Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആടിയുലഞ്ഞ് കായല്‍...

ആടിയുലഞ്ഞ് കായല്‍ ടൂറിസം

text_fields
bookmark_border
ആടിയുലഞ്ഞ് കായല്‍ ടൂറിസം
cancel

വിനോദ സഞ്ചാരികള്‍ ഒഴുകിയത്തെുന്ന ഡിസംബര്‍, ജനുവരി മാസങ്ങള്‍ കുമരകത്തെ ഹൗസ്ബോട്ടുകള്‍ക്കും ജീവനക്കാര്‍ക്കും ചാകരക്കാലം. എന്നാല്‍, നോട്ട് ക്ഷാമത്തില്‍ കുടുങ്ങി ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40-50 ശതമാനം വരെ കുറവുണ്ടായതോടെ കായല്‍ ടൂറിസം കടുത്ത പ്രതിസന്ധിയിലാണെന്ന് ബോട്ടുടമകള്‍ പറയുന്നു.

കോട്ടയം-ആലപ്പുഴ ജില്ലകളുള്‍പ്പെടുന്ന കുട്ടനാട് കായല്‍ ടൂറിസം മേഖലയില്‍ 1500ലധികം ഹൗസ്ബോട്ടുകളുണ്ട്. ഇതില്‍ കുമരകം കേന്ദ്രമാക്കിമാത്രം 80 ഹൗസ്ബോട്ടുകളും. നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് സകലരംഗത്തും ആദ്യ ആഴ്ചകളില്‍ അനുഭവപ്പെട്ട പ്രതിസന്ധി ഇപ്പോഴിവിടെയും മാറിവരുന്നുണ്ടെന്നും വിദേശ ടൂറിസ്റ്റുകളുടെ വരവ് തുടങ്ങിയത് ആശ്വാസമാവുമ്പോള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് 60 ശതമാനം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ബോട്ടുടമ സംഘം ഭാരവാഹിയായ അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, ബോട്ടുകളിലെ ജീവനക്കാര്‍ ഇപ്പോഴും അസംതൃപ്തിയിലാണ്. നേരിട്ടുള്ള സാമ്പത്തിക ഇടപാടുകളും ബുക്കിങ്ങും ഇപ്പോള്‍ പരിമിതമാണെന്നും ട്രാവല്‍ എജന്‍സികള്‍ വഴി ഓണ്‍ലൈന്‍ ഇടപാടുകളായതിനാല്‍ വലിയതോതില്‍ സാമ്പത്തികബുദ്ധിമുട്ട് ഹൗസ്ബോട്ടുകളെ ബാധിച്ചിട്ടില്ളെന്നും ചൂണ്ടിക്കാട്ടുന്നവര്‍ കുറവല്ല. എന്നാല്‍, സ്പോട്ട് ബുക്കിങ്ങില്‍ 40 ശതമാനം കുറവുണ്ടായി.

വരുംദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്ന ആശങ്കയും ഉടമകള്‍ തള്ളുന്നില്ല. എന്നാല്‍, കൈയില്‍ പണമില്ലാത്തത് ബുദ്ധിമുട്ടിക്കുന്നതായി ഹൗസ്ബോട്ട് ഉടമകള്‍ പറയുന്നു. ശമ്പളം കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ ഇവര്‍ തൊഴിലാളികള്‍ക്ക് ചെക്ക ്നല്‍കുകയാണ്. നോട്ട് നിരോധനത്തിന്‍െറ തുടക്കത്തില്‍ വലിയ തിരിച്ചടിയായിരുന്നെങ്കില്‍ ഇപ്പോള്‍ മെച്ചപ്പെട്ടതായി ഹൗസ്ബോട്ട് ഉടമ ആന്‍റണി സെബാസ്റ്റ്യന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് സഞ്ചാരികളത്തെുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ടൂറിസ്റ്റുകളുടെ കുറവ് 60 ശതമാനത്തിലധികമാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ടൂറിസ്റ്റുകളുടെ കുറവുമൂലം കുമരകത്ത് കാത്തുകെട്ടി കിടക്കുന്ന വഞ്ചിവീടുകള്‍. ഫോട്ടോ: റസാഖ് താഴത്തങ്ങാടി
 

