നേതൃമാറ്റം കാത്ത് സാംസ്കാരിക സ്ഥാപനങ്ങൾ; ചരടുവലികളിൽ കുടുങ്ങി തീരുമാനം നീളുന്നു
text_fieldsതൃശൂർ: പുതിയ സർക്കാർ ചുമതലയേറ്റ് 100 ദിനം പിന്നിട്ടിട്ടും സാംസ്കാരിക സ്ഥാപനങ്ങളിെല പ്രധാന ചുമതലകളിൽ പുനർനിയമനമായില്ല. പ്രസിഡൻറ്, സെക്രട്ടറി, ഡയറക്ടർ സ്ഥാനങ്ങൾ ലഭിക്കാനും ഉള്ളവ നിലനിർത്താനുമുള്ള ചരടുവലികളിൽ കുടുങ്ങി തീരുമാനം നീളുകയാണ്.
സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് ഓണത്തിനു മുമ്പ് പുതിയ ചുമതലക്കാരെ കൊണ്ടുവന്ന് സമൂല മാറ്റത്തിന് നടപടി തുടങ്ങിെയങ്കിലും പൂർത്തിയാക്കാനായില്ല. ചുമതലയിലുണ്ടായിരുന്നവർ നടത്തിയ നീക്കങ്ങളാണ് നടപടികൾ മന്ദഗതിയിലാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സി.പി.എമ്മിലെ സാംസ്കാരിക ചുമതലയുള്ളവരുടെ സാന്നിധ്യത്തിൽ പു.ക.സ ഫ്രാക്ഷനുകൾ ചേർന്ന് ഒരു മാസം മുമ്പ് ലിസ്റ്റ് തയാറാക്കിയിരുന്നെങ്കിലും നിയമന നടപടിയിൽ എത്തിയില്ല.
സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് കവി സച്ചിദാനന്ദെൻറ പേരായിരുന്നു തൃശൂരിൽ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത പു.ക.സ ഫ്രാക്ഷൻ യോഗത്തിലുയർന്നത്. സാംസ്കാരിക വകുപ്പിന് കീഴിൽ അക്കാദമികൾ ഉൾപ്പെടെ 35ഓളം സ്ഥാപനങ്ങളുണ്ട്. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലെ മാറ്റമൊഴിച്ചാൽ കാര്യമായ അഴിച്ചുപണി പുതിയ സർക്കാറിന് കീഴിൽ നടന്നിട്ടില്ല.
75ാം സ്വാതന്ത്ര്യവാർഷികാഘോഷ ഭാഗമായി 'ആസാദീ കാ അമൃത് മഹോത്സവ'വുമായി ബന്ധപ്പെട്ട ശ്രദ്ധേയ പരിപാടികൾ ഏറ്റെടുക്കാൻ സാംസ്കാരിക സ്ഥാപനങ്ങൾക്കായിട്ടില്ല. ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്രമേള വരാനിരിക്കെ ചലച്ചിത്ര അക്കാദമിയിൽ മുന്നൊരുക്കം നടത്താനുള്ള സമയമാണിത്. സാംസ്കാരിക സ്ഥാപനങ്ങളിൽ ഉടൻ പുതുഭാരവാഹികൾ എത്തുമെന്നാണ് സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.