കസ്റ്റഡിയോ കീഴടങ്ങലോ? എല്ലാം പൊലീസ് തിരക്കഥ
text_fieldsകണ്ണൂർ: പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ പാർട്ടിയും പൊലീസും നേരത്തേതന്നെ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ഹൈകോടതിയിൽ അപ്പീൽ നൽകി വീണ്ടും ഒളിവിൽ പോകുന്നത് പാർട്ടിക്കും സർക്കാറിനും ക്ഷീണമാകും. സംസ്ഥാനത്ത് മൂന്നിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എ.ഡി.എം നവീൻബാബുവിന്റെ മരണം നടന്ന് രണ്ടാഴ്ചയിലധികം പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞത് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ജാമ്യം നിഷേധിച്ചാൽ ഒട്ടും വൈകാതെ കീഴടങ്ങാൻ പാർട്ടി നിർദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം തള്ളിയാൽ കീഴടങ്ങാമെന്ന ധാരണയുണ്ടാക്കിയത്. ഈ ധാരണ പ്രകാരമാണ് പൊലീസും പ്രവർത്തിച്ചത്.
സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എല്ലാ നീക്കങ്ങളും കൃത്യമായി നടത്തി. പി.പി. ദിവ്യയും അഭിഭാഷകനും അന്വേഷണസംഘത്തിലെ പ്രമുഖനും തലേന്ന് ഇക്കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തു. പിന്നീടുള്ള നീക്കമെല്ലാം കൃത്യം. ജാമ്യം നിഷേധിച്ചയുടൻ അസി. കമീഷണർ ടി.കെ. രത്നകുമാർ തലശ്ശേരി കോടതിയിൽനിന്ന് സിറ്റി പൊലീസ് കമീഷണറുടെ അടുത്തേക്ക് കുതിച്ചു. കമീഷണറുമായി സംസാരിച്ച് നിമിഷങ്ങൾക്കകം അസി. കമീഷണർ ദിവ്യയെ തേടി ഇരിണാവ് ഭാഗത്തേക്ക് പുറപ്പെടുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം കീഴടങ്ങാൻ കണ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തയാറായി നിൽക്കുകയായിരുന്നു അന്നേരം ദിവ്യ. ഇവരുടെ വീട്ടിൽനിന്ന് കണ്ണപുരം സ്റ്റേഷനിൽ എത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് കണ്ണൂരിൽനിന്ന് അസി. കമീഷണറുടെ വാഹനം തൊട്ടു മുമ്പിലെത്തുന്നത്. ഉടൻ കസ്റ്റഡിയിലെടുത്തു. ഇതാണ് ദിവ്യയുടെ കീഴടങ്ങലും പൊലീസിന്റെ കസ്റ്റഡിയും തിരക്കഥയിലെ പ്രധാന രംഗങ്ങൾ. ദിവ്യ ഒളിവിൽ പോയി രണ്ടാഴ്ച പിന്നിട്ടിട്ടും അവരെ തേടി എവിടെയും പോകാത്ത പൊലീസാണ് ജാമ്യ ഹരജി തള്ളിയയുടൻ എന്തോ സാധനം മറന്നത് എടുക്കാൻ പോയപോലെ ദിവ്യയുമായി എത്തിയതെന്നാണ് കൗതുകകരം.
എ.സി.പിയുടെ വാഹനത്തിൽ ദിവ്യയെ അന്വേഷണ സംഘത്തിനുമുന്നിൽ എത്തിച്ചതും അതീവ നാടകീയമായി. ദിവ്യയുമായി എ.സി.പിയുടെ വാഹനം കണ്ണൂരിലേക്ക് വരുമ്പോൾ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു. ദിവ്യ കീഴടങ്ങിയതല്ലെന്നും കസ്റ്റഡിയിലെടുത്തെന്നും സ്ഥിരീകരിച്ച അദ്ദേഹം, ഉടൻ കമീഷണർ ഓഫിസിൽ എത്തിക്കുമെന്നും പറഞ്ഞു. വൻ മാധ്യമപ്പട കാത്തിരിക്കുമ്പോഴാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ക്രൈംബ്രാഞ്ച് ഓഫിസിൽ ദിവ്യയുമായി അസി. കമീഷണർ എത്തിയത്. മാധ്യമങ്ങളുടെ കണ്ണിൽപെടാതിരിക്കാൻ പൊലീസ് ഒരുക്കിയ നാടകമായിരുന്നു ഇത്. ഇങ്ങനെ ദിവ്യയുടെ കസ്റ്റഡിയിലെടുക്കൽ മുതൽ ക്രൈംബ്രാഞ്ചിൽ എത്തിക്കുന്നതുവരെ എല്ലാ നീക്കവും അതീവ തന്ത്രപരമായാണ് പൊലീസ് കൈകാര്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.