കോട്ടയം-ആലപ്പുഴ-കൊല്ലം-എറണാകുളം ജില്ലകളില്‍നിന്നെല്ലാം ടൂറിസ്റ്റുകള്‍ ഹൗസ്ബോട്ടില്‍ കയറുന്നതിനാല്‍ ടൂറിസം ബിസിനസില്‍ ഇനിയും ഏകോപനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും ഉടമകള്‍ പറയുന്നു. അതേസമയം, കുമരകത്തെ ചെറുബോട്ടുകാരും ചെറുവള്ളങ്ങളും നിശ്ചലമായിട്ട് ആഴ്ചകളായി. സാധാരണ ലഭിച്ചിരുന്ന ബുക്കിങ്ങുകളുടെ പകുതിപോലും ഇപ്പോള്‍ ലഭിക്കുന്നില്ളെന്നും ചെറുകിടക്കാര്‍ വേദനയോടെ പറയുന്നു. ഹൗസ്ബോട്ടുകളിലത്തെുന്ന സഞ്ചാരികളെ കാത്ത് വേമ്പനാട്ട് കായലിന്‍െറ കരയില്‍ നിരവധി ചെറുകിട കച്ചവടക്കാരുണ്ട്. വീടുകളില്‍ ഭക്ഷണമൊരുക്കി കാത്തിരിക്കുന്നവരും അനവധി.

അവര്‍ക്കും ഇപ്പോഴത്തെ പ്രതിസന്ധി തിരിച്ചടിയായിരിക്കുകയാണ്. പലരും ഇത്തരം ‘ഷോപ്പിങ്’ ഉപേക്ഷിച്ചിരിക്കുകയാണ്. ഫലത്തില്‍ കായല്‍ ടൂറിസവും നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി വലയുകയാണ്. ശിക്കാര ബോട്ടുകളെയും പ്രതിസന്ധി കാര്യമായി ബാധിച്ചു. കുമരകത്ത് വന്നശേഷമാണ് പലരും ഇത്തരം ബോട്ടുകള്‍ വിളിക്കുന്നത്. ഇപ്പോള്‍ അങ്ങനെ വിളിക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതായെന്ന് ബോട്ടുടമ സണ്ണി പറഞ്ഞു.

‘ടിപ്’ വെള്ളത്തില്‍
ഹൗസ്ബോട്ടിലെ സവാരി തീരുമ്പോള്‍ ജീവനക്കാര്‍ക്ക് സഞ്ചാരികളുടെ വക ‘ഉപഹാരം’ പതിവായിരുന്നു. മൂന്ന് ജീവനക്കാരുള്ള ബോട്ടില്‍ ഏറ്റവും കുറഞ്ഞത് 300 രൂപയെങ്കിലും കിട്ടും. ഭൂരിഭാഗവും 500ന്‍െറയോ 1000ത്തിന്‍േറയോ നോട്ടുകളായിരുന്നു നല്‍കിയിരുന്നത്. നോട്ട് നിരോധനം വന്നതോടെ ‘ടിപ്’ ഇല്ലാതായി. നേരത്തെ ടിപ്പില്‍നിന്ന് ദിവസചെലവുകള്‍ കഴിഞ്ഞുപോകുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ശമ്പളം പ്രത്യേക നിക്ഷേപമായിരുന്നു. ടിപ് കിട്ടാതായതോടെ ചെലവിന് ശമ്പളത്തില്‍നിന്ന് നല്ളൊരുപങ്ക് ചെലവാകാന്‍ തുടങ്ങി. അതോടൊപ്പം ശമ്പളം ചെക്കായി നല്‍കുന്നതിനാല്‍ മാറിയെടുക്കാന്‍ ബാങ്കില്‍ ക്യൂനില്‍ക്കണമെന്ന പുതിയ ജോലിഭാരം കൂടി ഇവരെ തേടിയത്തെി.

നോട്ടില്ല; സഞ്ചാരികളെ ഒഴിവാക്കേണ്ട ഗതികേട്
ആലപ്പുഴ: ഏകദേശം 1900 ഹൗസ്ബോട്ടുകള്‍ കുട്ടനാടന്‍ കായല്‍മേഖലയില്‍ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അപ്പര്‍കുട്ടനാട്ടിലും ലോവര്‍ കുട്ടനാട്ടിലും ഇവയിലെ സഞ്ചാരം ഏറ്റവും വലിയ വിനോദമാണ്. സാധാരണ ഓരോ ഹൗസ്ബോട്ടും ആഴ്ചയിലേക്കുള്ള ഡീസല്‍ നേരത്തേ ശേഖരിച്ചുവെക്കും. ടൂറിസ്റ്റുകളുടെ അഭിരുചിക്കനുസരിച്ച് മത്സ്യ-മാംസ-ഇതര ഭക്ഷണങ്ങളും തയാറാക്കണം. ഏജന്‍സികളാണ് ടൂറിസ്റ്റുകളെ ഏര്‍പ്പാട് ചെയ്യുന്നത്. ഏജന്‍സികള്‍ കണക്ക് സെറ്റില്‍ചെയ്യുന്നത് വര്‍ഷാന്ത്യമാണ്. ഓരോ ഹൗസ്ബോട്ട് ഉടമയും മാസങ്ങളോളം തങ്ങളുടെ ടൂറുകള്‍ നടത്തേണ്ടത് കൈയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ്.

