Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാഠ്യപദ്ധതി...

പാഠ്യപദ്ധതി പരിഷ്‌ക്കാരം: പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

text_fields
bookmark_border
v sivankutty
cancel

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗ നീതി, ലിംഗ സമത്വം, ലിംഗ അവബോധം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, കായികം, ഭരണഘടന, അർബുദം പോലുള്ള മഹാരോഗങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റിയുമാണ് രൂപീകരിച്ചത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വാർത്താകുറിപ്പിന്‍റെ പൂർണരൂപം:
ഖാദർ കമ്മിറ്റി

2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം സംബന്ധിച്ച ആക്ട് സംസ്ഥാനത്ത് പൂർണമായി നടപ്പിലാക്കുന്നതിനോടൊപ്പം പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമികവുമായ എല്ലാ വശവും സമഗ്രമായി പരിശോധിച്ച് പരിഷ്കരണങ്ങൾ ആവശ്യമുള്ളപക്ഷം അതിനുള്ള നിർദേശം സമർപ്പിക്കുന്നതിനായി പ്രഫ. ഡോ. എം.എ ഖാദർ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതി സർക്കാരിൽ സമർപ്പിച്ച ഒന്നാം ഭാഗം റിപ്പോർട്ടിൽ ഉണ്ടായിരുന്ന ശിപാർശ അംഗീകരിച്ച് സെക്കണ്ടറി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ചു കൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജുക്കേഷൻ എന്ന പൊതുസംവിധാനം രൂപീകരിച്ചു.

തുടർന്ന്, ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്പെഷ്യൽ റൂളുകൾ തയ്യാറാക്കൽ, വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കെ.ഇ.ആർ ഭേദഗതികൾ, വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി ഗവൺമെന്റ് സെക്രട്ടേറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ഈ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും സ്പെഷ്യൽ റൂൾ തയാറാക്കുന്നതിനുമായി ഇനി പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കോർ കമ്മിറ്റി രൂപീകരിച്ചു കൊണ്ടും കോർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്താൻ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്‌കൂൾ റീ-ഓപ്പണിങ്

ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ പ്രീ-പ്രൈമറി സ്‌കൂളുകൾ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 65 ശതമാനം കുട്ടികൾ ഹാജരാകുന്നുണ്ട്. അതുപോലെ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും രാവിലെ മുതൽ വൈകുന്നേരം വരെ എന്ന രീതിയിൽ ഫെബ്രുവരി 21 മുതൽ സ്‌കൂളിൽ എത്തുന്നുണ്ട്. ആദ്യദിനം 80 ശതമാനം കുട്ടികളാണ് ഹാജരായിരുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കുട്ടികളുടെ ഹാജർ 90 ശതമാനം ത്തോളമായിട്ടുണ്ട്. കുട്ടികളുടെ ഹാജരിൽ ക്രമാനുഗതമായി പുരോഗതി ഉണ്ടാകുന്നത് ആശാവഹമാണ്. രക്ഷാകർത്താക്കളും സമൂഹവും വളരെ ഉത്സാഹത്തോടെയാണ് ഈ തീരുമാനം ഏറ്റെടുത്തിട്ടുള്ളത്. സ്‌കൂളുകൾ തുറന്നതിന് ശേഷം കോവിഡ് വ്യാപനവുമായും കുട്ടികളുടെ ആരോഗ്യ സുരക്ഷയുമായും ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് സ്‌കൂളുകളിൽ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷകൾ

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തു കൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്. കൂടാതെ ഏപ്രിൽ, മെയ്മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ 2ന് പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ്‌ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി ജീവിതത്തിന്റെ എല്ലാ മേഖലകളേയും സാരമായി ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയേയും അത് പ്രതികൂലമായി ബാധിച്ചു എന്നത്‌ വസ്തുതയാണ്. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നേരിട്ടുള്ള അധ്യയനം സാധ്യമല്ലാത്ത സാഹചര്യത്തിലും പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി, പ്ലസ്ടു പാഠഭാഗങ്ങൾ സ്‌കൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 28.02.2022ന് മുമ്പായി പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു. പാഠഭാഗങ്ങളുടെ പൂർത്തിയാക്കൽ പുരോഗതി സംബന്ധിച്ച് പ്രതിവാര അവലോകനം നടത്താനും ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്‌ വിലയിരുത്തൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ഓൺലൈൻ പഠന വിടവ് പരിഹരിക്കാൻ എസ്.എസ്‌.കെ-യുടെ നേതൃത്വത്തിലും എൻ.എസ്എസിന്റെ നേതൃത്വത്തിലും ഡയറ്റുകളുടെ നേതൃത്വത്തിലും പരിഹാരബോധന പ്രവർത്തനങ്ങൾ നടന്ന്‌ വരുന്നു. ആദിവാസിമേഖലകളിലും തീരദേശമേഖലകളിലും വിദ്യാർത്ഥികളുടെ വീടുകളിലേക്ക് എത്തി പഠന പിന്തുണ നൽകാനുള്ള ശ്രമങ്ങളുംസജീവമായി നടത്തുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന്‌ കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിമൂലം എല്ലാമേഖലകളും പ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സമയബന്ധിതമായി വിദ്യാഭ്യാസ പ്രക്രിയ പൂർത്തിയാക്കുന്നതിനും ആവശ്യമായ നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ വിദ്യാഭ്യാസ പ്രവർത്തകർക്കോ പൊതുപരീക്ഷയുടെ കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ല.

പാഠപുസ്തക വിതരണം

2022-23 അധ്യയന വർഷത്തേക്കാവശ്യമായ ഒന്നു മുതൽ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയാറെടുത്തു വരികയാണ്. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുൻകൂട്ടി തന്നെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ/ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും വിതരണ ചുമതല വഹിക്കുന്ന കെ.ബി.പി.എസും സജ്ജമാണ്. നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Curriculum Committeev sivankuttyCurriculum Reform
News Summary - Curriculum Reform: Curriculum Committee formed to seek public opinion
Next Story