കുസാറ്റ് അപകടം: ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
text_fieldsകൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്കാണ് ചുമതല. സമഗ്രമായ അന്വേഷണം നടത്തിയ അടിയന്തര റിപ്പോർട്ട് കൈമാറാനാണ് നിർദേശം.അപകടം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ.ബിന്ദുവിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയാണ് കുസാറ്റ് ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു പേർ മരിച്ചത്. രണ്ടാംവർഷ സിവിൽ വിദ്യാർഥി എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനി പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകൾ ആൻ റിഫ്ത്ത (20), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനി കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ (എസ്.ഒ.ഇ) ഏറ്റവും വലിയ ആഘോഷമായ ടെക്നിക്കല്‍ ഫെസ്റ്റ് ‘ധിഷണ’ക്കിടെയാണ് ദുരന്തം. ‘ധിഷണ’യുടെ സമാപന ദിനത്തിതൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. കാമ്പസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ദുരന്തം. വൈകുന്നേരത്തോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർഥികളടക്കം ഇവിടെ എത്തിച്ചേർന്നിരുന്നു.
പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥികൾ ഇടംപിടിച്ചിരുന്നു. 600നടുത്ത് പേർക്ക് ഇടമുള്ള ഓഡിറ്റോറിയം നിറഞ്ഞിരുന്നു. വകുപ്പുകളുടെയും സെമസ്റ്ററുകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, മറ്റു വകുപ്പുകളിൽനിന്നുള്ള വിദ്യാർഥികളുൾപ്പെടെ 2000ത്തോളം പേർ ഓഡിറ്റോറിയത്തിനു പുറത്ത് പരിപാടി ആസ്വദിക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ മഴ പെയ്തതോടെ പുറത്തുനിൽക്കുന്നവർ ഒന്നാകെ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറി. ഇതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്ന വിദ്യാർഥികളിൽ പലരും തലകീഴായി താഴെ വീണു. ഇവരുടെമേൽ നിരവധിപേർ ചവിട്ടിക്കയറുകയുമായിരുന്നു. തിരക്കിൽ നിലത്തുവീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.