മുന്നൊരുക്കമില്ലാത്ത പരിഷ്‌ക്കാരം ജനജീവിതം സ്തംഭിപ്പിച്ചു: ചെന്നിത്തല
text_fieldsതിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിെൻറയും ആയിരത്തിെൻറയും നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്ര വലിയ മാറ്റം നടപ്പിലാക്കുമ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടില്ല. പ്രധാനമന്ത്രി ആവേശ പൂര്‍വ്വം പ്രസംഗിച്ചതു കൊണ്ടു മാത്രം കാര്യമില്ല, പരിവര്‍ത്തനം നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും പ്രകടിപ്പിക്കണം. നാലാം ദിവസമായിട്ടും ആവശ്യത്തിന് പകരം നോട്ടുകളെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കുകയാണ് ചെയ്യുന്നത്.
ബാങ്കുകള്‍ തുറന്നിട്ടുണ്ടെങ്കിലും ചില്ലറ നോട്ടുകള്‍ സ്‌റ്റോക്കില്ലാത്തതിനാൽ വിതരണം നടക്കുന്നില്ല. എ.ടി.എമ്മുകളിലും പണമില്ല.
ചെറുകിട വ്യാപാരമേഖലയും തൊഴില്‍ മേഖലയും അപ്പാടെ സ്തംഭിച്ചിരിക്കുകയാണ്. അരിയുടെയും ഭക്ഷ്യവസ്തുക്കളുടെയും വരവും നിലച്ചിരിക്കുന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് സംസ്ഥാനം ചെന്ന് വീഴുമോ എന്നും ഭയപ്പെടണം.
ഒരു നല്ല കാര്യത്തിന് അല്പം ബുദ്ധിമുട്ട് സഹിക്കാന്‍ തയാറായ ജനങ്ങളെ പട്ടിണിക്കിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനത്ത് അടിയന്തിരമായി നൂറും കുറഞ്ഞ മൂല്യമുള്ള മറ്റു നോട്ടുകളും എത്തിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ടു പോവുന്ന അവസ്ഥയിലെത്തുമെന്ന് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.