നിർണായക സമസ്ത മുശാവറ അഞ്ചിന്
text_fieldsകോഴിക്കോട്: സമസ്തയിലെ പ്രശ്നങ്ങൾ പുതിയതലങ്ങളിൽ എത്തിനിൽക്കെ, നിർണായക മുശാവറ യോഗം ജൂൺ അഞ്ചിന്. സമസ്തയിലെ ലീഗ് വിരുദ്ധരുമായുള്ള പ്രശ്നങ്ങൾ പൊട്ടിത്തെറിയിൽ എത്തിയ സാഹചര്യത്തിൽ ഇതുസംബന്ധിച്ച മുശാവറയിലെ ചർച്ചയും തീരുമാനവും കാക്കുകയാണ് ഇരുവിഭാഗവും. അതിനിടെ, സമസ്ത നേതൃത്വത്തെയും സുപ്രഭാതം പത്രത്തിന്‍റെ നയങ്ങളെയും പരസ്യമായി വിമർശിച്ചതിന്‍റെ കാരണം തേടി മുശാവറ അംഗവും പത്രത്തിന്‍റെ ചീഫ് എഡിറ്റും പബ്ലിഷറുമായ ഡോ. ബഹാഉദ്ദീൻ നദ്വിക്ക് നൽകിയ നോട്ടീസിന് അദ്ദേഹം മറുപടി നൽകി. സുപ്രഭാതത്തിന്‍റെ നയനിലപാടുകളോട് വിയോജിപ്പുണ്ടെന്നും കൂടുതൽ കാര്യങ്ങൾ മുശാവറ യോഗത്തിൽ വ്യക്തമാക്കുമെന്നുമാണ് അദ്ദേഹം നേതൃത്വത്തിന് മറുപടി നൽകിയതെന്ന് അറിയുന്നു. ഈ വിഷയത്തിൽ ഊന്നിയാകും മുശാവറയിലെ ചർച്ച.
സുപ്രഭാതം നടത്തിപ്പുമായി ബന്ധപ്പെട്ട് ശക്തമായ വിയോജിപ്പുകളുണ്ടെങ്കിലും അതിന്‍റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്ന് ബഹാഉദ്ദീൻ നദ്വി തൽക്കാലം രാജിവെക്കില്ല. സ്വയം സ്ഥാനമൊഴിഞ്ഞാൽ അത് ലീഗ് വിരുദ്ധർക്ക് നേട്ടമാകുമെന്നതാണ് കാരണം. അതേസമയം, മുശാവറയിൽ ബഹാഉദ്ദീൻ നദ്വിക്കെതിരെ കടുത്ത നടപടി ഉണ്ടായാൽ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ അത്തരം നീക്കങ്ങൾക്ക് സമസ്ത നേതൃത്വം തയാറാകില്ല. താക്കീതിൽ ഒതുക്കി വിഷയം അവസാനിപ്പിക്കാനാണ് സാധ്യത.
അതേസമയം, സി.പി.എമ്മിനോടുള്ള സമസ്തയുടെ സമീപനത്തിലുണ്ടായ നയ വ്യതിയാനത്തിനെതിരെയും ഇക്കാര്യത്തിൽ സുപ്രഭാതം പത്രത്തിന്‍റെ പങ്കിനെക്കുറിച്ചും ബഹാഉദ്ദീൻ നദ്വി ഉൾപ്പെടെ മുസ്ലിം ലീഗിനോട് ആഭിമുഖ്യമുള്ള മുശാവറ അംഗങ്ങൾ തുറന്നടിക്കുമെന്നാണ് അറിയുന്നത്. മുസ്ലിം ലീഗുമായി ഇതപര്യന്തമായി തുടരുന്ന ബന്ധത്തിന് കോട്ടം തട്ടുന്നതാണ് പത്രത്തിന്‍റെ നിലപാടെന്ന് അഭിപ്രായമുള്ളവർ മുശാവറയിൽ നിരവധി പേരുണ്ട്. പ്രശ്നം കൂടുതൽ കലുഷിതമാകാതിരിക്കാനാണ് ഇവർ പരസ്യ പ്രസ്താവന നടത്താത്തത്. മുശാവറയിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ലീഗ് അനുകൂല വിഭാഗത്തിന്‍റെ തുടർനടപടി. അനുരഞ്ജനത്തിനുള്ള സാഹചര്യമൊരുക്കാൻ നേതൃത്വം മുൻകൈയെടുത്താൽ അതുമായി സഹകരിക്കുമെങ്കിലും ലീഗ് വിരുദ്ധ വിഭാഗത്തോട് ഒരുനിലക്കും നീക്കുപോക്ക് വേണ്ടെന്ന ഉറച്ച നിലപാടിലാണ് ബഹാഉദ്ദീൻ നദ്വി അടക്കമുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.