കേന്ദ്രത്തിന്റേത് ക്രൂരമായ നടപടി, മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്നും സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാർഗമാക്കിയ തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക. കേന്ദ്രം നൽകുന്ന വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പെട്രോളിയം മന്ത്രിമാരെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണക്ക് ലിറ്ററിന് 28 രൂപയാണ് കൂട്ടുന്നത്. എണ്ണക്കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയ വിലയിലാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ റേഷൻകടകളിൽ 53 രൂപ ലിറ്ററിനുണ്ടായിരുന്ന മെണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപ നൽകേണ്ടിവരും. ഇതിന് പുറമെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനവും കേന്ദ്രം വെട്ടിക്കുറച്ചു. പുതുക്കിയ വിലവർധന നിലവിൽ വരുന്നതോടെ മത്സ്യബന്ധനമേഖല കൂടുതൽ പ്രതിസന്ധിയിലാകും. അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേർന്ന വിലക്കാണ് റേഷൻകടകളിൽ നിന്ന് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് 28 രൂപയായിരുന്നു വില.
കഴിഞ്ഞ ഫെബ്രുവരിയിൽ 53 രൂപയിൽ നിന്ന് 59 രൂപയായി വർധിപ്പിച്ചെങ്കിലും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും വില വർധന വരുന്നതിന് മുമ്പ് തന്നെ മണ്ണെണ്ണ സ്റ്റോക്കെടുത്തതിനാൽ അധികമായി ലഭിക്കുന്ന ആറ് രൂപ സംസ്ഥാന സർക്കാർ വേണ്ടെന്നുെവച്ചു.
53 രൂപക്ക് തന്നെ വിതരണം നടത്താനും നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മണ്ണെണ്ണവിഹിതം 40 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ മൂന്നുമാസത്തിലൊരിക്കൽ റേഷൻ കടകൾ വഴി നടത്തുന്ന മണ്ണെണ്ണ വിതരണം ഇനിമുതൽ ആറുമാസത്തിലൊരിക്കലായി തീരുമോയെന്ന ആശങ്കയുണ്ട്. വിഷയം ഭക്ഷ്യവകുപ്പ് പരിശോധിക്കുകയാണ്. 2025ഓടെ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.