സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ദുരൂഹത വര്‍ധിക്കുന്നു
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ വിവിധ സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണം സംബന്ധിച്ച ദുരൂഹത വര്‍ധിക്കുന്നു. നിരവധി സഹകരണ ബാങ്കുകള്‍ ക്രമക്കേടു കാട്ടിയെന്നും നീക്കിയിരിപ്പു പണത്തിന്‍െറ കണക്കുകളില്‍ മറിമായമുണ്ടെന്നും ആദായനികുതി വകുപ്പ് റിസര്‍വ് ബാങ്കിനെ അറിയിച്ചു. കൃത്രിമം നടന്നതായി വിവരമില്ളെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ രേഖയിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തു വന്നത്.
പുണെയിലെയും മുംബൈയിലെയും രണ്ടു ബാങ്കുകളുടെ കാര്യം ആദായനികുതി വകുപ്പ് എടുത്തു പറഞ്ഞിട്ടുണ്ട്. നോട്ട് അസാധുവാക്കിയ ശേഷം തങ്ങളുടെ പക്കല്‍ 242 കോടി രൂപയുടെ പഴയ നോട്ട് നീക്കിബാക്കിയുണ്ടെന്നാണ് പുണെ ബാങ്ക് റിസര്‍വ് ബാങ്കിനെ അറിയിച്ചത്. എന്നാല്‍, ആദായ നികുതി വകുപ്പിന്‍െറ പരിശോധനയില്‍ 141 കോടി മാത്രമായിരുന്നു അസാധു നോട്ട്. ഡിസംബര്‍ 23ലെ കണക്കാണിത്. ഫലത്തില്‍ 101 കോടി രൂപയുടെ വ്യത്യാസമുണ്ട്. മുംബൈ ബാങ്കില്‍ 11.89 കോടിയുടെ വ്യത്യാസം കണ്ടത്തെി.
വിശദീകരിക്കാനാവാത്ത ഗുരുതരമായ വ്യത്യാസമാണ് കണ്ടുപിടിച്ചതെന്ന് ആദായനികുതി വകുപ്പ് റിസര്‍വ് ബാങ്കിനെ അറിയിച്ചു. അസാധു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധി അവസാനിച്ച ഡിസംബര്‍ 30നു തന്നെ നീക്കിയിരിപ്പുള്ള അസാധുനോട്ടിന്‍െറ കണക്ക് റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നും, തൊട്ടുപിറ്റേന്നു തന്നെ ആ പണം ബാങ്ക് ചെസ്റ്റുകളില്‍ ഏല്‍പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ആദായനികുതി വകുപ്പില്‍ നിന്നുകിട്ടിയ അറിയിപ്പിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഈ ജാഗ്രതയെന്ന് കത്തിന്‍െറ പകര്‍പ്പ് ലഭിച്ച വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.
നിരവധി സഹകരണ ബാങ്കുകള്‍ നോട്ട് അസാധുവാക്കിയ അവസരം ദുരുപയോഗിച്ചുവെന്ന് റിസര്‍വ് ബാങ്കിനു പുറമെ ധനമന്ത്രാലയത്തിനും അയച്ചിട്ടുള്ള കത്തില്‍ വിശദീകരിച്ചു. ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരുന്നു. കള്ളപ്പണക്കാര്‍ക്ക് സഹകരണ ബാങ്കുകള്‍ കൂട്ടുനിന്നതിന് രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള വിവരവും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നുണ്ട്. ഊരും പേരും കൃത്യമല്ലാത്ത 90 പേര്‍ക്ക് എട്ടു കോടി രൂപ വായ്പ നല്‍കിയെന്നാണ് ആള്‍വാര്‍ സഹകരണ ബാങ്കിന്‍െറ കണക്കിലുള്ളത്.
നോട്ട് അസാധുവാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അസാധു നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെ വിലക്കിയിരുന്നു. ഇത് ഗ്രാമീണ മേഖലയുടെ സമ്പദ്സ്ഥിതി തകര്‍ത്തു. എന്നാല്‍, സഹകരണ ബാങ്കുകള്‍ കൃത്രിമം കാട്ടിയതായി വിവരമില്ളെന്നാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിവരാവകാശ രേഖയിലൂടെ വെളിപ്പെടുത്തിയത്. സഹകരണ ബാങ്ക് വിഷയത്തില്‍ റിസര്‍വ് ബാങ്കോ ധനമന്ത്രാലയമോ ഒളിച്ചുകളിക്കുന്നുണ്ടെന്ന് പുറത്തുവന്ന വിവരങ്ങളിലെ പൊരുത്തക്കേടില്‍ നിന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.