ഈ കൊലപാതകങ്ങൾ/ മരണങ്ങൾ ആർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്?
text_fieldsപിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പൊലീസ്/ഫോറസ്റ്റ്/എക്സൈസ് സേനകൾക്ക് നേരെ ആരോപണങ്ങളുയർന്ന കൊലപാതകങ്ങൾ / മരണങ്ങൾ ഇവയാണ്.
2016 സെപ്റ്റംബർ 11,
അബ്ദുൽ ലത്തീഫ്, വണ്ടൂർ
മന്ത്രിസഭ അധികാരമേറ്റ് നാലുമാസം തികയുന്നതിന് മുമ്പാണ് ആദ്യ കസ്റ്റഡി മരണം നടക്കുന്നത്. 2016 സെപ്റ്റംബർ 18ന് മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ടയർ മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ച് 50 വയസ്സുകാരൻ അബ്്ദുൽ ലത്തീഫിനെ പൊലീസ് അറസ്റ്റ്ചെയ്തു. സ്റ്റേഷനിൽ തന്നെ കാണാനെത്തിയ മകനോട് കടുത്ത മർദനമാണ് തനിക്കേൽക്കേണ്ടിവരുന്നതെന്നും ജീവൻ അപകടത്തിലാണെന്നും അബ്്ദുൽ ലത്തീഫ് പറഞ്ഞിരുന്നു. പിന്നീട് ലത്തീഫിെൻറ മരണവാർത്ത പുറത്തുവന്നു. സ്റ്റേഷനിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് ലത്തീഫിനെ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച പൊലീസ് കംെപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.
2016 ഒക്ടോബർ 8,
കാളിമുത്തു, തലശ്ശേരി
വണ്ടൂർ സംഭവം കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല, തലശ്ശേരിയിൽ അടുത്ത കസ്റ്റഡി മരണം നടന്നു. 2016 ഒക്ടോബർ 8ന് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച സേലം സ്വദേശി കാളിമുത്തുവിനെ കൊല്ലപ്പെട്ട രീതിയിലാണ് പിന്നീട് കാണുന്നത്. ഇയാളുടെ അറസ്റ്റ്പോലും രേഖപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. കസ്റ്റഡിയിലെടുത്തതിനുപോലും തെളിവുകളില്ല. ഏതൊരു പൗരനെയും കസ്റ്റഡിയിലെടുക്കുമ്പോൾ സ്വീകരിക്കേണ്ട നിരവധി നിബന്ധനകളുണ്ട്. ഇവയൊന്നുംതന്നെ ഇവിടെ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷൻ കേരള പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
2016 ഒക്ടോബർ 26,
കുഞ്ഞുമോൻ, കുണ്ടറ
2016 ഒക്ടോബർ 26ന് കൊല്ലം ജില്ലയിലെ കുണ്ടറയിൽ കുഞ്ഞുമോൻ എന്ന ദലിത് യുവാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. മദ്യപിച്ച് ബൈക്ക് ഓടിച്ചു എന്ന പെറ്റിക്കേസിൽ പിഴയടയ്ക്കാത്തതിനാണ് കുഞ്ഞുമോനെ അർധരാത്രിയിൽ വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്. ''മകനെ കൊണ്ടുപോകരുതേ'' എന്ന് കുഞ്ഞുമോെൻറ അമ്മ കാലുപിടിച്ചു കരഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. പിഴയടയ്ക്കാനുള്ള കാശുമായി പിറ്റേദിവസം സ്റ്റേഷനിലെത്തിയ കുഞ്ഞുമോെൻറ അമ്മ കാണുന്നത് മകെൻറ ചലനമറ്റ ശരീരമാണ്. തലക്കേറ്റ മാരക ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
2016 നവംബർ 24,
അജിത, കുപ്പു ദേവരാജ്- നിലമ്പൂർ
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച സംഭവങ്ങളിലൊന്നായ വർഗീസ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന് ശേഷം നാല് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ഏറ്റുമുട്ടൽ കൊലപാതകം നടക്കുന്നത് പിണറായി സർക്കാറിെൻറ കാലത്താണ്. 2016 നവംബർ 24ന് നിലമ്പൂരിലെ കരുളായി വനത്തിൽ അജിത, കുപ്പു ദേവരാജ് എന്നീ മാവോവാദികളാണ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരെയും ജീവനോടെ പിടികൂടാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും അസുഖ ബാധിതരായി ക്യാമ്പിൽ വിശ്രമിക്കുകയായിരുന്ന ഇവരെ പൊലീസ് നിർദയം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന തരത്തിലുള്ള തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു.
