റസീനക്ക് ഫാഷന്‍ ഡിസൈനറാകണം
text_fieldsകൽപറ്റ: ആനപ്പാലം മൈതാനിക്കണ്ടിയിലെ സി.യു. റസീന ഏഴാംതരം തുല്യത പരീക്ഷ എഴുതാനെത്തിയത് വീല്‍ചെയറില്‍. ജന്മനാ പോളിയോ ബാധിച്ച് വീല്‍ ചെയറിലാണ് റസീനയുടെ യാത്ര. സാക്ഷരത, നാലാംതരം തുല്യതാ കോഴ്സ് ജയിച്ചാണ് റസീന ഏഴാംതരം തുല്യത പരീക്ഷയെഴുതുന്നത്. നന്നായി വസ്ത്രങ്ങള്‍ തുന്നുന്ന റസീന 20 വയസ്സ് മുതല്‍ ഉടുപ്പുകള്‍ തുന്നുകയും ചിത്രങ്ങള്‍ വരച്ച് പെയിന്റ് ചെയ്യുകയും ചെയ്യും. കിടപ്പ് രോഗിയായ ഉമ്മക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതും റസീനയാണ്. ദൈനംദിന ശുശ്രൂഷകളും ചെയ്യും. നഗരസഭ പ്രേരക് വി.പി. മഞ്ജുഷയാണ് റസീനയുടെ തുടര്‍പഠനത്തിന് സഹായിക്കുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഫാഷന്‍ ഡിസൈനറായി ജീവിതം മെച്ചപ്പെടുത്തണമെന്നതാണ് റസീനയുടെ ആഗ്രഹം.
എസ്.കെ.എം.ജെ സ്കൂളില്‍ ഏഴാംതരം തുല്യത പരീക്ഷയെഴുതുന്ന മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ 67 വയസ്സുള്ള ഹസനാണ് ജില്ലയിലെ പ്രായം കൂടിയ പരീക്ഷാർഥി. കൂലിപ്പണിക്കാരനായ ഹസന് നാൽപ്പതാം വയസ്സില്‍ നട്ടെല്ലിന് ക്ഷതം പറ്റിയതിന്റെ അവശതയുണ്ടെങ്കിലും തളരാത്ത മനസ്സുമായി പരീക്ഷയെഴുതാന്‍ എത്തുകയായിരുന്നു. നിവര്‍ന്ന് നടക്കാന്‍ കഴിയാത്ത ഹസൻ കാലില്‍ പ്ലാസ്റ്ററിട്ടാണ് പരീക്ഷയെഴുതാനെത്തിയത്.
സാക്ഷരതാ മിഷന് ഏഴാംതരം തുല്യതാ കോഴ്സിന്റെ 17ാം ബാച്ചുകാരുടെ പൊതുപരീക്ഷക്ക് തുടക്കമായി. ആദ്യ ദിവസം മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളും രണ്ടാം ദിവസമായ ഞായറാഴ്ച സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം വിഷയങ്ങളിലുമാണ് പരീക്ഷ. ജില്ലയിലെ എട്ടു സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. 100 മാര്‍ക്കിന്റെ വിഷയങ്ങള്‍ക്ക് ജയിക്കാന്‍ 30 മാര്‍ക്കാണ് ലഭിക്കേണ്ടത്.
ഏഴാംതരം തുല്യത പരീക്ഷ വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യത കോഴ്സില്‍ ചേര്‍ന്ന് തുടര്‍ പഠനം നടത്താം. കല്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന തുല്യതാ പരീക്ഷയുടെ ജില്ലതല ഉദ്ഘാടനം മുതിര്‍ന്ന പഠിതാവ് മുട്ടില്‍ കൊടുവങ്ങല്‍ വീട്ടില്‍ ഹസന് ചോദ്യ പേപ്പര്‍ നല്കി നഗരസഭ ചെയര്മാന് അഡ്വ. ടി.ജെ. ഐസക് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സി.കെ. ശിവരാമന് അധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷന് ജില്ല കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, അസി. കോഓഡിനേറ്റര്‍ എം.കെ സ്വയ, സാക്ഷരതാ സമിതി അംഗം ചന്ദ്രന് കെനാത്തി, സാക്ഷരതാ മിഷന് സ്റ്റാഫ് പി.വി. ജാഫര്‍, നോഡല്‍ പ്രേരക്മാരായ ഗ്ലാഡിസ് കെ. പോള്‍, പി.വി. ഗിരിജ, പ്രേരക്മാരായ വി.പി. മഞ്ജുഷ, എം. പുഷ്പലത, എന്‍.പി. സക്കീന, പി. രുഗ്മിണി, കെ.ജി. വിജയകുമാരി, പി.വി. അനിത എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.