ഭിന്നശേഷിക്കാരനെ വട്ടം കറക്കി വിമാനത്താവളത്തിൽ ക്രൂരത
text_fieldsനെടുമ്പാശ്ശേരി: വീൽചെയറിൽ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാരനെ വിമാനത്താവളത്തിൽ വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടിച്ച് സെക്യൂരിറ്റിക്കാരുടെ ക്രൂരവിനോദം. സംഭവം വിവാദമായതോടെ വിമാനത്താവള കമ്പനി അന്വേഷണം തുടങ്ങി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാർക്ക് കർശന നിർദേശവും നൽകി.
മലേഷ്യയിൽനിന്ന് ഇക്കഴിഞ്ഞ ഒമ്പതിന് രാത്രിയെത്തിയ ഒരാളെ സ്വീകരിക്കാനാണ് മലപ്പുറം സ്വദേശി മുഹമ്മദ് ഷാനിൽ എത്തിയത്. വിമാനത്താവളത്തിൽ വികലാംഗരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഇടമുണ്ട്. അവിടെ വാഹനം പാർക്ക് ചെയ്തപ്പോൾ സ്വകാര്യ സെക്യൂരിറ്റിക്കാരെത്തി വി.ഐ.പികളായ ഭിന്നശേഷിക്കാർക്ക് മാത്രമേ അവിടെ വാഹനം പാർക്ക് ചെയ്യാൻ അനുമതിയുള്ളൂവെന്ന് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നുണ്ടെന്ന് അറിയിച്ചപ്പോൾ വാഹനത്തിന്‍റെ കാറ്റ് അഴിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി.
ടെർമിനൽ മാനേജറുടെ ഓഫിസിലേക്ക് വിളിച്ചിട്ടും അനുകൂല സമീപനമുണ്ടായില്ല. തുടർന്ന്, കാറെടുത്ത് പൊതു പാർക്കിങ് ഏരിയയിലേക്ക് മാറ്റി. ഒന്നര വയസ്സിൽ പോളിയോയെത്തുടർന്നാണ് മുഹമ്മദ് ഷാനിലിന്‍റെ കാൽ തളർന്നത്. സാമൂഹികക്ഷേമവകുപ്പിന് ഉൾപ്പെടെ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്നും ഇത്തരം വീഴ്ചകളുണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകുമെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.