2017 ജൂലൈ 17,
വിനായകൻ, പാവറട്ടി
2017 ജൂലൈയിൽ ഒരു ദലിത് യുവാവ് കൂടി പൊലീസിെൻറ ക്രൂരതക്ക് ഇരയായി. തൃശൂർ പാവറട്ടിയിൽ ഒരു പെൺകുട്ടിയുമായി വഴിയിൽനിന്ന് സംസാരിച്ചതിന് വിനായകൻ എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ചു. വംശീയമായ അധിക്ഷേപങ്ങൾ നടത്തി. തിരിച്ച് വീട്ടിലെത്തിയ വിനായകൻ അപമാനഭാരത്താൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ബൂട്ട്സിട്ട് കാൽവിരലുകൾ ഞെരിച്ചതിെൻറ പാടുകൾ, നെഞ്ചിലെയും ഇടുപ്പിലെയും ക്ഷതങ്ങൾ, നീലിച്ച നഖങ്ങൾ, പിൻകഴുത്തിൽ പിടിച്ച് ഞെരിച്ചതിെൻറ പാടുകൾ എന്നിങ്ങനെ വിനായകെൻറ ദേഹമാസകലം പൊലീസ് മർദനത്തിെൻറ അടയാളങ്ങളായിരുന്നു.
2017 ജൂലൈ 23,
ബൈജു, പട്ടിക്കാട്
വിനായകെൻറ മരണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടില്ല. അതേ ജില്ലയിൽ ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് മറ്റൊരു മരണംകൂടി നടന്നു. വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ജൂലൈ 23ന് തൃശൂർ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഹാജരായ ചേറുങ്കുഴി സ്വദേശി ബൈജുവിനെ പിറ്റേ ദിവസം തെൻറ വീടിനടുത്ത ഷെഡിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബൈജുവിെൻറ ശരീരത്തിൽ 19 മുറിവുകളും മർദനത്തിെൻറ നിരവധി പാടുകളും കണ്ടെത്തി.
2017 സെപ്റ്റംബർ 3,
വിക്രമൻ, മാറനല്ലൂർ
വിരമിച്ച പട്ടാള ഉദ്യോഗസ്ഥൻ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി വിക്രമനെ വാഹന പരിശോധനക്കിടെ ബൈക്ക് നിർത്താതെ പോയതിനാൽ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടയിൽ പൊലീസ് വിക്രമെൻറ കോളറിന് പിടിച്ചു, ബൈക്ക് നിയന്ത്രണം വിട്ട് ഒരു പോസ്റ്റിലിടിച്ചു. വിക്രമൻ തത്ക്ഷണം മരിച്ചു. പൊലീസിനെതിരെ പ്രാദേശികമായി വലിയ പ്രതിഷേധങ്ങൾ ഈ സംഭവം സൃഷ്ടിച്ചിരുന്നു.
2017 സെപ്റ്റംബർ 7,
രാജു, നൂറനാട്
കൊല്ലം ജില്ലയിലെ ചാരുമ്മൂട്ടിൽ മോഷണക്കുറ്റം ആരോപിച്ച് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത രാജു സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽനിന്നും താഴെ വീണ് മരിക്കുകയായിരുന്നു. ജീപ്പിൽവെച്ച് പൊലീസ് രാജുവിനെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്.
2017 ഡിസംബർ 4,
രജീഷ്, തൊടുപുഴ
ഒരു നായർ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന് തൊടുപുഴ സ്വദേശിയും ഓട്ടോറിക്ഷാ ൈഡ്രവറുമായിരുന്ന രജീഷിനെ യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കസ്റ്റഡിയിലെടുത്തു. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ മർദിച്ചിരുന്നു. പിന്നീട് കസ്റ്റഡിയിൽനിന്നും പുറത്തുവന്ന രജീഷിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പൊലീസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് രജീഷിെൻറ കുടുംബം രംഗത്ത് വന്നിരുന്നു.
