കാനും കൊണ്ടുപോകാനും തുടങ്ങി. മാക്സികൾ, സാരി, ഉടുപ്പുകൾ, അടിവസ്ത്രങ്ങൾ, ഷർട്ട്, പാൻറ്, കാർ ഷീറ്റുകൾ, മഴക്കോട്ടുകൾ, ബൈക്കിന്റെ ചാവി, മൊബൈൽ ഫോൺ, ഇയർ ഫോൺ എന്നിങ്ങനെ കാക്ക എടുക്കാത്തതോ കേടുവരുത്താത്തതോ ആയി ശ്രീധരന്റെ വീട്ടിൽ സാധനങ്ങൾ കുറവാണ്.
വീടിന്റെ അടുക്കളക്ക് ചുറ്റും വല സ്ഥാപിച്ചെങ്കിലും അതും നശിപ്പിച്ചു. നിരവധി കാക്കകൾ പ്രദേശത്തുണ്ടെങ്കിലും രണ്ടെണ്ണമാണ് പരാക്രമകാരികളെന്നാണ് വീട്ടമ്മയും അംഗൻവാടി അധ്യാപികയുമായ സരസ്വതി പറയുന്നത്. എയർഹോളിൽ സ്ഥാപിച്ച ചെറിയ ഇരുമ്പു വലകളടക്കം കാക്കകൾ നശിപ്പിച്ചിരുന്നു.
ശല്യം പരിധി വിട്ടതോടെ എയർ ഹോൾ, ഔട്ട് ഫാനിന്റെ വിടവുകൾ തുടങ്ങിയ എല്ലായിടത്തും ഇരുമ്പു നെറ്റുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് ശ്രീധരൻ. ഇതിനകം തന്നെ 50,000 ത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഇവർ പറയുന്നു. പ്രതിവിധി അറിയുന്നവർ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്നാണ് ഇവരുടെ അപേക്ഷ. ഫോൺ: 8547335078.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.