ഓഹരി മൂല്യം ഇടിഞ്ഞു, തൊഴിൽ അന്തരീക്ഷം വഷളായി; സി.എസ്.ബി ബാങ്ക് എം.ഡി രാജിവെച്ചു
text_fieldsതൃശൂർ: പിന്നിട്ട വർഷം ഏഴ് ദിവസം ഓഫിസർമാരും ജീവനക്കാരും പണിമുടക്കിയ സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രൻ രാജിവെച്ചു. 2016 ഡിസംബർ ഒമ്പതിന് എം.ഡിയായി ചുമതലയേറ്റ രാജേന്ദ്രന് ഈ വർഷം ഡിസംബർ എട്ട് വരെ കാലാവധിയുണ്ടായിരിക്കെയാണ് രാജി.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബാങ്ക് വാർത്തകുറിപ്പിൽ അറിയിച്ചു. എന്നാൽ, ജീവനക്കാരുമായുള്ള നിരന്തര സംഘർഷം മൂലം ബാങ്കിന്റെ ബിസിനസും ഓഹരി മൂല്യവും താഴേക്ക് പോയതിൽ ഭൂരിഭാഗം ഓഹരി കൈയാളുന്ന കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സ് അതൃപ്തി അറിയിച്ചതായാണ് വിവരം. ശനിയാഴ്ച ബാങ്കിന്റെ ബോർഡ് യോഗത്തിലാണ് രാജേന്ദ്രൻ രാജി നൽകിയത്.
രാജി അംഗീകരിച്ച ബോർഡ് മാർച്ച് വരെ തുടരാൻ രാജേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരക്കാരനെ കണ്ടെത്താൻ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. രാജി സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചിട്ടുണ്ട്. ഡിസംബർ 31 മുതൽ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിലെ ഓഫിസർമാരും ജീവനക്കാരും മൂന്നാംഘട്ട പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
പണിമുടക്ക് ഒഴിവാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ എം.ഡിയോട് ആവശ്യപ്പെടുകയും ചർച്ചക്ക് തയാറാണെന്ന് എം.ഡി അറിയിക്കുകയും ചെയ്തു. ജനുവരി നാല് വരെ സമയവും ആവശ്യപ്പെട്ടു. ജനുവരി നാലിന് ശേഷം സർക്കാർ തലത്തിലും മറ്റും എം.ഡിയെ ബന്ധപ്പെടാൻ നിരന്തരം ശ്രമിച്ചെങ്കിലും വഴുതുകയായിരുന്നു. ഒടുവിൽ ശനിയാഴ്ച ബോർഡ് യോഗത്തിൽ രാജി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.