ഹൈറിച്ചിനെതിരെ ക്രിപ്റ്റോ കറൻസി നിക്ഷേപ തട്ടിപ്പ് കേസും
text_fieldsതൃശൂർ: ബഡ്സ് ആക്ട് പ്രകാരവും ജി.എസ്.ടി തട്ടിപ്പിനും നടപടി നേരിടുന്ന തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ ഹൈറിച്ച് ഗ്രൂപ്പിനെതിരെ ക്രിപ്റ്റോ കറൻസി നിക്ഷേപ തട്ടിപ്പ് കേസും. കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന പ്രതാപൻ എന്നിവർ സാരഥ്യം വഹിക്കുന്ന ഹൈറിച്ച് സ്മാർട്ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എം.ജെ. മനു നൽകിയ പരാതിയിലാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചത്.
കമ്പനിയുടെ എച്ച്.ആർ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ ഒരുവർഷം കഴിയുമ്പോൾ 15 ശതമാനം പലിശയും 500 ശതമാനത്തിലധികം വാർഷികലാഭവും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്നാണ് പരാതി. പുതിയ ആളുകളെ ചേർക്കുമ്പോൾ 30 ശതമാനം ഡയറക്ട് റഫറൽ വരുമാനവും കൂടുതലായി ചേർക്കുന്ന ആളുകളിൽനിന്ന് മൂന്ന് ശതമാനം വീതം 10 ലെവൽ വെരയും വരുമാനം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി നിലവിലില്ലാത്തതും ഒരു എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യാത്തതുമായ വ്യാജ ക്രിപ്റ്റോ കറൻസിയായ എച്ച്.ആർ.സി കോയിന്റെ വെബ്സൈറ്റ് കാണിച്ച് വിശ്വസിപ്പിച്ചതായും പരാതിയിലുണ്ട്.
എന്നാൽ, കേസിൽ കാര്യമായ അന്വേഷണമോ തുടർനടപടിയോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി സമർപ്പിച്ചു. കിണാശ്ശേരി സ്വദേശി സുധീഷ് കുമാർ സ്ഥാപനത്തിൽ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്. നാല് സുഹൃത്തുക്കളെ പദ്ധതിയിൽ ചേർത്തതായും എന്നാൽ പണമൊന്നും തിരികെ കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു.
പരാതി നൽകി അനില്‍ അക്കര
തൃശൂർ: ഹൈറിച്ച് ഗ്രൂപ് നടത്തുന്ന തട്ടിപ്പിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എയും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായ അനില്‍ അക്കര ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. മുമ്പും സമാനമായ മണി ചെയിൻ തട്ടിപ്പ് കേസിൽ പ്രതികളായിട്ടുള്ളവരാണ് ഹൈറിച്ച് ഗ്രൂപ് സാരഥികളെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.