2018 മാർച്ച് 11,
സുമി, ബിച്ചു- കഞ്ഞിക്കുഴി
2018 മാർച്ച് 11ന് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ഇരുചക്രവാഹനത്തെ പൊലീസ് അതിവേഗത്തിൽ പിന്തുടർന്നു. പൊലീസ് പിറകെവരുന്നത് കണ്ട ബൈക്ക് യാത്രികർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. കഞ്ഞിക്കുഴി സ്വദേശിനി സുമി, പാതിരപ്പള്ളി സ്വദേശി ബിച്ചു എന്നിങ്ങനെ രണ്ടുപേർ തൽസമയം മരിച്ചു. വാഹനപരിശോധനക്കിടെ യാത്രികരെ വാഹനത്തിൽ പിന്തുടരരുതെന്ന നിയമം നിലനിൽക്കെ പൊലീസിെൻറ ഈ പ്രവൃത്തി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
2018 മാർച്ച് 23,
അപ്പു നാടാർ, വാളിയോട്
പാട്ടഭൂമിയിൽ കൃഷിചെയ്തുവരുകയായിരുന്ന തിരുവനന്തപുരം വാളിയോട് സ്വദേശി അപ്പു നാടാരെ ഭൂവുടമയുടെ പരാതിയെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മനം നൊന്ത ഇദ്ദേഹം തെൻറ കൃഷിയിടത്തിൽ ചെന്ന് ആത്മഹത്യ ചെയ്തു. പൊലീസുകാരാണ് തെൻറ മരണത്തിന് ഉത്തരവാദികളെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം എഴുതിവെച്ചത്.
2018 ഏപ്രിൽ 8,
സന്ദീപ്, കാസർകോട്
പരസ്യമായിരുന്ന് മദ്യപിച്ചതിന് കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത ബി.ജെ.പി പ്രവർത്തകനും ഓട്ടോറിക്ഷാൈഡ്രവറുമായ സന്ദീപ് പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്. സന്ദീപിെൻറ മൃതദേഹത്തിൽ മർദനമേറ്റതിെൻറ അടയാളങ്ങളുണ്ടായിരുന്നു.
2018 ഏപ്രിൽ 14,
ശ്രീജിത്ത്, വരാപ്പുഴ
എറണാകുളം വരാപ്പുഴയിൽ വാസുദേവൻ എന്ന ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്രീജിത്ത് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ആന്തരികാവയവങ്ങളടക്കം തകർന്നുപോയ തരത്തിലാണ് പൊലീസ് സ്റ്റേഷനിൽനിന്നും ശ്രീജിത്തിനേറ്റ മർദനങ്ങൾ. ഒടുവിൽ 2018 ഏപ്രിൽ 14ന് ശ്രീജിത്ത് മരണത്തിന് കീഴടങ്ങി. ശ്രീജിത്തിെൻറ മരണം സംസ്ഥാനത്താകമാനം നിരവധി പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി. സംഭവത്തിൽ പറവൂർ സി.ഐ, വരാപ്പുഴ എസ്.ഐ എന്നിവരടക്കം ഒമ്പത് പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരായി.
2018 മേയ് 1,
മനു, കൊട്ടാരക്കര
വരാപ്പുഴയിലെ ശ്രീജിത്തിെൻറ മരണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതുകൊണ്ട് ഒരു കുലുക്കവുമുണ്ടായില്ല. രണ്ടാഴ്ചക്ക് ശേഷം കൊല്ലം കൊട്ടാരക്കരയിൽ അടുത്ത മരണവും നടന്നു. അനധികൃത മദ്യവിൽപന കേസിൽ എക്സൈസുകാർ അറസ്റ്റ്ചെയ്ത മനു എന്ന യുവാവ് റിമാൻഡിലിരിക്കെ മർദനമേറ്റ് മരിച്ചു. എന്നാൽ ശാരീരികാസുഖങ്ങൾമൂലമുള്ള സ്വാഭാവിക മരണമാണിതെന്ന് കാണിച്ച് രക്ഷപ്പെടാനാണ് എക്സൈസുകാർ ശ്രമിച്ചത്.
2018 മേയ് 2,
ഉനൈസ്, പിണറായി
പൊലീസ് മർദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പിണറായിയിലെ ഓട്ടോൈഡ്രവർ ഉനൈസ് ആശുപത്രിയിൽവെച്ച് മരിച്ചു. ഭാര്യാപിതാവിെൻറ പരാതിയിൽ രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസ് ക്രൂരമായ മർദനമുറക്ക് ഇരയാവുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു.
