‘സാംസ്കാരിക’ത്തിന് നോട്ടീസും സുവനീറും വേണ്ട;വകുപ്പിനോട് ചെലവു ചുരുക്കാൻ സർക്കാർ
text_fieldsകൊച്ചി: ‘പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അനാവശ്യമായി നോട്ടീസുകൾ, ബ്രോഷറുകൾ തുടങ്ങിയവ പ്രിന്റ് ചെയ്തും സുവനീറുകൾ തയാറാക്കിയും ചെലവുകൾ അധികരിക്കുന്നത് ഒഴിവാക്കണം, പരിപാടികൾക്കായി വകുപ്പിന്റെ ഹാളുകളും ഓഡിറ്റോറിയങ്ങളും പരമാവധി ഉപയോഗിക്കണം, അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കണം’.
സാംസ്കാരികകാര്യ വകുപ്പിനു കീഴിൽ പരിപാടികൾ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായി സർക്കാർ ഉത്തരവിട്ട മാർഗനിർദേശങ്ങളിൽ ചിലതാണിത്. വിവരസാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ച കാലത്ത് നോട്ടീസുകൾ, ബ്രോഷറുകൾ തുടങ്ങിയവ പ്രിന്റ് ചെയ്യുന്നതും സുവനീർ ഇറക്കുന്നതുമെല്ലാം അനാവശ്യ ചെലവാണെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കണമെന്നാണ് ഉത്തരവിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഗതാഗതം, താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലെല്ലാം ചെലവു ചുരുക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സാംസ്കാരിക വകുപ്പ് വിവിധ സ്ഥാപനങ്ങളുടെ കമ്മിറ്റികൾ വിളിച്ചുചേർക്കുമ്പോഴും ഇത് കർശനമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.
സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തനമേഖലയും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന ബൈലോ തെറ്റിച്ച് ഒരു സ്ഥാപനത്തിന്റെ കീഴിൽ വരുന്ന പരിപാടികൾ മറ്റു സ്ഥാപനം ഏറ്റെടുത്ത് നടത്തരുതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികളിൽ പ്രമേയത്തിലും ഉള്ളടക്കത്തിലും ആവർത്തനം ഉണ്ടാകാതെ നോക്കണമെന്നും ഇതിനായി തീരുമാനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശമുണ്ട്.
ഓരോ വർഷത്തെയും പരിപാടികളുടെ ത്രൈമാസ കലണ്ടർ തയാറാക്കിസാംസ്കാരിക വകുപ്പിന് സമർപ്പിക്കുകയും പ്രധാനപ്പെട്ട പരിപാടികളുടെ തീയതി തീരുമാനിക്കും മുമ്പ് വകുപ്പ് മന്ത്രിയുടെ സൗകര്യംകൂടി നോക്കുകയും വേണമെന്നാണ് മറ്റൊരു നിർദേശം. പരിപാടികൾസംബന്ധിച്ച വിവരങ്ങൾ മന്ത്രിയെയും വകുപ്പിന്റെ ബന്ധപ്പെട്ട സെക്ഷനെയും അറിയിക്കണം.
ഇതോടൊപ്പം, വകുപ്പ് സെക്രട്ടറി പങ്കെടുക്കേണ്ട യോഗങ്ങൾ ചേരാൻ ബൈലോ നിർദേശിക്കുന്ന കാലയളവിനുമുമ്പ് അറിയിപ്പ് നൽകണമെന്നും പങ്കെടുക്കാനാവുമോയെന്ന് അനൗപചാരികമായി ഉറപ്പാക്കിയ ശേഷമേ യോഗത്തിന്റെ തീയതി തീരുമാനിക്കാവൂ എന്നും ഉത്തരവ് വ്യക്തമാക്കുന്നു. യോഗങ്ങളുടെ അജണ്ട സംബന്ധിച്ചും കർശന നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.