കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുമ്പോഴും പൊടിപിടിച്ച് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്
text_fieldsകൊച്ചി: കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുമ്പോഴും ജസ്റ്റിസ് ആർ. രാജേന്ദ്രബാബു ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ ആഭ്യന്തരവകുപ്പോ, പൊലീസോ തയാറാകുന്നില്ല. 2006 ഏപ്രിൽ ഒന്ന് മുതൽ ആഗസ്റ്റ് 16വരെ (നാലര മാസം) സംസ്ഥാനത്ത് നടന്ന 15 കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും അന്വേഷിച്ചാണ് കമീഷൻ റിപ്പോർട്ട് നൽകിയത്.
കസ്റ്റഡി മരണങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ കർശന നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, അത്തരം നിർദേശങ്ങളും നടപടികളും പൊലീസ് അവഗണിക്കുന്നുവെന്നതിന്റെ അവസാന ഉദാഹരണമാണ് തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലുണ്ടായത്. നിയമങ്ങളൊക്കെ മറികടന്നാണ് മരണപ്പെട്ട മനോഹരനെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുന്നതും മർദിക്കുന്നതും. തുടർന്ന് ഹൃദയാഘാതം മൂലം മരിക്കുന്നതും.
രാത്രി കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ കൃത്യമായ ആരോഗ്യപരിശോധനക്ക് ശേഷമേ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പാടുള്ളൂ എന്നാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് കൂടാതെ കസ്റ്റഡിയിലെടുക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് നിർദേശമുണ്ടെങ്കിലും അത് നടപ്പാകാറില്ല. കസ്റ്റഡി മരണങ്ങൾ പോലുള്ള സംഭവങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടാകാൻ പാടില്ലെന്നും സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങളനുസരിച്ചും നടപടി ക്രമങ്ങൾ പാലിച്ചും മാത്രമേ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പാടുള്ളൂവെന്ന സർക്കാർ നിർദേശവും അട്ടിമറിക്കപ്പെട്ടു. ചീട്ടുകളിപോലുള്ള നിസ്സാര കാര്യങ്ങൾക്ക് ആളുകളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നത് ജസ്റ്റിസ് ആർ. രാജേന്ദ്രബാബു കമീഷൻ റിപ്പോർട്ടിലെ ശിപാർശകളിലൊന്നാണ്. ഇത്തരം കേസുകളിൽ പിടികൂടുന്നവരുടെ പേരും വിലാസവും രേഖപ്പെടുത്തിയ ശേഷം വെറുതെ വിടണമെന്നും പിന്തുടർന്ന് അറസ്റ്റ് ചെയ്യുന്ന നടപടി കഴിയുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു. എന്നാൽ, ആ നിർദേശവും നടപ്പായില്ല.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കൊച്ചി: രാത്രി വാഹന പരിശോധനക്കിടെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ മരിച്ച കേസിൽ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇരുമ്പനം സ്വദേശി മനോഹരനാണ് ഹിൽപാലസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.