2018 ആഗസ്റ്റ് 3,
അനീഷ്, കളയിക്കാവിള
ലഹരിമരുന്നുകൾ കൈവശംവെച്ചെന്നാരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത തിരുവനന്തപുരം കളയിക്കാവിള സ്വദേശി അനീഷിനെ മെഡിക്കൽ കോളജിലെ തടവുകാരുടെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2018 നവംബർ 3,
സ്വാമിനാഥൻ, കോഴിക്കോട്
മോഷണശ്രമം നടത്തിയെന്ന പേരിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ്ചെയ്ത തമിഴ്നാട് തിരുനെൽവേലി സ്വദേശി സ്വാമിനാഥൻ ആശുപത്രിയിൽവെച്ച് മരിച്ചു. പരിപൂർണ ആരോഗ്യത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാമിനാഥെൻറ മരണകാരണം പൊലീസ് മർദനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
2019 മാർച്ച് 7,
സി.പി. ജലീൽ, വയനാട്
വയനാട്ടിലെ വൈത്തിരി ഉപവൻ റിസോർട്ടിൽ നടന്ന പൊലീസ് വെടിവെപ്പിൽ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടു. മാവോവാദി സംഘം പൊലീസിന് നേരെ വെടിയുതിർത്തതിനാൽ തിരിച്ചു വെടിവെച്ചപ്പോഴാണ് ജലീൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജലീലിന് വെടിയേറ്റതായി കണ്ടെത്തിയ രീതിയും സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും റിസോർട്ട് ജീവനക്കാരുടെ മൊഴിയുമെല്ലാം പൊലീസ് വിശദീകരണങ്ങൾക്ക് വിരുദ്ധമായിരുന്നു.
ജലീൽ കൊല്ലപ്പെട്ടത് പൊലീസിെൻറ ഏകപക്ഷീയമായ വെടിവെപ്പിലൂടെയാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിട്ടും അതിന്മേൽ കാര്യമായ അന്വേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
2019 മേയ് 19,
നവാസ്, കോട്ടയം
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് കോട്ടയം മണർകാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത അരീപ്പറമ്പ് സ്വദേശിയായ നവാസിനെ സ്റ്റേഷെൻറ കക്കൂസിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടു. പൊലീസിനെ മർദിച്ചുവെന്ന കേസിൽ ഇതേ സ്റ്റേഷനിൽതന്നെ മുമ്പ് നവാസിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ പ്രതികാരത്തിെൻറ ഭാഗമായി പൊലീസ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി നവാസിെൻറ ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
2019 ജൂൺ 21,
രാജ്കുമാർ, പീരുമേട്
പീരുമേട് ഹരിത ചിട്ടി തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മൂന്നാംമുറകളടക്കമുള്ള കടുത്ത പൊലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ടത്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം നാല് ദിവസം കോടതിയിൽപോലും ഹാജരാക്കാതെ തുടർച്ചയായി മർദിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 32 മുറിവുകളാണ് രാജ്കുമാറിെൻറ ശരീരത്തിൽ കണ്ടെത്തിയത്. തെളിവുകൾ നശിപ്പിക്കുന്നതിനായി സ്റ്റേഷനിലെ സി.സി.ടി.വി കാമറകളടക്കം ഓഫ് ചെയ്തായിരുന്നു രാജ്കുമാറിനെ പൊലീസ് മർദിച്ചത്.
2019 ഒക്ടോബർ 1,
രഞ്ജിത്ത് കുമാർ, മലപ്പുറം
2019 ഒക്ടോബർ ഒന്നിന് കഞ്ചാവ് കടത്ത് കേസിൽ മലപ്പുറം തിരൂർ കൈമലശേരി തൃപ്പംകോട്ട് മരുമത്തിൽ രഞ്ജിത്ത് കുമാറിനെ എൻഫോഴ്സ്മെൻറ് സ്പെഷൽ സ്ക്വാഡാണ് കസ്റ്റഡിയിലെടുത്തത്. ഗുരുവായൂരിൽനിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന വഴി രഞ്ജിത്ത് മരണപ്പെടുകയായിരുന്നു. അപസ്മാര ലക്ഷണമുണ്ടായിരുന്ന രഞ്ജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്നാണ് എക്സൈസിെൻറ വാദം. എന്നാൽ തലക്കും മുതുകിനുമേറ്റ മർദനമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.
