പ്രതിസന്ധിയുടെ കയത്തില്‍ സഹകരണം
text_fieldsകണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെ വാരം ഗ്രാമത്തിലെ ചൊവ്വ റൂറല്‍ ബാങ്ക് ശാഖയില്‍ ഇടപാടുകാര്‍ ഒത്തു കൂടിയിരിക്കുകയാണ്. നിക്ഷേപകരെക്കാളേറെ സ്വര്‍ണം പണയപ്പെടുത്തിയവരും വായ്പ അപേക്ഷകരുമായ സാധാരണക്കാരാണ് സദസ്സ് നിറയെ. പലതവണകളായി ബാങ്കില്‍ പട്ടിണിയും പരിഭവങ്ങളും സന്ദേഹവും നിരത്തി മടങ്ങിയവരുണ്ട് അവര്‍ക്കിടയില്‍. ബാങ്കിന്‍െറ ചീഫ് അക്കൗണ്ടന്‍റ് വിശ്വനാഥന്‍ ഇവരുടെ ആശങ്ക മനസില്‍ക്കണ്ടാണ് പ്രസംഗിക്കുന്നത്. അതേസമയം, ഉദ്ഘാടകനായ അസി. രജിസ്ട്രാര്‍ ചടങ്ങ് ആരംഭിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും എത്തിയിട്ടില്ല. കാരണം, രാവിലെ തുടങ്ങി വൈകീട്ട് അവസാനിക്കുന്ന അരഡസനോളം ഇടപാടുകാരുടെ സംഗമത്തില്‍ ഈ ഉദ്യോഗസ്ഥന് പ്രസംഗിക്കണമായിരുന്നു. അഞ്ചരക്കണ്ടിയിലെ ഇടപാട് സംഗമം കഴിഞ്ഞ് കണ്ണൂര്‍ വാരം ബസാറിലെ സംഗമത്തിന് ഉദ്യോഗസ്ഥനത്തെുമ്പോള്‍ സന്ധ്യ കഴിഞ്ഞു. അപ്പോഴും ഇടപാടുകാര്‍ സംശയനിവാരണത്തിനായി സദസ്സില്‍ അക്ഷമരായി ഇരുന്നു.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖല സാക്ഷ്യം വഹിക്കുന്ന സംഭവബഹുലമായ അനുഭവങ്ങളിലൊന്നാണിത്. കറന്‍സി നിരോധനം സഹകരണ മേഖലയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും അത് മറികടക്കാനുള്ള തത്രപ്പാടും എവ്വിധമാണ് നാടിനെ ഇളക്കിമറിക്കുന്നതെന്ന് ഇടപാടുകാരുടെ സംഗമങ്ങള്‍ വ്യക്തമാക്കുന്നു. ആശങ്കയുമായി ഒഴുകിയത്തെുന്ന ഇത്തരം ഇടപാടുകാരുടെ ബാഹുല്യമാണ് സംഗമവേദികളില്‍. ‘നിങ്ങളുടെ നിക്ഷേപം സഹകരണ ബാങ്കുകളില്‍ സുരക്ഷിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഗാരന്‍റിയാണെന്നും എഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് ഗ്രാമങ്ങളിലുടനീളം സഹകരണ ബാങ്കുകള്‍ ഇടപാടുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്കുകളിലെ ഇടപാടുകള്‍ സ്തംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. കറന്‍സി നിരോധനത്തിനുശേഷം ആദ്യ ആഴ്ച ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ എങ്ങും ശൂന്യതയാണ്. പക്ഷേ, ജീവനക്കാര്‍ വിശ്രമത്തിലല്ല. പണമില്ളെന്ന് ബോധ്യപ്പെടുത്താനും നിക്ഷേപം സുരക്ഷിതമാണെന്ന് വിശദീകരിക്കാനും ഓരോ ഇടപാടുകാരനും കൗണ്‍സലിങ് നല്‍കുകയാണ് അവര്‍.
