കപ്പൽശാല വിവരങ്ങൾ ചോർത്തിയ കേസ്: സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും
text_fieldsകൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമ അക്കൗണ്ട് വഴി കൈമാറിയ കേസിൽ സൈബർ സെൽ റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചേക്കും. അറസ്റ്റിലായ കപ്പൽശാലയിലെ കരാർ ജീവനക്കാരൻ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ മൊബൈൽ സമൂഹമാധ്യമ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇയാളുടെ മൊബെൽ ഫോൺ മിറർ ഇമേജ് വിവരങ്ങളായിരിക്കും റിപ്പോർട്ടിലുണ്ടാകുക.
കപ്പൽശാലയിലെ ചിത്രങ്ങളും വിവരങ്ങളും ശ്രീനിഷ് കൈമാറിയെന്ന് കണ്ടെത്തിയ ‘എയ്ഞ്ചൽ പായൽ’എന്ന ഫേസ്ബുക്ക് മെസഞ്ചർ അക്കൗണ്ടിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകളും വീണ്ടെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഇൻറലിജൻസിനും നേവി ഇൻറലിജൻസിനും സൈബർ സെൽ റിപ്പോർട്ട് പൊലീസ് കൈമാറും.
കപ്പൽശാലയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ശ്രീനിഷ് കഴിഞ്ഞ മാർച്ച് മുതൽ ഡിസംബർ 19 വരെ കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ സമൂഹമാധ്യമം വഴി കൈമാറുകയും ചെയ്തത്.
നിർമാണത്തിലുള്ള നാവികസേന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ വിവരങ്ങൾ, വി.വി.ഐ.പികളുടെ സന്ദർശനം തുടങ്ങിയവ ഇയാൾ സമൂഹമാധ്യമം വഴി കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കപ്പൽശാല അധികൃതരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലായ ശ്രീനിഷിനെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം സൗത്ത് പൊലീസ് ചൊവ്വാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.