അഞ്ചുവർഷത്തിനിടയിൽ മതത്തിൽനിന്ന് കൂടുതൽ അകന്നത് മുസ്‌ലിം യുവാക്കളാണെന്ന് സർവേ ഫലം
text_fieldsകഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ മതത്തിൽനിന്ന് കൂടുതൽ അകന്നത് മുസ്‌ലിം യുവാക്കളാണെന്ന് സർവേ ഫലം. സെന്‍റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്ത് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
2016-ൽ സി.എസ്.ഡി.എസ്. നടത്തിയ സർവേ പ്രകാരം മുസ്‌ലിം യുവാക്കളിൽ 97 ശതമാനം പേർ സ്ഥിരമായി മതപരമായ ജീവിതം നയിക്കുന്നവരായിരുന്നു. ഹിന്ദു -92 ശതമാനം, സിഖ് -92 ശതമാനം, ക്രിസ്ത്യൻ -91 ശതമാനം എന്നിങ്ങനെയായിരുന്നു മറ്റു വിഭാഗങ്ങളിൽ മതാചാരങ്ങളോടെ ജീവിക്കുന്നവരുടെ എണ്ണം.
2016-നെ അപേക്ഷിച്ച് പ്രാർഥന, നോമ്പ്, ആരാധനാലയ സന്ദർശനം, മതപരമായ പരിപാടികൾ കാണൽ എന്നിവ മുസ്‌ലിം സമുദായത്തിൽ 86 ശതമാനമായി കുറഞ്ഞു. 11 ശതമാനം കുറവാണ് അഞ്ചു വർഷത്തിനിടെ സംഭവിച്ചത്. ഹിന്ദു യുവാക്കളിൽ മതപരമായ ജീവിതം നയിക്കുന്നവരുടെ എണ്ണം 88 ശതമാനമായി. നാലുശതമാനത്തിന്‍റെ കുറവാണുണ്ടായത്. അതേസമയം, സിഖ്-ക്രിസ്ത്യൻ വിഭാഗങ്ങളിൽ മതാചരങ്ങൾ പാലിക്കുന്നവരുടെ എണ്ണം വർധിക്കുകയാണുണ്ടായത്. സിഖ് വിഭാഗത്തിൽ നാലുശതമാനം കൂടി 96 ശതമാനവും ക്രിസ്ത്യൻ വിഭാഗത്തിൽ രണ്ടുശതമാനം കൂടി 93 ശതമാനവുമായി.
ഉത്സവങ്ങളോ പ്രത്യേക ചടങ്ങുകളോ ഇല്ലെങ്കിലും 82 ശതമാനം സിഖ് യുവാക്കൾ പ്രാർഥനകൾ നടത്തുന്നുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. ഒരുശതമാനം സിഖുകാർ ഒരു തരത്തിലുള്ള പ്രാർഥന നിർവഹിക്കാത്തവരാണ്. പ്രാർഥനകളൊന്നും നടത്താത്തവർ ക്രിസ്ത്യൻ വിഭാഗത്തിൽ ഏഴുശതമാനം, മുസ്‌ലിം എട്ടുശതമാനം, ഹിന്ദു ഒൻപതുശതമാനം എന്നിങ്ങനെയാണ്.
മുസ്‌ലിംകളിൽ 44 ശതമാനം യുവാക്കളും മതപരമായ വിവേചനം നേരിടുന്നതായി പറയുന്നു. 'ഇന്ത്യൻ യൂത്ത്, ആസ്‌പിരേഷൻസ് ആൻഡ് വിഷൻ ഫോർ ദി ഫ്യൂച്ചർ' എന്ന തലക്കെട്ടിലാണ് സർവേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോക്‌നിതിയുടെ ഗവേഷണപരിപാടിയുടെ ഭാഗമായാണ് ജർമനിയിലെ തിങ്ക് ടാങ്ക് കെ.എ.എസുമായി ചേർന്ന് സർവേ നടത്തിയത്. 18 സംസ്ഥാനങ്ങളിലായി 18-നും 34-നും ഇടയിലുള്ള 6277 പേർക്കിടയിലാണ് സർവേ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.