റിമാൻഡ് പ്രതിയുടെ മരണം: ജയിലിലെ സി.സി.ടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു
text_fieldsഎറണാകുളം: റിമാൻഡ് പ്രതി കോട്ടയം സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. ഷെഫീഖ് റിമാൻഡിൽ കഴിഞ്ഞിരുന്ന ജയിലിലെ സി.സി.ടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. ഷെഫീഖ് ജയിലിൽ തലകറങ്ങി വീഴുന്നത് ദൃശ്യങ്ങളിൽ കാണാമെന്നാണ് വിവരം.
കാക്കനാട് ജില്ലാ ജയിൽ അധികൃതരിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഷെഫീഖിന് ചികിത്സ കിട്ടാൻ വൈകിയോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും.
ജനുവരി 13നാണ് റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖ് (35) തലക്കേറ്റ ക്ഷതം മൂലം മരിച്ചത്. കൊച്ചി കാക്കനാട് ജില്ല ജയിലിനോട് അനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറന്റീൻ സെന്ററിൽ റിമാൻഡിൽ കഴിയവെയാണ് സംഭവം.
തലകറങ്ങി വീണ ഷെഫീഖിനെ ജയിൽ അധികൃതർ ആദ്യം എറണാകുളം ജില്ല ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. അപസ്മാരബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ പറയുന്നത്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ തലക്കുള്ളിൽ രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. ഇതിനുള്ള തയാറെടുപ്പുകൾക്കിടെയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയക്കായി തലമുടി ഷേവ് ചെയ്തപ്പോൾ തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മർദനമേറ്റെന്ന് തോന്നിക്കുന്ന പാടുകൾ കണ്ടു. ഇത് കസ്റ്റഡിയിൽ മർദനമേറ്റതിന്റേതാണെന്നാണ് സംശയം. ഷഫീഖിന്റെ തലയിലും മുഖത്തും മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
തലക്കേറ്റ ക്ഷതെത്ത തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഷെഫീഖിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. തലയുടെ പിൻഭാഗത്ത് ചെറിയ മുറിവുണ്ട്. ഇടതുകണ്ണിെൻറ മേൽഭാഗത്ത് നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവുമൂലം തലക്കുള്ളിൽ രക്തസ്രാവം ഉണ്ടാകുകയും പിന്നീട് രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.