കുസാറ്റിൽ ‘അമേരിക്കന്‍ കോര്‍ണര്‍’ തുറക്കും
text_fieldsകളമശ്ശേരി: സയന്‍സ്, ടെക്നോളജി, എൻജിനീയറിങ്, ആര്‍ട്സ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) എന്നിവയിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും പുതുതലമുറയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ അമേരിക്കന്‍ കോര്‍ണര്‍ സ്ഥാപിക്കാൻ കൊച്ചി സര്‍വകലാശാലയുമായി യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ധാരണപത്രം ഒപ്പുെവച്ചു. 18 യു.എസ് സര്‍വകലാശാലകളുടെ സംഘമായ യു.എസ് എജുക്കേഷന്‍ ട്രേഡ് ഡെലിഗേഷന്റെ കുസാറ്റ് സന്ദര്‍ശന ഭാഗമായി നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്റെ സാന്നിധ്യത്തില്‍ യു.എസ് കോണ്‍സല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡബ്ല്യു. ഹോഡ്ജസും കുസാറ്റ് രജിസ്ട്രാര്‍ പ്രഫ. ഡോ. വി. മീരയും ധാരണപത്രത്തില്‍ ഒപ്പുെവച്ചു.
ലോകമെമ്പാടും യു.എസ് നടപ്പാക്കുന്ന 600ലധികം വരുന്ന പാര്‍ട്ണര്‍ഷിപ് മോഡലുകളിലൊന്നായ അമേരിക്കന്‍ സ്പേസ് ശൃംഖലയുടെ ഭാഗമാകും കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍. അമേരിക്കയുടെ സാമ്പത്തിക പിന്തുണയോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനമായ അമേരിക്കന്‍ കോര്‍ണറുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് വിവിധ തരത്തിലുള്ള സഹായവും പരിശീലനവും പിന്തുണയും നല്‍കും. കുസാറ്റിലെ അമേരിക്കന്‍ കോര്‍ണര്‍ സേവനങ്ങള്‍ എല്ലാവർക്കും സൗജന്യമായിരിക്കും. ഈ വര്‍ഷംതന്നെ തുറക്കാമെന്നാണ് പ്രതീക്ഷയെന്ന് സര്‍വകലാശാല അറിയിച്ചു. കുസാറ്റിന്റെ അക്കാദമിക് രംഗത്ത് കൂടുതല്‍ ഫലവത്തായ ഗവേഷണ ഫലങ്ങളും നവീകരണങ്ങളും കൈവരിക്കാന്‍ അമേരിക്കന്‍ കോര്‍ണറിന് സാധ്യമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് അഭിപ്രായപ്പെട്ടു.
കൊച്ചിയുടെ ഹൃദയഭാഗത്ത് പുതിയ അമേരിക്കന്‍ കോര്‍ണര്‍ തുറക്കുന്നതിന് കുസാറ്റുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഫാക്കല്‍റ്റികളും വിദ്യാര്‍ഥികളും നേതൃത്വം നല്കുന്ന പദ്ധതി കേരളത്തിലുള്ളവർക്ക് അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രാപ്തമാക്കുമെന്നും കോണ്‍സല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.