പ്രാഥമിക ബാങ്കിന്‍െറ കോടികള്‍ ജില്ല ബാങ്കുകളില്‍ നിക്ഷേപമായിട്ടുണ്ടെങ്കിലും പുതിയ നിയന്ത്രണമനുസരിച്ച് ജില്ല ബാങ്കിലെ കറന്‍റ് അക്കൗണ്ടില്‍നിന്ന് പ്രാഥമിക സംഘങ്ങള്‍ക്ക് കിട്ടുന്നത് 50,000 രൂപയാണ്. അതാവട്ടെ പത്തും പതിനഞ്ചും ശാഖകളിലേക്ക് വീതിച്ചാല്‍ എന്തിന് തികയാന്‍? പ്രാഥമിക ബാങ്കുകളില്‍ ഇടപാട് സ്തംഭിച്ചതിനോടൊപ്പം നിലവിലെ നിക്ഷേപകര്‍ ജില്ല ബാങ്ക് ശാഖകളില്‍ നിക്ഷേപം തുടങ്ങുന്നത് വ്യാപിച്ചതാണ് ഇപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഒരു ഭാഗത്ത് ഇടപാടുകാരെ പിടിച്ചുനിര്‍ത്താന്‍ ബോധവത്കരണം നടത്തുമ്പോള്‍, ജില്ല ബാങ്കിലേക്കുള്ള കുടിയേറ്റത്തിന് എങ്ങനെ തടയിടുമെന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ഒരു നിശ്ചയവുമില്ല.
ഈ പ്രതിഭാസം വ്യാപകമായാല്‍ ചില ബാങ്കുകളുടെ നിക്ഷേപം ഇടിയും. വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ ചിലത് നിര്‍ജീവമായ ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിക്കുമോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 1521 സംഘങ്ങള്‍ വര്‍ധിച്ചിരുന്നു. പ്രൈമറി അഗ്രികള്‍ചറല്‍ ബാങ്കുകള്‍ മാത്രം 20ലേറെ പുതുതായി നിലവില്‍ വന്നവയാണ്. 2011ല്‍ 3675 ക്രെഡിറ്റ് സൊസൈറ്റികളും പ്രാഥമിക ബാങ്കുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍ 2016ല്‍ അത് 4045 ആയി ഉയര്‍ന്നു. ഇവയെല്ലാം പ്രതിസന്ധിയുടെ കയത്തിലായി.
ബാങ്കിന്‍െറ അനുബന്ധമായി നിലനില്‍ക്കുന്ന കണ്‍സ്യൂമര്‍ സൊസൈറ്റികളെയും കാര്‍ഷിക ബാങ്കുകളെയും എംപ്ളോയീസ് സൊസൈറ്റികളെയും നോട്ട് ക്ഷാമം സാരമായി ബാധിച്ചു. നിക്ഷേപം കുറയുന്നതനുസരിച്ച് വായ്പ പദ്ധതിയെ പ്രതികൂലമായി ബാധിച്ചാല്‍ സാധാരണക്കാര്‍ ഏറെ ബന്ധപ്പെടുന്ന സൊസൈറ്റികളാണ് തകരുക. ഫലത്തില്‍ സഹകരണ ബാങ്കുമായി ഇടപെടുന്നവരുടെ എണ്ണം ക്രമേണ ചുരുങ്ങും. ഇത് ശേഷി തരംതിരിവില്‍ ബാങ്കുകളെയും ക്ഷയിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചില ബാങ്കുകളുടെ ശാഖകള്‍ പൂട്ടേണ്ടിവരുമെന്നാണ് സൂചന.
ഷര്‍ട്ടിന് കുത്തിപ്പിടിച്ചും പ്രതിഷേധം
കൂലിപ്പണിക്കാരി ജാനകി, ഭൂമി പണയപ്പെടുത്തി കുടില്‍ പൊളിച്ചാണ് 800 സ്ക്വയര്‍ഫീറ്റ് വീടിന്‍െറ തറ പൂര്‍ത്തിയാക്കിയത്. വായ്പയെടുത്ത കണ്ണൂരിലെ മലയോര മേഖലയിലെ കുറുമാത്തൂരിലെ ബാങ്കിലത്തെിയപ്പോള്‍ അടുത്ത ഗഡു ഉടന്‍ കിട്ടില്ളെന്നറിഞ്ഞ് അവര്‍ തലകറങ്ങി വീഴുകയായിരുന്നു. ജാനകിയെ അടുത്ത ആരോഗ്യകേന്ദ്രത്തിലത്തെിക്കലും ശുശ്രൂഷിക്കലുമായിരുന്നു ജീവനക്കാരില്‍ ചിലര്‍ക്ക് അന്നത്തെ ഡ്യൂട്ടി.
