നോട്ട് മാറ്റം ക്ളിനിക്കല്‍ സര്‍ജറിയേക്കാള്‍ പ്രത്യാഘാതമുണ്ടാക്കും –സെമിനാര്‍
text_fieldsകോഴിക്കോട്: ഡോക്ടര്‍ ഒരാളുടെ ശരീരത്തില്‍ നടത്തുന്ന ക്ളിനിക്കല്‍ സര്‍ജറിയേക്കാള്‍ ആയിരം മടങ്ങ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് നോട്ട് മാറ്റമെന്ന് സെമിനാര്‍. ‘ആഗോളവത്കരണത്തിന്‍െറ കാല്‍നൂറ്റാണ്ട്; വൈദ്യുതി മേഖലയിലെ അനുഭവപാഠങ്ങള്‍’ എന്ന പേരില്‍ എം. സുകുമാരപിള്ള ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ജനങ്ങളെ പിച്ചക്കാരാക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച സാമ്പത്തിക വിദഗ്ധന്‍ പ്രഫ. വാസുദേവന്‍ പറഞ്ഞു. മുമ്പും ശേഷവും ഒരുക്കങ്ങള്‍ നടത്തിയാണ് ഏത് ഡോക്ടറും ഒരാളുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തുക.
സര്‍ജറിക്ക് മുമ്പ് മുന്നൊരുക്കങ്ങളും ശേഷം പരിചരണ രീതികളും ഡോക്ടര്‍ നിര്‍ദേശിക്കും. എന്നാല്‍, ഇവ രണ്ടുമില്ലാതെയാണ് നോട്ട് പിന്‍വലിക്കല്‍ നടത്തിയത്. ജനപ്രതിനിധിസഭകളുടെയടക്കം അംഗീകാരമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയുള്ള വിത്ത് വിതരണം അടക്കമുള്ളവ മുടങ്ങി. സ്വയം അധ്വാനിച്ച പണം കൈയിലുണ്ടായിട്ടും പിച്ചക്കാരനെ പോലെ തെണ്ടേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ആഗോളവത്കരണ നയങ്ങളെ ചെറുത്ത പോലെ, ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഇതിന് തടയിടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എ.എന്‍. രാജന്‍ മോഡറേറ്ററായിരുന്നു. എം.ജി. സുരേഷ്കുമാര്‍, കെ. അശോകന്‍, ജെ. സുധാകരന്‍ നായര്‍, എം.ജി. അനന്തകൃഷ്ണന്‍, എസ്. ബാബുക്കുട്ടി എന്നിവര്‍ സംസാരിച്ചു. എം.പി. ഗോപകുമാര്‍ സ്വാഗതവും ടി. ജനാര്‍ദനന്‍ കളരിക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.