കുസാറ്റ് അപകടം; ഗുരുതരാവസ്ഥയിലിരുന്നവരുടെ സ്ഥിതിയിൽ പുരോഗതി
text_fieldsകൊച്ചി: കുസാറ്റ് സംഗീതപരിപാടിയുടെ മുമ്പുണ്ടായ ദാരുണാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ട് വിദ്യാർഥിനികളുടെ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരെയും വെൻറിലേറ്ററിൽനിന്ന് മാറ്റി.
നിലവിൽ 10 പേരാണ് ഇവരുൾെപ്പടെ ചികിത്സയിലുള്ളത്. ആറു പേർ ഐ.സി.യുവിലും ഒരാൾ ശസ്ത്രക്രിയക്കുശേഷമുള്ള നിരീക്ഷണ വാർഡിലും മൂന്നുപേർ സാധാരണ വാർഡുകളിലുമാണ്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട്, ആസ്റ്ററിലും കിൻഡർ ആശുപത്രിയിലും രണ്ടുവീതം എന്നിങ്ങനെയാണ് ഐ.സി.യുവിലുള്ളവർ. മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിലും ഒരാൾ വാർഡിലുമാണ്. ആലുവ രാജഗിരി ആശുപത്രിയിലും കാക്കനാട് ബി.ആൻഡ് ബി ആശുപത്രിയിലും ഓരോരുത്തർ വാർഡിലുണ്ട്. എട്ടുപേരെ മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചു. ആകെ 32 പേരാണ് വിവിധ ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ആയത്. അപകടദിവസം 64 പേർ ചികിത്സ തേടിയിരുന്നു.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കൊച്ചി: കളമശ്ശേരി കുസാറ്റിൽ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ. സംഭവത്തിൽ കമീഷൻ കേസെടുത്തു.
സുരക്ഷാവീഴ്ച അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നോട്ടീസ് അയച്ചത്. സർവകലാശാലയിലെ സുരക്ഷാവീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഓഡിറ്റോറിയത്തിന് ഒരു വാതിൽ മാത്രമാണുണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം ഉണ്ടായത് പിഴവാണ്. പൊലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.