ജീവിതം ‘പഠിച്ച്’ സാധാരണക്കാര്‍
text_fieldsകൊച്ചി: പണത്തിന് നിയന്ത്രണം വന്നതോടെ സാധാരണക്കാര്‍ പഠിച്ചത് ‘ജീവിതം’. ഉള്ള പണംകൊണ്ട് എങ്ങനെ ജീവിക്കാമെന്നതിന്‍െറ പരീക്ഷണ പാഠങ്ങളിലൂടെയാണ് ജനം കടന്നുപോകുന്നത്. ഇതിന്‍െറ ദുരിതം അനുഭവിക്കുന്നതും സാധാരണക്കാര്‍തന്നെ.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഏറ്റവുമധികം യാത്രക്കാരെ കിട്ടിയിരുന്നത് എറണാകുളത്തായിരുന്നു. അവര്‍ക്ക് നിന്നുതിരിയാന്‍ കഴിയാത്തവിധം തിരക്കുമായിരുന്നു. എന്നാല്‍, കറന്‍സി പ്രതിസന്ധി വന്നതോടെ മിക്ക ഓണ്‍ലൈന്‍ ടാക്സികളുടെയും ഓട്ടം ഏറക്കുറെ നിലച്ചു. ഇത്തരം യാത്രകള്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണ് പലരും. അറബ് രീതിയിലുള്ള ഭക്ഷണവുമായി പാതിരാത്രിവരെ തുറന്നുവെച്ചിരുന്ന ഭക്ഷണശാലകളിലും തിരക്ക് കുറഞ്ഞു. വാരാന്ത്യത്തില്‍ കുടുംബവുമായി പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലവും താല്‍ക്കാലികമായി നിലച്ചു. സിനിമ തിയറ്ററുകളിലും മാന്ദ്യം പ്രകടമാണ്. കഴിഞ്ഞയാഴ്ചകളില്‍ പല സിനിമകളുടെയും ടിക്കറ്റുകള്‍ക്കായി നെട്ടോട്ടമായിരുന്നെങ്കില്‍ ഈയാഴ്ച വരിനില്‍ക്കുകപോലും ചെയ്യാതെ ടിക്കറ്റ് കിട്ടുന്നുണ്ട്.
500ന്‍െറ നോട്ടുകള്‍ സ്വീകരിക്കാന്‍ ചില സിനിമ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ബാക്കി നല്‍കാനില്ലാത്തതിനാല്‍ തിയറ്ററുകാര്‍ സ്വീകരിക്കുന്നില്ല.
ബാങ്കില്‍നിന്ന് എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന പണം സൂക്ഷിച്ച് ചെലവാക്കാന്‍ തുടങ്ങിയതോടെയാണ് മിക്ക രംഗങ്ങളിലും തിരക്ക് കുറഞ്ഞത്.
മത്സ്യവിപണിയിലും ചിക്കന്‍ സ്റ്റാളുകളിലുമെല്ലാം ചെലവ് ചുരുക്കല്‍ പ്രകടമാണ്. വലിയ മത്സ്യങ്ങളുടെ വില്‍പന കുത്തനെ കുറഞ്ഞതായി എറണാകുളം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ആദ്യദിവസങ്ങളില്‍ അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ മിക്ക കച്ചവടക്കാരും അത് നിര്‍ത്തി. ബാങ്കില്‍ പോയി മണിക്കൂറുകളോളം വരിനിന്ന് മാറ്റിയെടുക്കാന്‍ കഴിയാത്തതിനാലാണിത്.
നൂറിന്‍െറ നോട്ടുമായി എത്തുന്നവര്‍ കുറഞ്ഞ തുകക്ക് മാത്രം മീന്‍ വാങ്ങുക എന്നതിലേക്ക് മാറി. ഞായറാഴ്ച ബീഫിന്‍െറ കച്ചവടം കുത്തനെ കുറയുമെന്ന ആശങ്കയിലാണ് ഇറച്ചിക്കച്ചവടക്കാരും. പണനിയന്ത്രണം നിലവില്‍വന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയാണിത്.
ചികിത്സ കാര്യത്തിലും ആളുകള്‍ പിശുക്കുകയാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന് മിക്ക സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും നോട്ടീസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയിലെ സ്കാനിങ്, രക്തപരിശോധന എന്നിവ കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.