ചരക്കുമേഖലയില്‍ പ്രതിസന്ധി രൂക്ഷം –ലോറിയുടമകള്‍
text_fields
പാലക്കാട്: മുന്‍കരുതലെടുക്കാതെ, മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ ചരക്കുനീക്കം ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചതായി സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വ്യാപാര, നിര്‍മാണ മേഖലയിലെ മാന്ദ്യം ചരക്കുനീക്കത്തെ ഗുരുതരമായി ബാധിച്ചു.
വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുവാഹനങ്ങള്‍ എത്തുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ നവംബര്‍ 30 വരെ നികുതി, ഇന്‍ഷുറന്‍സ് എന്നിവ അടക്കാനും ഡീസല്‍ അടിക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കണം. ടോള്‍പിരിവിനുള്ള നിരോധനം നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണം. ത്രൈമാസ നികുതിയില്‍ ഒരു മാസത്തെ നികുതി ഇളവ് ചെയ്യണമെന്നും ലോറിയുടമകള്‍ ആവശ്യപ്പെട്ടു. ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള നികുതിയില്‍ പത്ത് ശതമാനം വര്‍ധന വരുത്തിയത് പിന്‍വലിക്കണം.
ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസില്‍ പ്രായോഗിക നിലപാട് എടുക്കാന്‍ സംസ്ഥാനം തയാറാവണം. ഖനന നിരോധന നിയമം നിര്‍മാണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി തിരുത്തല്‍ വരുത്തണം. ചെക്ക്പോസ്റ്റുകളിലെ ലോറി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധനമന്ത്രി അടിയന്തരമായി ഇടപെടണം. ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ജനുവരി 21, 22 തീയതികളിലായി പാലക്കാട്ട് നടത്തും. ചെയര്‍മാന്‍ പി.കെ. ജോണ്‍, ജനറല്‍ കണ്‍വീനര്‍ എം. നന്ദകുമാര്‍, എന്‍.ജി. രാജു, ഇ.കെ. ഷാജു, കെ.പി. അബ്ദുല്‍ റസാഖ്, കെ.ബി. പുരുഷോത്തമന്‍, സി. മൂസ ഹാജി, എ. മുഹമ്മദ് യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.