പണം തീരുന്നു; ഇടപാട് സ്തംഭനത്തിലേക്ക്
text_fieldsതൃശൂര്‍: ഇടക്ക് ചില ദിവസങ്ങളിലുണ്ടായ പരിമിതമായ ആശ്വാസം അവസാനിക്കുന്നു. സംസ്ഥാനത്തെ ബാങ്കുകളില്‍ പണം ഏതാണ്ട് തീര്‍ന്നു. റിസര്‍വ് ബാങ്ക് ഉടന്‍ പണം അനുവദിച്ചില്ളെങ്കില്‍ അടുത്തയാഴ്ച ഇടപാടുകള്‍ സ്തംഭിക്കും. റിസര്‍വ് ബാങ്കിന്‍െറ കറന്‍സി ചെസ്റ്റുകള്‍ കുറവുള്ള മലബാറിലാണ് പ്രശ്നം രൂക്ഷം. റിസര്‍വ് ബാങ്ക് ദിവസങ്ങളായി കാര്യമായി പണം അനുവദിച്ചിട്ടില്ല. തൃശൂര്‍ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ പണം എത്തിയിട്ട് 10 ദിവസം കഴിഞ്ഞു. അതേസമയം, സാധുവായ പണം നിറയേണ്ട കറന്‍സി ചെസ്റ്റുകളില്‍ നിറയുന്നതത്രയും അസാധുവാണ്.
ആര്‍.ബി.ഐയില്‍നിന്ന് ചെറിയ നോട്ടുകളുടെ വിതരണം നിലച്ച മട്ടാണ്. രണ്ടായിരത്തിന്‍െറ നോട്ടുകള്‍ ആവശ്യത്തിന് നല്‍കിവന്നതാണ് കുറഞ്ഞു വരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാന ലോക്കല്‍ ഹെഡോഫിസ് അധികൃതര്‍ തിരുവനന്തപുരത്ത് ആര്‍.ബി.ഐ മേഖലാ മേധാവിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പണം കുറവാണെന്ന മറുപടിയാണ് കിട്ടുന്നത്. എസ്.ബി.ഐ മേഖലകളിലെ ഉദ്യോഗസ്ഥ യോഗങ്ങളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്കൗണ്ടുള്ളവര്‍ക്ക് ഒറ്റത്തവണ പിന്‍വലിക്കാവുന്ന പണം മുഴുവന്‍ നല്‍കാന്‍ 95 ശതമാനം ബാങ്കുകള്‍ക്കും കഴിയാത്ത അവസ്ഥയാണ്. മലബാര്‍ മേഖലയില്‍ എസ്.ബി.ടി, എസ്.ബി.ഐ എന്നിവയെക്കാള്‍ സ്വാധീനം സിന്‍ഡിക്കേറ്റ്, കനറ, കേരള ഗ്രാമീണ്‍ ബാങ്കുകള്‍ക്കാണ്. ഗ്രാമീണ്‍ ബാങ്കിന് കറന്‍സി ചെസ്റ്റില്ല. സിന്‍ഡിക്കേറ്റ് ബാങ്കിന് പരിമിതമാണ്. കനറാക്കാവട്ടെ, സംസ്ഥാനത്തുള്ളത് ഒമ്പത് കറന്‍സി ചെസ്റ്റാണ്. എല്ലാ ബാങ്കുകള്‍ക്കുമായി 203 ചെസ്റ്റുള്ള സ്ഥാനത്താണിത്. ചെസ്റ്റ് അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങളും ചെസ്റ്റ് നേടുന്നതില്‍ ബാങ്ക് മാനേജ്മെന്‍റുകളുടെ നിലപാടും പ്രശ്നമാണ്. 24 മണിക്കൂറും സായുധഭടന്‍െറ സേവനം ഉള്‍പ്പെടെയുള്ള മാനദണ്ഡം പാലിച്ചാലേ ചെസ്റ്റ് അനുവദിക്കൂ.
എ.ടി.എമ്മുകളില്‍നിന്ന് പോലും സുരക്ഷാ ജീവനക്കാരെ പിന്‍വലിച്ച ബാങ്കുകള്‍ പലതും ചെലവ് കുറച്ച് ലാഭം കൂട്ടാനുള്ള നീക്കത്തിന്‍െറ ഭാഗമായി ചെസ്റ്റുകള്‍ വേണ്ടെന്നു വെച്ചതിന്‍െറ തിക്തഫലമാണ് അനുഭവിക്കുന്നത്. സ്പോണ്‍സര്‍ ബാങ്കായ കനറ നേരിടുന്ന അവസ്ഥ ഗ്രാമീണ്‍ ബാങ്കിനെയും ബാധിക്കുകയാണ്.
അതേസമയം, ചെസ്റ്റുകളില്‍ അധികവും പിന്‍വലിക്കപ്പെട്ട നോട്ടുകളാല്‍ നിറയുകയാണ്. തൃപ്പൂണിത്തുറയില്‍ 100 കോടി സൂക്ഷിക്കാവുന്ന കനറ കറന്‍സി ചെസ്റ്റില്‍ 300 കോടിയുടെ അസാധു സൂക്ഷിച്ചിരിക്കുകയാണ്. സാധു രണ്ട് കോടി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.