വിശ്വനാഥന്റെ കൊലപാതകികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സാംസ്കാരിക പ്രവർത്തകർ
text_fieldsകൽപ്പറ്റ: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിനിടയാക്കിയ കൊലപാതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സാംസ്കാരിക പ്രവർത്തകർ. ആത്മഹത്യ ചെയ്യേണ്ടുന്ന യാതൊരു സാഹചര്യവും വിശ്വനാഥന് ഉണ്ടായിരുന്നില്ല. വിശ്വനാഥന്റേത് കൊലപാതകം ആണെന്ന് ഭാര്യ ബിന്ദുവും സഹോദരങ്ങളും ഉറപ്പിച്ചു പറയുന്നുണ്ട്.
അതിനു കൃത്യമായ കാരണങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ടശേഷം 'കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ് എനിക്ക് തരണേ' എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയുള്ള വിശ്വനാഥൻ ആത്മഹത്യ ചെയ്യേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. മാത്രമല്ല വെള്ളിയാഴ്ച ബന്ധുക്കൾ തിരച്ചിൽ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടത്. മൃതദേഹത്തിൽ മുറിവുകളും മൂക്കിൽ നിന്ന് ചോരയും വന്നിരുന്നു.
മോഷണം നടത്തേണ്ടുന്ന ഒരു സാഹചര്യവും വാഴകൃഷി ചെയ്തു ഉപജീവനം നടത്തുന്ന വിശ്വനാഥന് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ വരുമ്പോൾ വിശ്വനാഥന്റെ കൈയിൽ പണമുണ്ടായിരുന്നുവെന്നു ഭാര്യ ബിന്ദു പറയുന്നു. കാണാതായ അന്നുതന്നെ കേസ് നൽകാൻ ഭാര്യ ബിന്ദുവും അമ്മ ലീലയും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പോലീസ് കേസ് എടുത്തില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരൻ വിനോദ് കേസ് നൽകാൻ ചെന്നപ്പോൾ മദ്യപിച്ചു എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്നീട് പൊലീസ് കേസ് എടുത്തത്.
യാതൊരു തെളിവും ഇല്ലാതിരുന്നിട്ട് കൂടിയാണ് വിശ്വനാഥനെ മോഷ്ടാവായി മുദ്രകുത്തുകയും ആക്രമിക്കുകയും ചെയ്തത്. കെ. അജിത, പി.രാമൻ, എം.ഗീതാനന്ദൻ, അമ്മിണി വയനാട്, സുകുമാരൻ ചാലിഗദ,പി. ശവലിംഗൻ, ധന്യ വെങ്ങചേരി, പ്രകാശ് ചെന്തളം, ബിന്ദു ഇരുളം, ആർ.കെ.അട്ടപ്പാടി, അജിത്ത് ശേഖരൻ, നാരായണൻ എം.ശങ്കരൻ,രമ്യാ രാജ്, ശരത് ചേലൂർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.