കേന്ദ്രത്തിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം
text_fieldsതിരുവനന്തപുരം: നോട്ടുക്ഷാമത്തിലും സഹകരണസംവിധാനത്തെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിലും പ്രതിഷേധിച്ച് റിസര്‍വ്ബാങ്ക് മേഖലാ ആസ്ഥാനത്തേക്ക് പ്രക്ഷോഭപരമ്പര. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രനടപടിക്കെതിരെ നേതാക്കള്‍ ഒരേവേദിയില്‍ അണിനിരന്നെന്നതാണ് രണ്ടാംദിന പ്രക്ഷോഭത്തെ വ്യത്യസ്തമാക്കിയത്. സഹകരണ ജീവനക്കാരുടെ സംയുക്തസമരസമിതി, വ്യാപാരിവ്യവസായി സമിതി, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.
സഹകരണഹര്‍ത്താലിന്‍െറ ഭാഗമായി നടന്ന പ്രതിഷേധസംഗമം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെ മോദി കാട്ടിയ ചെപ്പടിവിദ്യയുടെ ഫലമായി സാമൂഹികജീവിതമാകെ വിറങ്ങലിച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയപ്രതിഷേധം കണ്ടില്ളെന്നുനടിച്ച ഭരണാധികാരികള്‍ ചരിത്രത്തിന്‍െറ ചവറ്റുകൊട്ടയിലേക്ക് വീണുപോയ കാര്യം മറക്കരുത്. ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ മോദിയും റിസര്‍വ് ബാങ്കും തയാറാകണം. സംസ്ഥാനത്തെ സഹകരണബാങ്കുകളിലുള്ള ഒരു ലക്ഷം കോടിയുടെ നിക്ഷേപം തകര്‍ക്കാനാണ് നീക്കം. കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന സാമാന്യ ജനവിഭാഗത്തിന്‍െറ ദൈനംദിന ജീവിതത്തിലെ അത്താണിയായ പ്രാഥമിക സംഘങ്ങളെ സ്തംഭിപ്പിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം തകര്‍ക്കുകയാണ് ചെയ്യുന്നത്.
അഡ്വ. വി. ജോയി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, സി.പി. ജോണ്‍, വി. ശിവന്‍കുട്ടി, അഡ്വ.പ്രകാശ്ബാബു, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഷംസുദ്ദീന്‍, കെ.സി. രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷന്‍, കേരള കോഓപറേറ്റിവ് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു), കേരള കോഓപറേറ്റിവ് എംപ്ളോയീസ് കൗണ്‍സില്‍ (എ.ഐ.ടി.യു.സി), കേരള കോഓപറേറ്റിവ് എംപ്ളോയീസ് ഫ്രണ്ട് (ഐ.എന്‍.ടി.യു.സി)എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
വ്യാപാരിവ്യവസായിസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റിസര്‍വ് ബാങ്ക് മാര്‍ച്ചില്‍ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.