വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം: പി.കെ. ബേബി ഒളിവിൽ, അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന്
text_fieldsകൊച്ചി: കൊച്ചി സർവകലാശാല കലോത്സവത്തിനിടെ വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലെ പ്രതിയും യൂത്ത് വെൽഫെയർ ഡയറക്ടറുമായ പി.കെ. ബേബി ഒളിവിൽ. കഴിഞ്ഞ മാർച്ച് ഒന്നിനാണ് യൂനിവേഴ്സിറ്റി കലോത്സവത്തിനിടെ ഡയറക്ടർ വിദ്യാർഥിനിയെ അപമാനിച്ചെന്നാണ് പരാതി. സംഭവത്തിൽ ആദ്യം സി.പി.എം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ പെൺകുട്ടിയുടെ കുടുംബം, നാലുമാസം പിന്നിട്ടിട്ടും പാർട്ടി നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച കളമശ്ശേരി പൊലീസിൽ പരാതിപ്പെട്ടത്. രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്.
എന്നാൽ, ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. സിൻഡിക്കേറ്റംഗം കൂടിയായ ബേബിക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നാണ് ആരോപണം. കുസാറ്റിലെ സെമിനാർ കോംപ്ലക്‌സിന് അകത്തുള്ള ഗ്രീൻ റൂമിൽ വെച്ച് പി കെ ബേബി കയറിപ്പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. കളമശ്ശേരി പൊലീസ് കേസെടുത്തതിന് ശേഷം ബേബി ക്യാംപസിലെത്തിയിട്ടില്ല. പികെ ബേബിയെ പിന്തുണച്ച് രംഗത്തെത്തിയ ഇടതു അധ്യാപക സംഘടന ഇരക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പൊലീസ് നേരത്തേ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിന് സാക്ഷികളായ രണ്ട് വിദ്യാർഥികളും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരാതി ലഭിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടും പി.കെ. ബേബിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ബേബിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജില്ലയിലെ പ്രമുഖ സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള ബേബിക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഇരക്കെതിരെ ഇടത് അധ്യാപക സംഘടന പൊലീസിനെ സമീപിച്ചത് ഇതിന്റെ ഭാഗമാണെന്ന് സംശയമുണ്ട്. അതിനിടെ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിൻഡിക്കേറ്റ് അംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും കെ.എസ്.യുവും രംഗത്തുവന്നു.
പി.കെ. ബേബിയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നിരുന്നു. തസ്തിക അട്ടിമറിയിലൂടെ അസി. പ്രഫസറായ പി.കെ. ബേബിക്ക് വീണ്ടും സ്ഥാനക്കയറ്റം നൽകാൻ നീക്കംനടന്നെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.