നോട്ട് പിൻവലിക്കൽ: അടിയന്തരാവസ്ഥയുടെ ദുസ്സൂചന –ജനകീയ സംവാദം
text_fieldsതിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിലൂടെ രൂപപ്പെട്ട സാമ്പത്തിക അടിയന്തരാവസ്ഥ വരാനിരിക്കുന്ന യഥാര്‍ഥ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ദുസ്സൂചനയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച ജനകീയ സംവാദം.
രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണാധികാരത്തിലൂടെ പൗരസമൂഹത്തെ ഒന്നടങ്കം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണം തടയലോ രാഷ്ട്രീയ ഗിമ്മിക്കോ? എന്ന തലക്കെട്ടിലാണ് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. കള്ളപ്പണം തടയാനെന്ന പേരില്‍ സമ്പദ് രംഗത്തുള്ള ഇടപെടല്‍ ആത്യന്തികമായി സാധാരണക്കാരന്‍െറ ജീവിതത്തെയാണ് ദുസ്സഹമാക്കിയിരിക്കുന്നതെന്ന് കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നോട്ട് പിന്‍വലിക്കലിന് നീതീകരണങ്ങളൊന്നും നല്‍കാനാവാതെ പാര്‍ലമെന്‍റിനെയും ജനപ്രതിനിധികളെയും അവഗണിച്ച് ഏകാധിപത്യപ്രവണത കൂടുതല്‍ വെളിവാക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് സി.എം.പി സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന പ്രയത്നത്തില്‍ ജനം ക്ളേശം സഹിച്ചും സഹകരിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം എം.എസ്. കുമാര്‍ പറഞ്ഞു. മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്ന സര്‍ക്കാര്‍ മുതലാളിത്തം നല്‍കുന്ന സ്വതന്ത്ര വിപണി എന്ന സാധ്യതയെപ്പോലും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറി കെ.എ. ഷഫീക്ക് അഭിപ്രായപ്പെട്ടു.
ദലിത് ചിന്തകന്‍ എ.എസ്. അജിത്കുമാര്‍, സാമ്പത്തിക ചിന്തകന്‍ ഡോ. എം. കബീര്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, ജില്ല പ്രസിഡന്‍റ് നൗഷാദ് സി.എ, സെക്രട്ടറി അഫ്സല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.