കസ്റ്റഡി മരണം: വിവരങ്ങള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്, സി.ഐ അടക്കമുള്ള മൂന്നു ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യം
text_fieldsതൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ ഇരുമ്പനം കര്ഷകകോളനിയിലെ വീട്ടിലെത്തി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. പൊലീസ് പിടിച്ചുകൊണ്ടുപോയതിന് ദൃക്സാക്ഷികളായ സ്ത്രീകളില്‍നിന്നും നാട്ടുകാരില്‍നിന്നും അന്ന് രാത്രിയുണ്ടായ സംഭവങ്ങളെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. മനോഹരന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട്ടുകാര്‍ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അസൗകര്യമറിയിച്ചതിനാല്‍ അടുത്ത ദിവസം എത്താമെന്ന് പറഞ്ഞ് മടങ്ങി.
പൊലീസ് കംപ്ലയിന്റ് അതോറിറ്റി ജഡ്ജി സ്റ്റേഷനില്‍ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ പൊലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കസ്റ്റഡിയിലെടുത്ത ശേഷം മനോഹരന് സ്റ്റേഷനകത്തേക്കു കയറിവരുന്നതും മറ്റുള്ളവരുടെ കൂടെ നില്ക്കുന്നതും കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടെയുണ്ടായിരുന്ന യുവാവ് സി.പി.ആര് നല്‍കുകയും ഉടൻ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വാഹനപരിശോധക്കിടെ മനോഹരന് സഞ്ചരിച്ച ബൈക്കിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പിന്തുടര്ന്ന് പിടികൂടുകയും എസ്.ഐ ജിമ്മി ജോസ് മനോഹരന്റെ മുഖത്തടിക്കുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മദ്യപിച്ചിട്ടില്ലെന്നു വ്യക്തമായിട്ടും പൊലീസ് ജീപ്പില്‍ ബലമായി പിടിച്ചുകയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ചിട്ടില്ലെന്നറിഞ്ഞിട്ടും എന്തിനാണ് ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്ന ചോദ്യമാണ് ബന്ധുക്കളും സുഹൃത്തുകളും ഉന്നയിക്കുന്നത്.
പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയതോടെ മനോഹരന് വല്ലാതെ ഭയന്നിരുന്നതായി കൂടെയുണ്ടായിരുന്ന സുഹൃത്ത് സിജീഷ് പറഞ്ഞു. മനോഹരന്റെ മുഖത്തടിച്ച എസ്.ഐ ജിമ്മി ജോസിനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
സംഭവം കണ്ടതായി ദൃക്സാക്ഷികളും രംഗത്തെത്തിയതോടെയാണ് സസ്പെന്ഷന് നടപടികളിലേക്കു നീങ്ങിയത്. എന്നാല്‍, സി.ഐ അടക്കം സംഭവം നടന്ന സമയം കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.