ട്രഷറി ദുരിതം രണ്ടാംദിനവും
text_fieldsതിരുവനന്തപുരം: ട്രഷറി വഴി ശമ്പള-പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായ രണ്ടാംദിനവും താറുമാറായി. വെള്ളിയാഴ്ചത്തേക്ക് 140.57 കോടി ആവശ്യപ്പെട്ടിടത്ത് കിട്ടിയത് 99.83 കോടി രൂപ മാത്രം. വൈകീട്ടുവരെ പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട് ട്രഷറികള്‍ക്ക് ഒരു രൂപപോലും കിട്ടിയില്ല. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ രണ്ടാംദിവസവും പണം കിട്ടാതെ ജനം വലഞ്ഞു. തെക്കന്‍ കേരളത്തില്‍ താരതമ്യേന സ്ഥിതി മെച്ചപ്പെട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തിരക്കുണ്ടായെങ്കിലും വിതരണത്തിന് കാര്യമായ പ്രതിസന്ധി ഉണ്ടായില്ല. ശനിയാഴ്ച 200 കോടിയാണ് ട്രഷറികള്‍ക്ക് ആവശ്യം. പണം കിട്ടിയില്ളെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.
ശനിയാഴ്ച വിതരണത്തിന് വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പണമത്തെിക്കുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ട്രഷറിയും ശമ്പളവും ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകള്‍ക്കുമാത്രം 458 കോടി അനുവദിച്ചിട്ടുണ്ട്. എസ്.ബി.ഐക്ക് ലഭിച്ച 248 കോടിയില്‍ 168ഉം വടക്കന്‍ ജില്ലകള്‍ക്കാണ്. തെക്കന്‍ ജില്ലകളിലേക്ക് 80 കോടിയാണ് നീക്കിവെച്ചത്. എസ്.ബി.ടിക്ക് 210 കോടിയും കനറാ ബാങ്കിന് 80 കോടിയും അനുവദിച്ചു.
വ്യാഴാഴ്ച ബാക്കിയായ 12 കോടിയുമായി ഇടപാട് ആരംഭിച്ച ട്രഷറികളിലേക്ക് വെള്ളിയാഴ്ചയും സുഗമമായി പണമത്തെിക്കാനായില്ല.
ട്രഷറി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ പണത്തിന് പോയി കാത്തിരുന്നെങ്കിലും ആവശ്യപ്പെട്ടത് കിട്ടിയില്ല. ട്രഷറികളില്‍ പണം വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇവരില്‍ ഏറെയും പെന്‍ഷന്‍കാരായിരുന്നു. കഴിഞ്ഞ ദിവസം പണം കിട്ടാതെ മടങ്ങിയവര്‍ വെള്ളിയാഴ്ച വീണ്ടുമത്തെി. പണം നല്‍കിയില്ളെങ്കിലും വന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. ലഭിച്ച പണം മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യുകയായിരുന്നു. 22 ട്രഷറികള്‍ക്ക് 10 ലക്ഷത്തില്‍ താഴെ പണമേ ലഭിച്ചുള്ളൂ. രണ്ടിടത്ത് രണ്ടുലക്ഷം വീതവും ഒരിടത്ത് നാല് ലക്ഷവും ഒമ്പതിടത്ത് അഞ്ചുലക്ഷം വീതവും മൂന്നിടത്ത് ആറുലക്ഷം വീതവും ഒരിടത്ത് എട്ടുലക്ഷവും ഒരിടത്ത് ഒമ്പത് ലക്ഷവും ഒരിടത്ത് 10 ലക്ഷവുമാണ് ലഭിച്ചത്. ഈ ട്രഷറികളെല്ലാം 50 ലക്ഷം മുതല്‍ 80 ലക്ഷം വരെ ആവശ്യപ്പെട്ടിരുന്നതാണ്.
എസ്.ബി.ഐയില്‍നിന്ന് 38.06 കോടി ട്രഷറികള്‍ ആവശ്യപ്പെട്ടപ്പോള്‍ 26.18 കോടി മാത്രമാണ് കിട്ടിയത്. 99.80 കോടി എസ്.ബി.ടിയോട് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 71.51 കോടി. 2.70 കോടി നല്‍കേണ്ട കനറാ ബാങ്ക് 2.13 കോടി നല്‍കി. ബാങ്കുകള്‍ പണം നല്‍കാത്ത സാഹചര്യത്തിലാണ് അവയുമായി ബന്ധിപ്പിച്ച ട്രഷറികള്‍ പ്രതിസന്ധിയിലായത്. ചാത്തന്നൂര്‍, കടയ്ക്കല്‍, ചടയമംഗലം, പീരുമേട്, കൂറ്റനാട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചവരെ പണം വന്നില്ല. ചടയമംഗലത്ത് വൈകീട്ട് നാലിനാണ് പണം എത്തിയത്.
ആദ്യദിവസം വൈകീട്ട് ആറുവരെ 12 ട്രഷറികളില്‍ പണം ലഭിച്ചില്ല. തിരുവനന്തപുരം, എറണാകുളം പോലെ മാധ്യമശ്രദ്ധ കിട്ടുന്ന ജില്ലകളില്‍ പണം യഥേഷ്ടം നല്‍കുകയും മറ്റിടങ്ങളില്‍ കുറക്കുകയും ചെയ്തെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് 19.75 കോടി ആവശ്യപ്പെട്ടപ്പോള്‍ 17.31 കോടി അനുവദിച്ചു. എറണാകുളത്ത് 12.35 കോടി ആവശ്യപ്പെട്ടപ്പോള്‍ 12.08 കോടി നല്‍കി. എന്നാല്‍, 9.81 കോടി ആവശ്യപ്പെട്ട മലപ്പുറത്ത് 2.92 കോടിയും 12.50 കോടി ആവശ്യപ്പെട്ട കോഴിക്കോട്ട് 7.75 കോടിയുമാണ് നല്‍കിയത്. ട്രഷറികളില്‍ 15 കോടിയോളം രൂപയാണ് ശനിയാഴ്ചത്തേക്ക് മിച്ചമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.