എന്നാല്‍, ഇപ്പോള്‍ കറന്‍സി കൈയിലില്ല. ആഴ്ചയില്‍ 24,000 രൂപ മാത്രമേ എടുക്കാന്‍ കഴിയൂ. കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയാല്‍ മൂന്നും നാലും ഹൗസ്ബോട്ടുകളുള്ള ഉടമ കുറഞ്ഞത് ഒരുലക്ഷത്തിലധികം രൂപ കരുതിയിരിക്കണം. കറന്‍സി നിബന്ധനകൊണ്ട് ഇത് സാധിക്കുന്നില്ല. അപ്പോള്‍ പരമാവധി ടൂറിസ്റ്റുകളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. അത്തരമൊരു അവസ്ഥയാണ് സംജാതമായതെന്ന് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് ജോസ്കുട്ടി ജോസഫ് പറഞ്ഞു. 90 ശതമാനം ഹൗസ്ബോട്ട് ഉടമകളും അവരുടെ കൂടെ പണിയെടുക്കുന്ന നാലായിരത്തോളം തൊഴിലാളികളും ഈ മാന്ദ്യത്തിന്‍െറ ബലിയാടുകളാണ്.


2015 നവംബറില്‍ 85 ശതമാനമായിരുന്നു ടൂറിസ്റ്റുകളുടെ വരവ്. ഇത്തവണ ആലപ്പുഴയില്‍ വിദേശ കറന്‍സി മാറ്റിയെടുക്കാന്‍ ഉണ്ടായ പ്രയാസംമൂലം ടൂറിസ്റ്റുകള്‍ കൂടുതല്‍ ദിവസം ചെലവഴിക്കാതെ മടങ്ങി. കൈയിലുള്ള എ.ടി.എം കാര്‍ഡുകൊണ്ട് പ്രയോജനവുമില്ല. അതാണ് വിദേശ ടൂറിസ്റ്റുകളെ കുഴക്കിയത്. ഹൗസ്ബോട്ടുകള്‍ പണം നേരിട്ട് മാത്രമാണ് വാങ്ങുന്നത്. സൈ്വപ് മെഷീന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഹൗസ്ബോട്ട് മേഖലയില്‍ കുറവാണ്. ഇക്കാരണത്താല്‍ 90 ശതമാനം സര്‍വിസുകളും അനിശ്ചിതത്വത്തിലായി.
ബുക്കുചെയ്തവര്‍ പിന്‍വലിയുന്നു; പുതിയതും നിലച്ചു
കൊച്ചി: ജനുവരി മുതലുള്ള മൂന്നുമാസം എന്തുചെയ്യുമെന്ന ആശങ്കയാണ് വിനോദസഞ്ചാര മേഖലയിലാകെ. ഈ മാസങ്ങളിലേക്ക് ബുക്കുചെയ്തിരുന്ന പല വിനോദസഞ്ചാരികളും പിന്‍വലിയുന്നുവെന്ന് മാത്രമല്ല, പുതിയ ബുക്കിങ് വരുന്നുമില്ല. ഇതോടെ, പണനിയന്ത്രണം സാധാരണ നിലയിലേക്ക് വന്നാലും അടുത്ത ഒക്ടോബര്‍വരെ വിനോദസഞ്ചാര മേഖല ഏറക്കുറെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്ന ആശങ്കയാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ പങ്കുവെക്കുന്നത്.

സംസ്ഥാനത്ത് ഒരുവര്‍ഷമത്തെുന്ന വിനോദ സഞ്ചാരികളുടെ 65 ശതമാനവും എത്തുന്നത് ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള ആറുമാസക്കാലത്താണ്. ഹൗസ് ബോട്ട് മുതല്‍ റിസോര്‍ട്ടുകള്‍വരെയുള്ള സംരംഭകരും കൗതുകവസ്തുക്കള്‍ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന കലാശില്‍പങ്ങള്‍ വരെ വില്‍പന നടത്തുന്ന വ്യാപാരികളും ഒരുവര്‍ഷത്തേക്കുള്ള വരുമാനം പ്രതീക്ഷിക്കുന്നത് ഈ കാലയളവിലാണ്. ബാക്കിയുള്ള ആറുമാസം വാടകയും വൈദ്യുതി ചെലവിനുമുള്ള വക കിട്ടിയാല്‍ ലാഭമെന്നാണ് കാലങ്ങളായുള്ള സങ്കല്‍പം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ഓഫ് സീസണായാണ് പരിഗണിക്കുന്നത്. ഈ സമയത്ത് 35 ശതമാനം വിനോദസഞ്ചാരികളാണ് എത്തുക.