2019 ഒക്ടോബർ 28,
മണിവാസകം, കാർത്തി, അരവിന്ദ്, രമ -അട്ടപ്പാടി
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ 2019 ഒക്ടോബർ 28ന് നടന്ന വെടിവെപ്പിൽ തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാർത്തി, മണിവാസകം എന്നിവർ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലാണ് നടന്നതെന്ന പൊലീസ് വാദത്തിന് വിരുദ്ധമായിരുന്നു നിരവധി തെളിവുകൾ. മാവോവാദികൾ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
2020 ആഗസ്റ്റ് 16,
അൻസാരി, തിരുവനന്തപുരം
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം കരിമഠം കോളനി സ്വദേശി അൻസാരിയെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2020 ജൂലൈ 28,
പി.പി. മത്തായി, ചിറ്റാർ
വനത്തിൽ സ്ഥാപിച്ച കാമറയിലെ മെമ്മറി കാർഡ് എടുത്തെന്ന ആരോപണത്തിൽ ജൂലൈ 28ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഫാം ഉടമ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനത്തിലാണ് മത്തായി കൊല്ലപ്പെട്ടതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് കിണറ്റിൽ തള്ളിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
വനം വകുപ്പിെൻറ വീഴ്ചകൾ അക്കമിട്ടു നിരത്തുന്നതായിരുന്നു കേസിലെ അന്വേഷണ റിപ്പോർട്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയിരുന്നു. വനം വകുപ്പിെൻറ കാമറ മോഷണം പോയെങ്കിൽ പൊലീസിൽ പരാതി നൽകണം, മോഷണം വനംവകുപ്പ് അന്വേഷിക്കേണ്ടതില്ല എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മത്തായിയുടെ കുറ്റസമ്മതം രേഖപ്പെടുത്തിയതിനും തെളിവില്ലെന്നും വൈകീട്ട് 3.50ന് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ മത്തായിയുടെ കസ്റ്റഡി രാത്രി 10 മണിക്കാണ് ജി.ഡിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2020 സെപ്റ്റംബർ 30,
ഷമീർ, വിയ്യൂർ
10 കിലോ കഞ്ചാവുമായാണ് തൃശൂർ വടക്കഞ്ചേരി സ്വദേശികളായ ഷമീർ സുമയ്യ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്സിലെ അമ്പിളിക്കല ഹോസ്റ്റലിൽവെച്ച് ക്രൂര മർദനമേറ്റ ഷമീർ മരണപ്പെടുകയായിരുന്നു. മർദിച്ചതിനുശേഷം ഷമീറിനോട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടാൻ ജയിലധികൃതർ പറഞ്ഞെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്ന് വരുത്തിത്തീർക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഭാര്യ സുമയ്യ ജയിൽമോചിതയായ ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
തലക്കും ശരീരത്തിനുമേറ്റ ക്രൂരമർദനമാണ് ഷമീറിെൻറ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷമീറിെൻറ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ടെന്നും ശരീരത്തിൽ 40ലേറെ മുറിവുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിെൻറ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നുപോയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമാക്കുന്നു.
2020 നവംബർ 3,
വേൽമുരുകൻ, വയനാട്
വയനാട്ടിലെ പടിഞ്ഞാറത്തറയിലുള്ള വാളാരംകുന്നിൽ 2020 നവംബർ 3ന് നടന്ന പൊലീസ് വെടിവെപ്പിൽ തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ എന്ന മാവോവാദി പ്രവർത്തകൻ കൊല്ലപ്പെട്ടു. നേരത്തേ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് സമാനമായ രീതിയിൽ പൊലീസ് വാദങ്ങളിൽ അടിമുടി സംശയങ്ങൾ ജനിപ്പിക്കുന്നതായിരുന്നു വാളാരംകുന്ന് സംഭവത്തിലുമുള്ള പൊലീസിെൻറ വിശദീകരണം.
2021 ജനുവരി 12,
ഷഫീഖ്, കാഞ്ഞിരപ്പള്ളി
സാമ്പത്തിക തട്ടിപ്പ് കേസിൽ ഉദയംപേരൂർ പൊലീസ് അറസ്റ്റ്ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലിരിക്കെ ആന്തരിക രക്തസ്രാവമുണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയയുടെ തൊട്ടുമുമ്പായി അദ്ദേഹം മരിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി തല മുണ്ഡനം ചെയ്തപ്പോഴാണ് ഷഫീഖിന് തലയിലേറ്റ മാരകമായ ആഘാതം ശ്രദ്ധയിൽപ്പെട്ടത്. തലയിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുകയും ചെയ്തു. കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർണ ആരോഗ്യവാനായ ഷഫീഖിനെ പൊലീസുകാർ മർദിച്ചതാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.