കുസാറ്റ് ദുരന്തം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയം; അന്വേഷണ വിവരം കൈമാറണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നാല് വിദ്യാർഥികളുടെ മരണത്തിൽ കാരണമായ കുസാറ്റ് ദുരന്തം വിരൽ ചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയമാണെന്ന് ഹൈകോടതി. അപകടം സംബന്ധിച്ച് ഏതെല്ലാം തരത്തിലുള്ള അന്വേഷണങ്ങളാണ് നടക്കുന്നതെന്ന വിവരം കൈമാറണമെന്നും സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർവകലാശാല അധികൃതർക്കും ചില ഉത്തരവാദിത്തമുണ്ട്. വിവിധ പരിപാടികളുടെ സംഘാടകരായ കുട്ടികളെ കുറ്റക്കാരാക്കരുത്. കുട്ടികൾ കുറ്റക്കാരല്ലെന്നും കുട്ടികളെ കുറ്റക്കാരാക്കുന്ന സമീപനവും പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
കുസാറ്റ് ദുരന്തത്തെ കുറിച്ച് നാലു തരത്തിലുള്ള അന്വേഷണം നടക്കുന്നതായി സർവകലാശാല കോടതിയെ അറിയിച്ചു. മജിസ്റ്റീരിയൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സിൻഡിക്കേറ്റ് ഉപസമിതി, മനുഷ്യാവകാശ കമീഷൻ എന്നീ അന്വേഷണങ്ങളാണ് നടക്കുന്നത്. വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാരും സർവകലാശാലയും കാണുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കുസാറ്റ് ദുരന്തം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. വിദ്യാർഥികളുടെ പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്. ഈ കത്ത് സർവകലാശാല അവഗണിച്ചു. അതിനാൽ തന്നെ സർവകലാശാലയുടെ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും ഹരജിയിൽ കെ.എസ്.യു ചൂണ്ടിക്കാട്ടി. ഹരജി ഡിസംബർ 14ന് വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.