എന്നാല്‍, ഇക്കുറി സീസണ്‍ തുടങ്ങിയ ഉടന്‍തന്നെ നോട്ട് പ്രതിസന്ധിയും രൂപപ്പെട്ടു. അതോടെ വര്‍ഷത്തിലെ ഏറ്റവും പ്രധാന സീസണിലെ വരുമാനവും മുടങ്ങി. ആഭ്യന്തര വിനോദസഞ്ചാരികള്‍ പലപ്പോഴും രണ്ടാഴ്ച മുമ്പും മറ്റുമാണ് യാത്രക്കൊരുങ്ങുക. എന്നാല്‍, വിദേശസഞ്ചാരികള്‍ മാസങ്ങള്‍ക്കുമുമ്പേ പദ്ധതി തയാറാക്കുകയും ബുക്കിങ് നടത്തുകയും ചെയ്യും.

അങ്ങനെയുള്ളവരാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്ന വിദേശികളെന്ന് ടൂറിസം മേഖലയിലെ സംരംഭകരുടെ പൊതുവേദിയായ കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്‍റ് അബ്രഹാം ജോര്‍ജ് പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ അന്വേഷിച്ചറിഞ്ഞ വിദേശ ട്രാവല്‍ ഏജന്‍സികള്‍ കൊടുക്കുന്ന ഉപദേശം ഇന്ത്യയില്‍ പണ പ്രതിസന്ധിയാണെന്നും അതിനാല്‍ യാത്ര തല്‍ക്കാലം സുഖകരമാവില്ല എന്നുമാണ്.

ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള മാസങ്ങളില്‍ ഹോട്ടല്‍ മുറികളും മറ്റും ബുക്കുചെയ്തിരുന്നവര്‍ ഇപ്പോള്‍ അവ റദ്ദാക്കിക്കൊണ്ടിരിക്കുന്നത്. നോട്ടുക്ഷാമം മൂലം ആഭ്യന്തര സഞ്ചാരികളും യാത്രാ പരിപാടികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു.

5000 കൊണ്ട് എന്താകാന്‍
വിദേശികള്‍ക്ക് ആഴ്ചയില്‍ 5000 രൂപയാണ് വിദേശ കറന്‍സി മാറ്റി ഇന്ത്യന്‍ രൂപയാക്കാന്‍ അനുവദിച്ചിട്ടുള്ളത്. പലരും ഒരാഴ്ചയില്‍ താഴെയുള്ള പാക്കേജുമായാണ് എത്തുന്നത്. 5000 രൂപകൊണ്ട് വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്ര, സന്ദര്‍ശന ഫീസ്, ചെറുകിട കടകളില്‍നിന്ന് ഭക്ഷണം, യാത്രയുടെ ഓര്‍മക്കായുള്ള കൗതുകവസ്തുക്കള്‍ വാങ്ങല്‍ എന്നിവ നടക്കില്ല. ഇന്ത്യയിലെ നാടന്‍ ഭക്ഷണവൈവിധ്യം തേടിയത്തെുന്നവര്‍ അധികവും ആഗ്രഹിക്കുന്നത് ചെറുകിട-ഇടത്തരം ഭക്ഷണശാലകളില്‍നിന്ന് തനത് രുചി ആസ്വദിക്കാനാണ്.

ഇത്തരം കടകളില്‍ ക്രെഡിറ്റ് കാര്‍ഡും മറ്റും എടുക്കുകയുമില്ല. മാത്രമല്ല, രണ്ടുമാസം മുമ്പുണ്ടായ എ.ടി.എം തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ളെന്ന മുന്നറിയിപ്പും പല വിദേശ ട്രാവല്‍ ഏജന്‍സികളും നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് കേരളം സന്ദര്‍ശിക്കാനിരുന്ന ജര്‍മന്‍ ഡോക്ടര്‍മാരുടെ സംഘം കഴിഞ്ഞദിവസം യാത്ര റദ്ദാക്കിയതിന് കാരണം പറഞ്ഞത് പണനിയന്ത്രണവും കാര്‍ഡ് ഉപയോഗത്തിലെ സുരക്ഷിതത്വമില്ലായ്മയുമാണെന്ന് എറണാകുളത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന പീറ്റര്‍ വിശദീകരിക്കുന്നു.
തയാറാക്കിയത്:  സി.എ.എം. കരീം, കളര്‍കോട് ഹരികുമാര്‍, എം.കെ.എം. ജാഫര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sectorcurrency demonetisationhouse boat
News Summary - currency demonetisation affected tourism sector and house boat business
Next Story