ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ നൽകാനുള്ളത് 20.40 കോടി
text_fieldsകൊച്ചി: വീടുകളിലെ ബി.എസ്.എൻ.എൽ ലാൻഡ് ഫോണുകൾ ഗൃഹാതുരത്വം നിറഞ്ഞ ഓർമയായി മാറുമ്പോൾ, അഞ്ച് വർഷത്തിനിടെ വിച്ഛേദിക്കപ്പെട്ടത് 8.12 ലക്ഷം കണക്ഷനുകൾ. ഇതിന്‍റെ ഭാഗമായി കേരളത്തിൽ മാത്രം ഉപഭോക്താക്കൾക്ക് മടക്കി നൽകേണ്ട ഡെപ്പോസിറ്റ് തുകയായ 20.40 കോടി രൂപ കുടിശ്ശികയാണ്. മൊബൈൽ ഫോണുകൾ വ്യാപകമായതോടെയാണ് ലാൻഡ് ഫോൺ കണക്ഷനുകൾ ആളുകൾ ഒഴിവാക്കിത്തുടങ്ങിയത്. ഓഫിസുകളിലാണ് ഇപ്പോൾ കൂടുതലായും ലാൻഡ് ഫോൺ കണക്ഷനുകളുള്ളത്.
ഒരുകാലത്ത് അപേക്ഷ നൽകി കാലങ്ങളോളം കാത്തിരുന്നാണ് കണക്ഷൻ ലഭിച്ചിരുന്നത്. ട്രങ്ക് കാളുകൾ ബുക്ക് ചെയ്ത് കാത്തിരുന്ന് സംസാരിച്ചിരുന്നതുമൊക്കെ പഴയ തലമുറയുടെ ഓർമയിൽ മാത്രമാണുള്ളത്. 2017ൽ 82,606 പേരാണ് കണക്ഷൻ വേണ്ടെന്നുവെച്ചത്. തുടർന്ന് ഓരോ വർഷവും കണക്ഷൻ ഉപക്ഷിക്കുന്നവരുടെ എണ്ണം ലക്ഷങ്ങളായി വർധിച്ചു.
കണക്ഷൻ വിച്ഛേദിച്ച ഉപഭോക്താക്കൾക്ക് അവരുടെ ഡെപ്പോസിറ്റ് തുക തിരിച്ചുകിട്ടാനുള്ള കാലതാമസം ഏറെ പരാതികൾക്ക് ഇടവരുത്തിയിട്ടുണ്ട്. 'ഓൺ യുവർ ടെലിഫോൺ' (ഒ.വൈ.ടി) സ്കീം പ്രകാരം കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് ഡെപ്പോസിറ്റ് തുക ഇനത്തിൽ 2,30185 രൂപ നൽകാനുണ്ടെന്നും കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ബി.എസ്.എൻ.എൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ലാൻഡ് ഫോൺ കണക്ഷൻ ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ടിയിരുന്ന കാലത്ത് ആരംഭിച്ച സ്കീമായിരുന്നു ഇത്. അയ്യായിരം രൂപ അടച്ചാൽ ഒരുമാസത്തിനുള്ളിൽ കണക്ഷൻ ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.