പാഠ്യപദ്ധതി പരിഷ്കരണം: പുതിയ പാഠപുസ്തകം രണ്ടു വര്‍ഷത്തിനകം -മന്ത്രി ശിവന്‍കുട്ടി
text_fieldsഅമ്പലപ്പുഴ: പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി.രണ്ടുവർഷത്തിനുള്ളിൽ പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷയിൽ പൂർണവിജയം നേടിയ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിക്കാനെത്തിയതായിരുന്നു മന്ത്രി.
ദേശീയ നിലവാരത്തിലും സാർവദേശീയ നിലവാരത്തിലുമുള്ള വിഷയങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സാമൂഹിക പ്രതിബദ്ധത, ഭരണഘടന മൂല്യങ്ങൾ, കൃഷി, സംസ്കാരം, ഭാഷ തുടങ്ങിയവയും ഉൾപ്പെടുത്തും. പാഠപുസ്തകം പൂർണരൂപമായാൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിന് അവസരമൊരുക്കും.
ഈ വർഷം സാധാരണ ക്ലാസുകൾ ഉള്ളതുപോലെ ഓൺലൈൻ ക്ലാസുകളും ഉണ്ടാകും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. എസ്.എസ്.എൽ.സി വിജയിച്ച എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പാക്കും. പ്രീപ്രൈമറിതലം മുതൽ ഹയർ സെക്കൻഡറിവരെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അനുമോദനവുമായി മന്ത്രി
അമ്പലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ സമ്പൂർണം വിജയം നേടിയ വിദ്യാലയങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അനുമോദനം. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂൾ, കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മന്ത്രി വി. ശിവൻകുട്ടി എത്തിയത്. കാക്കാഴം സ്കൂളിൽ 319ഉം കുഞ്ചുപിള്ള സ്മാരക സ്കൂളിൽ 109 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്.
കുഞ്ചുപിള്ള സ്മാരക സ്കൂൾ തുടർച്ചയായ പത്താം വർഷമാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാക്കാഴം സ്കൂൾ ഇതാദ്യമായാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയം നേടുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് രണ്ട് വിദ്യാലയത്തിലും മന്ത്രിയെത്തിയത്. വിജയത്തിന് ചുക്കാൻ പിടിച്ച അധ്യാപകർക്കും വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മന്ത്രി മധുരം നൽകി. തങ്ങളെ അനുമോദിക്കാൻ നേരിട്ട് സ്കൂളുകളിലെത്തിയ മന്ത്രിക്ക് അധ്യാപകരും വിദ്യാർഥികളും വലിയ വരവേൽപാണ് നൽകിയത്. മന്ത്രിയെ ജനപ്രതിനിധികൾ പൊന്നാടയണിയിച്ചു.
എച്ച്. സലാം എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കവിത, എസ്. ഹാരിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ശ്രീജ, ആർ. ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കുമാർ, ലേഖ മോൾ സനിൽ, പ്രിൻസിപ്പൽമാരായ വി. ബിനൂജ, അരുൺ ജി. കൃഷ്ണൻ, പി.ടി.എ പ്രസിഡന്റുമാരായ ഉമേഷ്, എ. നസീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.