പ്രിയ സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട...
text_fieldsകൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഇന്നലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഗാനസന്ധ്യക്കിടെ തിരക്കിൽപെട്ട് മരിച്ചവർക്ക് യാത്രാമൊഴി. എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം. തമ്പിയുടെ മകൻ അതുൽ തമ്പി (23), നോർത്ത് പറവൂർ ഗോതുരുത്ത് കോനാത്ത് ഹൗസിൽ കെ.ജി. റോയിയുടെ മകൾ ആൻ റിഫ്ത്ത റോയ് (20), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19), വിദ്യാർഥിയല്ലാത്ത പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് (23) എന്നിവർക്കാണ് സംഗീതനിശക്കിടെ തിക്കിലും തിരക്കിലും ജീവൻ നഷ്ടമായത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്തു. വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് കാമ്പസിലെ പൊതുദർശനത്തിനു ശേഷമാണ് നാടുകളിലേക്ക് കൊണ്ടുപോയത്.
അതുൽ തമ്പി, ആൻ റിഫ്ത്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് ശേഷം സഹപാഠികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്.
അതുൽ തമ്പി, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സാറയുടേത് തിങ്കളാഴ്ചയാണ്. ആൻ റിഫ്ത്തയുടെ സംസ്കാരം ഇറ്റലിയിൽ ജോലി ചെയ്യുന്ന മാതാവ് സിന്ധു നാട്ടിലെത്തിയശേഷം ചൊവ്വാഴ്ചയാണ്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗുരുതരാവസ്ഥയിൽ രണ്ടുപേർ
മലപ്പുറം സ്വദേശിനി ഷേബ, ആലപ്പുഴ കായംകുളം സ്വദേശിനി ഗീതാഞ്ജലി എന്നിവർ ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലെ വെന്റിലേറ്ററിലുള്ളത്. ഷേബയുടെ നിലയിൽ ചെറിയ പുരോഗതിയുണ്ട്. രണ്ടു പേർക്കും കരൾ, തലച്ചോറ്, ശ്വാസകോശം എന്നീ ആന്തരികാവയവങ്ങളിലാണ് പരിക്കേറ്റത്.
42 പേർ ചികിത്സയിൽ
എറണാകുളം മെഡിക്കൽ കോളജ്, കിൻഡർ ആശുപത്രി എന്നിവിടങ്ങളിലായി 42 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മറ്റുള്ളവർ ആശുപത്രി വിട്ടെന്നും സർവകലാശാല അധികൃതർ പറഞ്ഞു. അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലും 35 പേർ വാർഡുകളിലുമാണുള്ളത്. 64 പേരാണ് സംഭവത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.