സി.എസ്.ഐ ബിഷപ് ധർമരാജ് റസാലത്തെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: മെഡിക്കൽ കോളജ് കോഴക്കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ ബിഷപ് ധർമരാജ് റസാലത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു. രാത്രി ഒമ്പത് മണിയോടെയാണ് വിട്ടയച്ചത്. കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ചോദ്യം ചെയ്യൽ.
മെഡിക്കൽ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട് കള്ളപ്പണ കൈമാറ്റമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് പ്രധാനമായും വിശദീകരണം തേടിയത്. ആദ്യഘട്ട ചോദ്യം ചെയ്യലിലെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചത്. അഡ്മിഷനുമായി ബന്ധപ്പെട്ട് എവിടെ നിന്നൊക്കെ പണമെത്തിയെന്നും ഏതൊക്കെ വിധത്തിൽ ചെലവഴിച്ചെന്നുമുള്ള കാര്യങ്ങൾ ബിഷപ്പിനോട് ഉദ്യോഗസ്ഥർ ചോദിച്ചതായാണ് വിവരം. ആരോപണങ്ങൾ ബിഷപ് നിഷേധിച്ചു.
കള്ളപ്പണ, തലവരിക്കേസുകളുമായി ബന്ധപ്പെട്ട് ബിഷപ്പിനെ തിങ്കളാഴ്ച ബിഷപ് ഹൗസിൽ ഇ.ഡി ഉദ്യോഗസ്ഥർ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ശേഷം ഇംഗ്ലണ്ടിലേക്ക് പോകാനെത്തിയ ബിഷപ്പിനെ കഴിഞ്ഞ ദിവസം വിമാനത്തിൽ തടഞ്ഞ് മടക്കിയയച്ചു. തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസം ഇ.ഡി പരിശോധനക്ക് എത്തുംമുമ്പ് തന്നെ സി.എസ്.ഐ സഭ സെക്രട്ടറി പ്രവീൺ അവിടെനിന്ന് പോയിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. കള്ളപ്പണക്കേസിൽ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്പോർട്ട് കാലാവധി ഒരുവർഷം മുമ്പ് അവസാനിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.