വായ്പ അനുവദിച്ചാല്‍ അതിന് ചെക്ക് നല്‍കാന്‍ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും അതിലേക്ക് വായ്പാ തുക നിക്ഷേപിച്ച് ഗഡുക്കളായി തിരിച്ചുകിട്ടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ക്ളര്‍ക്കിന്‍െറ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കാനൊരുങ്ങി മറ്റൊരു ഇടപാടുകാരന്‍. കണ്ണൂര്‍ തോട്ടട ശാഖയിലായിരുന്നു ഈ സംഭവം. ഇയാളെ മയപ്പെടുത്താന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ബാങ്കിനുള്ളില്‍ തൂക്കിയിട്ട ‘സഹകരണ നിക്ഷേപത്തിന് കേരള സര്‍ക്കാര്‍ ഗാരന്‍റി’ എന്ന ബാനര്‍ കീറിവലിച്ചെറിഞ്ഞാണ് മറ്റൊരു ക്ഷീര കര്‍ഷകന്‍ സ്ഥലം വിട്ടത്. ചില ബാങ്കുകളുടെ പരിസരത്ത് ഭരണസമിതി അംഗങ്ങള്‍തന്നെ തമ്പടിച്ച് ഇടപാടുകാരുടെ സന്ദേഹത്തിന് ആശ്വാസമരുളുന്നുണ്ട്.
മരുന്നിനും കാശില്ലാതെ സഹ. ആശുപത്രി
തിരുവനന്തപുരം: സഹകരണമേഖലക്ക് പണം പിന്‍വലിക്കാന്‍ അനുമതി കിട്ടിയാല്‍, കൂട്ടത്തോടെയുള്ള ജനങ്ങളുടെ തള്ളിക്കയറ്റമായിരിക്കും ബാങ്കുകളില്‍ ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. ഇതു മുതലാക്കി നിക്ഷേപകരെ വരുതിയിലാക്കാന്‍ കാത്തിരിക്കുകയാണ് സ്വകാര്യ ബാങ്കുകള്‍.
തിരുവനന്തപുരം ജില്ലയില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്തില്‍ കൂടുതല്‍ സ്പെഷല്‍ ഗ്രേഡ് ബാങ്കുകളുണ്ട്.
പേരൂര്‍ക്കട, കണ്ടല, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം കോഓപറേറ്റിവ് സൊസൈറ്റി തുടങ്ങിയവ. 24,000 രൂപ പിന്‍വലിക്കാന്‍ അനുമതി കിട്ടിയതുകൊണ്ടുമാത്രം ഒരുവിധം പടിച്ചുനില്‍ക്കുന്നു എന്നാണ് ഭരണനേതൃത്വങ്ങള്‍ പറയുന്നത്. കണ്ടല സര്‍വിസ് സഹകരണബാങ്കിന് കീഴിലെ സഹകരണ ആശുപത്രി പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണ്. രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പറയുന്നു. ചിട്ടികളുടെ നറുക്കെടുപ്പും പ്രതിസന്ധിയിലാണ്.
സഹകരണമേഖലയില്‍ ജില്ലയില്‍ നൂറ്റിപ്പതിനേഴോളം വരുന്ന പ്രാഥമിക സംഘങ്ങളുണ്ട്. അവക്ക് കീഴില്‍ ക്ഷീര സംഘങ്ങളടക്കം ആയിരത്തി എഴുനൂറോളം ചെറുകിട സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഒരു ജില്ല ബാങ്കും അതിന് 73 ശാഖകളും ജില്ലയിലുണ്ട്. 50000, 100000, 200000 എന്നിങ്ങനെയുള്ള ചെറുകിട നിക്ഷേപങ്ങളാണ് ഈ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്. തങ്ങളുടെ ഈ നിക്ഷേപം തിരിച്ചെടുക്കാന്‍ പറ്റാതെ വന്നാല്‍ അത് സഹകരണമേഖലയുടെ നിലനില്‍പുതന്നെ അപകടത്തിലാക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.