കുസാറ്റ് ദുരന്തം; സാറക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി
text_fieldsകോഴിക്കോട്: കുസാറ്റ് കാമ്പസിലുണ്ടായ ദുരന്തത്തിൽ മരിച്ച വിദ്യാർഥി സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി കോഴിക്കോട് താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്.
നവകേരള സദസിെൻറ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോഴിക്കോടുണ്ടായിരുന്നു. കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസിനായി പ്രത്യേകം തയാറാക്കിയ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്. സാറയുടെ സംസ്കാരം നാളെ നടക്കും.
അതേസമയം, ദുരന്തത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി അതിൽ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകനാണ് അതുൽ തമ്പി. കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. അപകടത്തിൽ മരിച്ച ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി പറവൂർ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.
കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേരാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിെൻറ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണു തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്.
ദുരന്തവുമായി ബന്ധപ്പെട്ട് 42 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ, രണ്ട് പേർ വെൻറിലേറ്ററിലാണുളളത്. അഞ്ച് പേർ ഐ.സി.യു.വിലും 35പേർ വാർഡുകളിലായി ചികിത്സയിലാണ്. 20 പേർ ഒ.പിയിൽ ചികിത്സ തേടി. കുടുംബാംഗങ്ങളുടെയും നാടിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ദുഃഖസൂചകമായി ഞായറാഴ്‌ച നവകേരള സദസിെൻറ ഭാഗമായുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.