സ്ഥിതി അതീവ ഗുരുതരം; ആലുവയിൽ കർഫ്യൂ
text_fieldsകൊച്ചി: കെണ്ടയ്ൻമെൻറ് സോണായ ആലുവയിൽ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ കർഫ്യൂ നിലവിൽവന്നു.
ആലുവയും സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നിവ ഉൾപ്പെടുത്തി ക്ലസ്റ്ററാക്കി മാറ്റിയാണ് കർഫ്യൂ പ്രഖ്യാപനമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. രാവിലെ ഏഴുമുതൽ ഒമ്പതുവരെ മൊത്ത വ്യാപാര വിതരണവും 10 മുതൽ ഉച്ചക്ക് രണ്ടുവരെ ചില്ലറ വിൽപനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നൽകി.
ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപനശേഷിയും അപകടസാധ്യതയും കൂടിയ വിഭാഗത്തിൽപെടുന്നതായാണ് ആരോഗ്യവിഭാഗം കണ്ടെത്തിയതെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കാക്കരയിലെ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്ററാക്കി. ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും. മൂവാറ്റുപുഴ പേഴക്കാപ്പള്ളി മത്സ്യമാർക്കറ്റും അടച്ചിടും.
ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിലായി 3752 ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻറർ കിടക്കകൾ സജ്ജമാക്കി. കോവിഡ് പരിശോധന വേഗത്തിലാക്കുന്നതിെൻറ ഭാഗമായി 10 ദിവസം എഫ്.എൽ.ടി.സികളിൽ കഴിഞ്ഞവർക്ക് ആൻറിജൻ പരിശോധന നടത്തി നെഗറ്റിവാകുന്നവരെ ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.